മികച്ച ജീവിതമാർഗം കണ്ടെത്താൻ നൈപുണ്യവും വേണം: മന്ത്രി
1571343
Sunday, June 29, 2025 6:59 AM IST
മതിലകം: ലക്ഷ്യബോധത്തോടെ അറിവും വിവേകവും ഇച്ഛാശക്തിയും ഉള്ളവരായിരിക്കണം പുതുതലമുറയെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു.
കയ്പമംഗലം നിയോജകമണ്ഡലം വിദ്യാഭ്യാസസമിതി അക്ഷരകൈരളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എംഎൽഎ വിദ്യാഭ്യാസ പുരസ്കാരദാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസയോഗ്യതകൾക്കൊപ്പം നൈപുണ്യവും ഉണ്ടെങ്കിലേ ഈ കാലഘട്ടത്തിൽ മികച്ച ജീവിതമാർഗം കണ്ടെത്താൻ കഴിയുകയുള്ളൂ. കാലഘട്ടത്തിനനുസൃതമായി പ്രവർത്തിക്കാൻ പ്രാപ്തരാവുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷതവഹിച്ചു. ഗോപിനാഥ് മുതുകാട് കുട്ടികളുമായി സംവദിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സീനത്ത് ബഷീർ, എം.എസ്. മോഹനൻ, തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പൊതുപരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കയ്പമംഗലം മണ്ഡലത്തിലെ വിദ്യാർഥികളെയും 100 ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെയും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് വിജയികളെയുമാണ് അനുമോദിച്ചത്. കൂടാതെ കഴിഞ്ഞ അധ്യയനവർഷം സർവീസിൽനിന്നു വിരമിച്ച മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും പ്രത്യേക ആദരവുനൽകി.