പ്രിയദർശിനി പബ്ലിക് ലൈബ്രറി ഉദ്ഘാടനം ജൂലൈ ഒന്നിന്
1571356
Sunday, June 29, 2025 7:00 AM IST
തൃശൂർ: തളിക്കുളം സ്നേഹതീരത്തു നവീകരിച്ച പ്രിയദർശിനി പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനവും പ്രഥമ പ്രിയദർശിനി പുരസ്കാരസമർപ്പണവും ജൂലൈ ഒന്നിനു നടക്കുമെന്നു പ്രിയദർശിനി സ്മാരകസമിതി പ്രസിഡന്റും മുൻ എംപിയുമായ ടി.എൻ. പ്രതാപൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചകഴിഞ്ഞു മൂന്നിന് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാൽ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം റാപ്പ് ഗായകൻ വേടൻ (ഹിരണ്‍ദാസ് മുരളി) ഏറ്റുവാങ്ങും.
ചടങ്ങിൽ പദ്മപ്രഭ പുരസ്കാരജേതാവ് ആലങ്കോട് ലീലാകൃഷ്ണനെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ സി.സി. മുകുന്ദൻ എംഎൽഎയും ആദരിക്കും. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്രശസ്തിപത്രം കൈമാറും.
ലൈബ്രറി സെക്രട്ടറി ഗഫൂർ തളിക്കുളം, ലൈബ്രറി കൗണ്‍സിൽ മുൻഅംഗം സുനിൽ ലാലൂർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.