വിഷ്ണുദത്തിന്റെ മരണം :കരിദിനവും ശവപ്പെട്ടിസമരവുമായി കോണ്‍ഗ്രസ്
1571365
Sunday, June 29, 2025 7:00 AM IST
തൃശൂർ: മരണശേഷവും അധിക്ഷേപമെന്നാരോപിച്ച് കോർപറേഷനിലേക്കു ശവപ്പെട്ടിസമരവുമായി കോണ്‍ഗ്രസ് കൗണ്‍സിലർമാർ. മേയറുടെയും കോർപറേഷൻ സെക്രട്ടറിയുടെയും പേരിൽ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ആവശ്യം.
വിഷ്ണുദത്തിന്റെ മരണത്തിൽ കരിദിനം ആചരിച്ച കൗണ്‍സിലർമാർ കറുത്ത ഗൗണും ശവപ്പെട്ടിയുമായി കോർപറേഷനിലേക്കു കയറാൻ ശ്രമിച്ചതു പോലീസ് സംഘം തടഞ്ഞു. തുടർന്നുനടന്ന കുത്തിയിരിപ്പുസമരം പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു.
വിഷണുദത്ത് ബസ് കയറിയാണ് മരിച്ചതെന്നും റോഡിലെ കുഴിമൂലം അല്ലെന്നും കുഴി ഉണ്ടെങ്കിൽതന്നെ അതു കൗണ്‍സിലറുടെ ഉത്തരവാദിത്വമാണെന്നുമുള്ള മേയറുടെ പത്രപ്രസ്താവന ഒളിച്ചോട്ടമാണെന്ന് അദ്ദേഹം ആരോപിച്ചു.
വിഷ്ണുദത്തിന്റെ കുടുംബത്തിനു ധനസഹായം നൽകണം. അമ്മയുടെ ചികിത്സാചെലവും കോർപറേഷൻ ഏറ്റെടുക്കണം. മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണമെന്നും ഇനിയും ഒരപകടവും ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജ്, കൗണ്‍സിലർമാരായ മുകേഷ് കൂളപറന്പിൽ, ശ്യാമള മുരളീധരൻ, ലാലി ജെയിംസ്, സുനിത വിനു, എ.കെ. സുരേഷ്, വിനീഷ് തയ്യിൽ, സിന്ധു ആന്റോ, വില്ലി ജിജോ, റെജി ജോയ് തുടങ്ങിയവർ പങ്കെടുത്തു.