സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
1571471
Monday, June 30, 2025 12:05 AM IST
പഴയന്നൂർ: വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിൽ സ്കൂട്ടർ തോട്ടിലേക്കുമറിഞ്ഞ് യുവാവ് മരിച്ചു. ചേലക്കോട് സെന്ററിനു 300 മീറ്റർ അകലെ കഴിഞ്ഞദിവസം അർധരാത്രിയോടെ നിയന്ത്രണംവിട്ട സ്കൂട്ടർ പാതയോരത്തെ തോട്ടിലേക്കുമറിഞ്ഞ് സ്കൂട്ടർ ഓടിച്ച വെങ്ങാനെല്ലൂർ സ്വദേശി മിഥുൻ(28) ആണ് മരിച്ചത്.
സെവന്ത് ഡേ ആശുപത്രിയിൽ കഴിയുന്ന സഹപ്രവർത്തകൻ രാഹുലിനെ സന്ദർശിക്കാൻ രാഹുലിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിൽ സഞ്ചരിക്കുന്പോഴാണ് അപകടം സംഭവിച്ചത്.
രാത്രികാല പട്രോളിംഗ് നടത്തിയിരുന്ന പോലീസ് സംഘത്തെ അതുവഴിപോയ കാർ യാത്രികനാണ് അപകടവിവരം അറിയിച്ചത്. ഉടൻ നാട്ടുകാരും പോലീസും ചേർന്ന് മിഥുനെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് ജീവോദയ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മാതാവ്: ഭാർഗവി. ഭാര്യ: ആതിര. സഹോദരി: മിതു.