റോഡുകളുടെ ദുരവസ്ഥ; നാട്ടുകാർ പ്രതിഷേധത്തിലേക്ക്
1571338
Sunday, June 29, 2025 6:59 AM IST
എടത്തിരുത്തി: റോഡുകളുടെ ദുരവസ്ഥയാലുള്ള തീരാദുരിതംമൂലം നാട്ടുകാർ പ്രതിഷേധത്തിലേക്ക്. ചെന്ത്രാപ്പിന്നി മേഖലയിലാണ് നിരവധി റോഡുകൾ തകർന്ന് കുണ്ടുംകുഴികളുമായി ഈ മഴക്കാലത്ത് യാത്രക്കാർക്ക് തീരാദുരിതം സൃഷ്ടിക്കുന്നത്.
നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെയുളള യാത്രക്കാർ സഞ്ചരിക്കുന്ന എസ്എൻ വിദ്യാഭവൻ കിഴക്കേ റോഡിന്റെ അവസ്ഥയാണ് ഏറെ ദുരിതം സൃഷ്ടിക്കുന്നത്. കാൽനടയാത്രികരുടെ വസ്ത്രങ്ങളിൽ ചെളി തെറിക്കുന്നത് ഇവിടെ സ്ഥിരംകാഴ്ചയാണ്. റോഡുകളിലെ കുഴി കാരണം ധൈര്യമായി ഇരുചക്രവാഹന യാത്രികർക്ക് സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥ കൂടെയുണ്ട്.
പഞ്ചായത്തിലെ ബാലവാടി റോഡിന്റെ കാര്യവും ഇതിൽനിന്നു വിഭിന്നമല്ല. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു വരുംദിവസങ്ങളിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ അറിയിച്ചു. കവുങ്ങ്, കപ്പ തുടങ്ങിയവ റോഡിലെ കുഴികളിൽ നട്ടുകൊണ്ടായിരിക്കും പ്രതിഷേധം. പഞ്ചായത്ത് അധികൃതരേയും ജനപ്രതിനിധികളേയും റോഡിന്റെ അപകടാവസ്ഥയെക്കുറിച്ച് അറിയിച്ചിട്ടും ഇതേവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.