ജൂബിലിയിൽ അന്താരാഷ്ട്ര മൈക്രോബയോം ദിനം ആചരിച്ചു
1571364
Sunday, June 29, 2025 7:00 AM IST
തൃശൂർ: മനുഷ്യശരീരത്തിലും പരിസ്ഥിതിയിലുമുള്ള അണുജീവികളാണ് നമ്മുടെ ആരോഗ്യവും സുഖജീവിതവും സാധ്യമാക്കുന്നതെന്നും അവയെപ്പറ്റി പഠിക്കാനും ബോധവത്കരിക്കാനുമാണ് മൈക്രോബയോം ദിനം ആചരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ പദ്മശ്രീ എം. ചന്ദ്രദത്തൻ.
അന്താരാഷ്ട്ര മൈക്രോബയോം ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ എക്സലൻസ് ഇൻ മൈക്രോബയോമും (സിഒഇഎം) ജൂബിലി മിഷൻ മെഡിക്കൽ കോളജും ഗവേഷണകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച മൈക്രോബയോം ആൻഡ് ഹ്യൂമൻ ഹെൽത്ത് എന്ന വിഷയത്തെ ആസ്പദമാക്കിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്തരീക്ഷത്തിലും സമുദ്രത്തിലും വലിയ തോതിലുള്ള അണുജീവികൾ നിലവിലുണ്ട്. കാലാവസ്ഥാവ്യതിയാനംമൂലം മഞ്ഞുരുകിവരുന്പോൾ നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും നമ്മൾ അറിയാത്തതുമായ നൂറുകണക്കിന് അണുജീവികൾ നമ്മുടെ ജലാശയത്തിലേക്ക് എത്തുന്നതുവഴി പാരിസ്ഥിതികമാറ്റങ്ങൾക്കു കാരണമാകുന്നു. ഇതു നമ്മുടെ ജീവനും ആരോഗ്യത്തിനും പരമപ്രധാനമാണ്. ഇനിയുള്ള പഠനങ്ങൾ ഇവയെ സംബന്ധിച്ചാകുമെന്നു ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേരള ഫിഷറീസ് യൂണിവേഴ്സിറ്റിവൈസ്ചാൻസലർ ഡോ. എ. ബിജുകുമാർ അഭിപ്രായപ്പെട്ടു.
ജൂബിലി മെഡിക്കൽ കോളജിലെ മദർ തെരേസ ഹാളിൽ നടന്ന ചടങ്ങിൽ ജൂബിലി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അധ്യക്ഷത വഹിച്ചു. ജൂബിലി റിസർച്ച് ഡയറക്ടർ ഡോ. ഡി.എം. വാസുദേവൻ, സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം ഡയറക്ടർ ഡോ. സാബു തോമസ്, ഡോ. അപർണ ശങ്കർ, ജൂബിലി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, സിഒഇഎം സയന്റിസ്റ്റ് ഡോ. കാർത്തിക, ജൂബിലി സെന്റർ ഫോർ മെഡിക്കൽ റിസർച്ച് സയന്റിസ്റ്റ് ഡോ. മാത്യു ജോണ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് വിവിധ മൈക്രോബയോ വിഷയങ്ങളെ അടിസ്ഥാനമാക്കി ഡോ. ബേബി ചക്രപാണി, ഡോ. ശങ്കർ റാം, ഡോ. മഹേഷ് എസ്. കൃഷ്ണ, ഡോ. അലക്സ് ജോർജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. നാല്പതിൽപ്പരം സ്ഥാപനങ്ങളിൽനിന്നായി മുന്നൂറോളം പേർ സെമിനാറിൽ പങ്കെടുത്തു.