നീന്തൽ പ്രോത്സാഹിപ്പിച്ചാൽ ജലാശയ ദുരന്തങ്ങൾ കുറയ്ക്കാം: മന്ത്രി ബിന്ദു
1571354
Sunday, June 29, 2025 7:00 AM IST
തൃശൂർ: നീന്തൽ അറിയാത്തതുമൂലം മഴക്കാലത്തും മറ്റു സമയങ്ങളിലും അപകടങ്ങൾ ഉണ്ടാവുകയും ആളുകൾ മരണപ്പെടുകയും ചെയ്യുന്ന സഹചര്യമുള്ളതായും നീന്തൽപഠനത്തെ പ്രോത്സാഹിപ്പിച്ചാൽ ജലാശയ ദുരന്തങ്ങൾ ഒഴിവാക്കാനാവുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു.
ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ സബ് ജൂണിയർ, ജൂണിയർ വിദ്യാർഥികളുടെ നീന്തൽ ചാന്പ്യൻഷിപ്പ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
എംഎൽഎ ഫണ്ടും മറ്റും ഉപയോഗിച്ച് ജില്ലാ അക്വാട്ടിക് കോംപ്ലക്സിലെ സ്വിമ്മിംഗ് പൂളിലെ ട്രസ് വർക്ക് അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷനായി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രവീന്ദ്രൻ, ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് റാഫി ആന്റണി, വൈസ് പ്രസിഡന്റ് സി. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.