സർക്കാരിനു മദ്യലോബിയോടു വിധേയത്വം: ഡോ. വിൻസെന്റ് മാളിയേക്കൽ
1571350
Sunday, June 29, 2025 6:59 AM IST
തൃശൂർ: മദ്യത്തെ ലഹരിവസ്തുവായി കാണാത്തതിന്റെയും ലഹരിവിരുദ്ധപ്രതിജ്ഞയിൽപ്പോലും മദ്യം എന്ന വാക്ക് ഒഴിവാക്കിയതിന്റെയും കാരണം സർക്കാർ വ്യക്തമാക്കണമെന്നു കേരള മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സെകട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ.
ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ മദ്യനിരോധനസമിതി സംഘടിപ്പിച്ച ലഹരിവിരുദ്ധറാലിയുടെ സമാപനയോഗം ചാലക്കുടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ലഹരിവസ്തു മദ്യമാണ്. ഏറ്റവും കൂടുതൽ പണം ചെലവഴിക്കപ്പെടുന്ന ലഹരിവസ്തു മദ്യമാണ്.
സംസ്ഥാനത്തെ പോലീസ് കേസുകൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ, വാഹനാപകടങ്ങൾ, കുടുംബത്തകർച്ചകൾ ഇവയ്ക്കെല്ലാം ഏറ്റവും കൂടുതൽ കാരണമാകുന്ന ലഹരിവസ്തുവും മദ്യമാണ്. എന്നിട്ടും, മദ്യം ലഹരിവസ്തുവാണെന്ന് അംഗീകരിക്കുവാൻപോലും സർക്കാർ തയാറാകുന്നില്ല. മദ്യം ഗൗരവമുള്ള ഒരു വിഷയമേ അല്ലെന്നുഭാവിച്ച്, മറ്റു ലഹരികൾക്കെതിരേമാത്രം നടത്തുന്ന കാന്പയിൽ വെളിപ്പെടുത്തുന്നതു മദ്യലോബിയോടുള്ള സർക്കാരിന്റെ വിധേയത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി പി.എം. ഹബീബുള്ള മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോണ്‍ പോൾ ഇയ്യനം, മാർട്ടിൻ പേരേക്കാടൻ, കെ.എ. ഗോവിന്ദൻ, ജോസ് കോച്ചേക്കാടൻ, തോമസ് കരിപ്പായി എന്നിവർ പ്രസംഗിച്ചു.
ഒല്ലൂർ സെന്ററിൽ കോർപറേഷൻ കൗണ്‍സിലർ ലാലി ജയിംസ് ക്യാപ്റ്റൻ ആന്റണി പന്തല്ലൂക്കാരനു പതാക കൈമാറിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്.