പുതുമോടിയിൽ കൈരളി, ശ്രീ തിയേറ്റർ
1571542
Monday, June 30, 2025 1:45 AM IST
തൃശൂർ: നവീകരണം പൂർത്തിയാക്കിയ കൈരളി - ശ്രീ തിയേറ്റർ ഉദ്ഘാടനം ജൂലൈ ഒന്നിന്. രാവിലെ 11നു സാംസ്കാരികമന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. ലോകോത്തര സാങ്കേതികവിദ്യയോടുകൂടിയ ആർജിബി 4-കെ ലേസർ പ്രൊജക്ഷൻ, ഹ്യൂഗോ സിൽവർ സ്ക്രീൻ, 36 ചാനലുകളോടുകൂടിയ ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനം, പുഷ്ബാക്ക് സീറ്റുകൾ, പ്ലാറ്റിനം സോഫ സീറ്റുകൾ എന്നിവയും ഒരുക്കി.
കൈരളി തിയേറ്ററിൽ 33 ബാൽക്കണി പ്ലാറ്റിനം സോഫ സീറ്റുകൾ ഉൾപ്പെടെ 519 സീറ്റുകളും, ശ്രീ തിയേറ്ററിൽ 36 പ്ലാറ്റിനം സോഫ സീറ്റുകൾ ഉൾപ്പെടെ 327 സീറ്റുകളും ഒരുക്കി. ഒരേസമയം എണ്ണൂറിൽപരം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന തിയേറ്ററിൽ സിനിമാ ആസ്വാദകർക്കായി ശീതീകരണ സംവിധാനത്തോടു കൂടിയ ബേബി ഫീഡിംഗ് റൂമുകൾ, ലിഫ്റ്റ്, കഫെറ്റീരിയ, വെയ്റ്റിംഗ് ഏരിയ, ഗസ്റ്റ് റൂം, ടോയ്ലറ്റ്, വാഹന പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിസൗഹൃദമായാണു നിർമാണം.
മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, പി. ബാലചന്ദ്രൻ എംഎൽഎ, കെ. രാധാകൃഷ്ണൻ എംപി, കോർപറേഷൻ മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ, സാംസ്കാരികവകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, കൗണ്സിലർമാരായ പൂർണിമ സുരേഷ്, അനൂപ് ഡേവിഡ് കാട, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ, സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ, ഐഎഫ്എഫ്ടി ജനസംസ്കാര ചലച്ചിത്രകേന്ദ്രം ഡയറക്ടർ ചെറിയാൻ ജോസഫ് എന്നിവർ പങ്കെടുക്കും.
ഉദ്ഘാടനത്തിനു മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രിയദർശനൻ, ചലച്ചിത്ര സംവിധായകനും ഡയറക്ടർ ബോർഡ് അംഗവുമായ എം.എ. നിഷാദ്, ഡയറക്ടർ ബോർഡ് അംഗം മെൽവിൻ മാത്യു, സൗണ്ട് എൻജിനീയർ എസ്. രാധാകൃഷ്ണൻ, കന്പനി സെക്രട്ടറി ജി. വിദ്യ, മെയിന്റനൻസ് എൻജിനീയർ അർച്ചന പ്രഭു എന്നിവർ പങ്കെടുത്തു.