പാലയൂർ ദുക്റാന - തർപ്പണ തിരുനാൾ ജൂലൈ മൂന്നുമുതൽ
1571358
Sunday, June 29, 2025 7:00 AM IST
പാലയൂർ: മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ ദുക്റാന - തർപ്പണ തിരുനാൾ ജൂലൈ മൂന്നു മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു. മൈലാപ്പൂരിൽ മാർ തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ചതിന്റെ ഓർമപുതുക്കുന്ന ദുക്റാന ദിനത്തിലാണു പ്രസിദ്ധമായ ദുക്റാന ഊട്ട്. പപ്പടം, പഴം, പായസം ഉൾപ്പടെ ഏഴുവിഭവങ്ങളാണു വിളമ്പുക.
പതിനായിരങ്ങൾ പങ്കെടുക്കുന്ന ഊട്ടിൽ തീർഥാടകരുടെ സൗകര്യത്തിനായി ഭക്ഷണ വിതരണത്തിനായി വിശാലമായ പന്തലും അഞ്ചു കൗണ്ടറുകളും പാർസൽ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ, ട്രസ്റ്റി ചാക്കോ പുലിക്കോട്ടിൽ, ജനറൽ കൺ വീനർ ടി.ജെ. ഷാജു, തീർഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത് എന്നിവർ പറഞ്ഞു. രാവിലെ എട്ടുമുതൽ വൈകീട്ട് വരെയാണ് നേർച്ച ഭക്ഷണവിതരണം. അരലക്ഷത്തോളം തീർഥാടകരെയാണു പ്രതീക്ഷിക്കുന്നത്.
12, 13, 14 തിയതികളിലായി ആഘോഷിക്കുന്ന തർപ്പണ തിരുനാളിന്റെ കൊടിയേറ്റം ദുക്റാന ദിനത്തിൽ രാവിലെ 9.30ന് ബിഷപ് മാർ ബോസ്കോ പുത്തൂർ നിർവഹിക്കും. ദുക്റാന തിരുനാളിന്റെ ഭാഗമായി രാവിലെ 6.30 മുതൽ വിവിധ സമയങ്ങളിലായി ആറ് ദിവ്യബലിയുണ്ട്. ഇതിൽ ഉച്ചകഴിഞ്ഞ് 2.30ന് ബലി അർപ്പിക്കുന്നത് അമേരിക്കയിലെ ഡഫ് മിനിസ്ട്രിയിൽ പ്രവർത്തിക്കുന്ന കേൾവിയും സംസാരശേഷിയും ഇല്ലാത്ത വൈദികനായ ഫാ. മിഖായേലാണ്.
തർപ്പണ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി 12ന് രാവിലെ എഴുന്നള്ളിപ്പുകൾ ആരംഭിക്കും. വൈകീട്ട് 5.30 ന് കൂടുതുറക്കൽ ശുശ്രൂഷ, രാത്രി എഴുന്നള്ളിപ്പ് സമാപനം, ദീപക്കാഴ്ച, വെട്ടിക്കെട്ട്. 13 ന് രാവിലെ 10 ന് തിരുനാൾ പാട്ടുകുർബാന. രണ്ടിനു ള്ള സമൂഹ മാമ്മോദീസയ്ക്ക് ബി ഷപ് മാർ ടോണി നീലങ്കാവിൽ കാർമികത്വം വഹിക്കും. വൈകീ ട്ട് ദിവ്യബലി, പ്രദക്ഷിണം തുടങ്ങിയവ ഉണ്ടാകുമെന്ന് കൺവീനർമാരായ ബോബ് ഇലവത്തിങ്കൽ, സി.ഡി. ജോസ്, പിആർഒ ജെഫിൻ ജോണി എന്നിവർ അറിയിച്ചു.