ഡോക്ടർമാരില്ല; ഉള്ളവർക്ക് ഇരട്ടിപ്പണി
1572057
Wednesday, July 2, 2025 1:14 AM IST
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി വിഭാഗമടക്കം പ്രധാനപ്പെട്ട വകുപ്പുകളിൽ മേധാവികളില്ല. സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തെ വകുപ്പായി ഉൾപ്പെടുത്താത്തതിനാൽ പ്രഫസർതസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. പിജി വിദ്യാർഥികൾക്കു പഠിക്കാനുള്ള സാഹചര്യമില്ലെന്നും പരാതി.
യോഗ്യരായ പെർഫ്യൂഷനിസ്റ്റുകളില്ലാതെ ഹൃദയംതുറന്നുള്ള ശസ്ത്രക്രിയയും ഒരുമാസമായി മുടങ്ങി. ആഴ്ചയിൽ രണ്ടു ഹൃദയ ശസ്ത്രക്രിയകളാണു നടത്തിയിരുന്നത്. രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു ഡോക്ടറെത്തിയത്. ശസ്ത്രക്രിയകൾ തുടങ്ങാതിരിക്കാൻ നിരവധി തടസങ്ങളും ഉയർന്നു. ഡോക്ടറുടെ നിശ്ചയദാർഢ്യത്തിലാണു സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരുന്ന ശസ്ത്രക്രിയ സൗജന്യനിരക്കിൽ ചെയ്യുന്നത്. ശസ്ത്രക്രിയ നടത്തുന്പോൾ യന്ത്രസഹായത്തിലാണു ജീവൻ നിലനിർത്തുക. ഇതിനു യോഗ്യതയുള്ള പെർഫ്യൂഷനിസ്റ്റുകൾ ഇല്ല.
മൂന്നുപേരെ നിയമിച്ചെങ്കിലും ഒരാൾ വിദേശത്തുപോയി. ആശുപത്രി വികസനപദ്ധതിയിൽ ഒരാളെ നിയമിച്ചെങ്കിലും ആവശ്യത്തിനു യോഗ്യതയില്ലെന്നാണ് ആരോപണം. ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഡോക്ടർ നടത്തിയ പരിശോധനയിലാണു പെർഫ്യൂഷനിസ്റ്റിനു യന്ത്രം ഉപയോഗിക്കാൻ പരിജ്ഞാനമില്ലെന്ന് അറിഞ്ഞത്. രോഗിയുടെ ജീവൻ നഷ്ടമാകാൻ സാധ്യതയുള്ളതിനാൽ തീരുമാനമുണ്ടാകുന്നതുവരെ ശസ്ത്രക്രിയകൾ നിർത്തിവയ്ക്കാൻ ഡോക്ടർ നിർബന്ധിതനാകുകയായിരുന്നു. ഒരുമാസമായിട്ടും പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞില്ല. 60 രോഗികളാണ് ശസ്ത്രക്രിയയ്ക്ക് ഊഴംകാത്തിരിക്കുന്നത്.
സൂപ്പർ സ്പെഷാലിറ്റി വിദഗ്ധരുടെ സേവനമുള്ള ഗ്യാസ്ട്രോളജി, യൂറോളജി, ന്യൂറോളജി, നെഫ്രോളജി, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിൽ ഒരു ഡോക്ടറുടെ സേവനമാണുള്ളത്. യൂറോളജി ഡോക്ടർ കൊച്ചി, തൃശൂർ മെഡിക്കൽ കോളജുകളിലാണു ജോലിചെയ്യുന്നത്. ആഴ്ചയിൽ അഞ്ചുദിവസം തൃശൂരിലും ഒരുദിവസം കൊച്ചിയിലും. ഏക വാതരോഗവിദഗ്ധനായ ഡോക്ടർ കോട്ടയത്തും തൃശൂരിലുമായി ജോലിചെയ്യുന്നു. രണ്ടു ഡോക്ടർമാരുണ്ടായിരുന്ന ഗ്യാസ്ട്രോളജി വിഭാഗത്തിൽ ഒരാളാണുള്ളത്. അസോസിയേറ്റ് പ്രഫസറെ സ്ഥലംമാറ്റി പകരംവച്ച ഡോക്ടർ അമിതജോലിഭാരത്താൽ പ്രതിസന്ധിയിലാണ്.
ഗ്യാസ്ട്രോളജിയിലടക്കം ഒപിയിലെത്തുന്ന രോഗികളുടെ എണ്ണം കുറച്ചു. 200 കോടി രൂപ ചെലവിട്ടു സൂപ്പർ സ്പെഷാലിറ്റി സമുച്ചയവും അനുബന്ധസൗകര്യങ്ങളും ഒരുക്കിയെങ്കിലും രോഗികൾക്കു ഗുണമില്ല. താത്കാലികമായി ഡോക്ടർമാരെ നിയമിക്കാൻ ഇന്നലെ അപേക്ഷ ക്ഷണിച്ചതുമാത്രമാണു പുരോഗതി. നിരവധി കാൻസർരോഗികൾ എത്തുന്ന നെഞ്ചുരോഗാശുപത്രിയിലും പ്രതിസന്ധി രൂക്ഷമാണ്.