നഗരസഭയ്ക്ക് ജപ്തി നോട്ടീസ്: യുഡിഎഫ് ഇറങ്ങിപ്പോയി
1571345
Sunday, June 29, 2025 6:59 AM IST
ഗുരുവായൂർ: പടിഞ്ഞാറെ നടയിലെ നഗരസഭയുടെ ലോഡ്ജ് നടത്തിയിരുന്ന സ്വകാര്യ വ്യക്തി വാട്ടർ അഥോറിറ്റിക്ക് കുടിശിക വരുത്തിയതിനെ തുടർന്ന് നഗരസഭയ്ക്ക് ജപ്തി നോട്ടീസ് വന്ന സംഭവത്തിൽ അടിയന്തര പ്രാധാന്യം കണക്കാക്കി വിഷയം ആദ്യം ചർച്ച ചെയ്യണം എന്ന യുഡിഫ് ആവശ്യം നിരസിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി.
അജൻഡ തുടങ്ങുന്നതിന് മുൻപ് ഈ വിഷയത്തിൽ വിശദമായ ചർച്ചവേണമെന്ന ആവശ്യവുമായി നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്റെ നേതൃത്വത്തിൽ യുഡിഎഫ് ബഹളംവച്ചു. എന്നാൽ ഈ വിഷയം 19-ാം അജൻഡയായി ഉൾപ്പെട്ടിട്ടുള്ളതിനാൽ ആദ്യം ചർച്ചചെയ്യാൻ കഴിയില്ലെന്ന് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അറിയിച്ചു.
നഗരസഭ ഓഫീസിനെ ജപ്തി യിലേക്കെത്തിച്ച നഗരസഭയ്ക്ക് അവാർഡ് സമ്മാനിക്കുന്നു എന്ന് എഴുതിയ ട്രോഫിയുമായാണ് യുഡിഎഫ് കൗൺസിലിനെത്തിയത്. നഗരസഭ റസ്റ്റ് ഹൗസ് കെട്ടിടം ലീസിനെടുത്ത് നടത്തിയിരുന്ന എ. ഗോവിന്ദൻ കുടിവെള്ള കുടിശിക വരുത്തിയ 9.78ലക്ഷം നൽകിയില്ലെങ്കിൽ ജപ്തി നടപടി സ്വീകരിക്കുമെന്ന റവന്യുവകുപ്പിന്റെ കത്ത് 19-ാം അജൻഡയായി കൗൺസിൽ ചർച്ച ചെയ്തു.
സംഭവത്തിൽ നിയമോപദേശം തേടുന്നതിനും കരാർ എടുത്ത ഗോവിന്ദൻ മരിച്ച സാഹചര്യത്തിൽ അനന്തരാവകാശികളിൽനിന്ന് തുക ഈടാക്കുന്നതിന് നിയമ നടപടികൾ സ്വീകരിക്കുന്നതിന് കൗൺസിൽ തീരുമാനിച്ചു.
നഗരസഭയുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ബസ് സ്റ്റാൻഡും സ്ട്രീറ്റ് ഷോപ്പിംഗ് കോംപ്ലക്സും ആദ്യഘട്ടം പൂർത്തിയാകുന്ന മുറയ്ക്ക് പൊതുജനങ്ങൾക്കു തുറന്നുകൊടുക്കാൻ തീരുമാനിച്ചു.
കൗൺസിൽ യോഗത്തിൽ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷനായി. വൈസ് ചെയർമാൻ അനീഷ്മ ഷനോജ്, എ.എം. ഷെഫീർ, എ.എസ്. മനോജ്, ശോ ഭ ഹരിനാരായണൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.