റഗുലേറ്റര്‍ ബ്രിഡ്ജില്‍ കുരുങ്ങിയ മരങ്ങള്‍ നീക്കി
1571340
Sunday, June 29, 2025 6:59 AM IST
മറ്റത്തൂര്‍: കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജില്‍ അടിഞ്ഞുകൂടിയ മരങ്ങള്‍ യന്ത്രസഹായത്തോടെ നീക്കംചെയ്തു. കനത്തമഴയെ തുടര്‍ന്ന് പുഴയിലൂടെ ഒഴുകിവന്ന മരങ്ങളാണ് പാലത്തില്‍ അടിഞ്ഞുകൂടിയത്. ഈവര്‍ഷം ഇത് മൂന്നാംതവണയാണ് പാലത്തിനു ചുവട്ടില്‍നിന്ന് മരങ്ങള്‍ നീക്കുന്നതെന്ന് വരന്തരപ്പിള്ളി പഞ്ചായത്തംഗം ടി.ജി. അശോകന് പറഞ്ഞു. വനമേഖലയിലൂടെ ഒഴുകുന്ന ചിമ്മിനി, മുപ്ലി പുഴകളിലേക്ക് കാറ്റിലും മഴയിലും ഒടിഞ്ഞുവീഴുന്ന മരങ്ങളാണ് ഇങ്ങനെ വന്നടിയുന്നത്. റബര്‍ തോട്ടങ്ങളില്‍നിന്നുള്ള മരങ്ങളും പുഴയില്‍ വീഴാറുണ്ട്.
പാലത്തില്‍ വന്നടിയുന്ന മരങ്ങള്‍ നീരൊഴുക്ക് തടസപ്പെടുത്തി മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ പുഴയോരത്തുള്ളവര്‍ക്ക് ദുരിതം സൃഷ്ടിക്കുന്നതു തടയാനാണ് ഇങ്ങനെ മരങ്ങള്‍ നീക്കംചെയ്യുന്നത്. മേജര്‍ ഇറിഗേഷന്‍ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുള്ള കരാറുകാരനാണ് തൊഴിലാളികളെ നിയോഗിച്ച് പുഴയില്‍നിന്ന് മരത്തടികളും മറ്റും നീക്കുന്നത്.