വെള്ളക്കെട്ട്; പഞ്ചായത്തിലേക്ക് കോൺഗ്രസ് മാർച്ച്
1571339
Sunday, June 29, 2025 6:59 AM IST
പള്ളിവളവ്: കോൺഗ്രസ് മതിലകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതിലകം ഗ്രാമപഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥിതി, കാനകളുടെ മഴക്കാലപൂർവ ശുചീകരണം കൃത്യമായി നടപ്പാക്കാത്തതിനെതിരേയുമാണ് കോൺഗ്രസ് പ്രതിഷേധം നടത്തിയത്.
മതിലകം സെന്റർ, വില്ലേജ് ഓഫീസ്, ചെമ്പൈ പാടം, സലഫി മസ്ജിദ്, സെന്റ് ജോസഫ് ഹൈസ്കൂൾ തുടങ്ങിയ പ്രദേശങ്ങൾ അശാസ്ത്രീയമായ കാനനിർമാണംകൊണ്ടും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ അലംഭാവംകൊണ്ടും മഴവെള്ളം കൃത്യമായി ഒഴിഞ്ഞുപോകാത്ത അവസ്ഥയിലാണുള്ളതെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. മതിലകം സെന്ററിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.
തുടർന്നുനടന്ന പ്രതിഷേധ ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുനില്‍ പി.മേനോൻ ഉദ്ഘാടനംചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എസ്. ശശി അധ്യക്ഷതവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ മുഖ്യപ്രഭാഷണംനടത്തി. ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ ഒ.എ. ജെന്ററിൻ, പി.എ. റാഫി, ജമാൽ പാമ്പിനെഴുത്ത് എന്നിവർ പ്രസംഗിച്ചു.