ജെയിംസ് വളപ്പിലയ്ക്കു തൃശൂരിൽ പൗരസ്വീകരണം
1572059
Wednesday, July 2, 2025 1:14 AM IST
തൃശൂർ: ആതുരസേവന രംഗത്ത് മികവുറ്റ സേവനം കാഴ്ചവച്ച അഞ്ചു വനിതകളെ ആദരിക്കുന്ന ചടങ്ങും വനിതാസമ്മേളനവും നടന്നു. ചടങ്ങിൽ ലയണ്‍സ് കേരള മൾട്ടിപ്പിൾ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പിലയ്ക്ക് പൗരസ്വീകരണവും നൽകി. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.
തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കല്യാണ്‍ സിൽക്സ് എംഡി ടി.എസ്. പട്ടാഭിരാമൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു പങ്കെടുത്തു.
തുടർന്ന് കോർപറേഷനിലെ മുന്നൂറിൽപരം ഹരിതകർമസേന അംഗങ്ങൾക്ക് ലയണ്‍സ് ഹൃദയപൂർവം ഗിഫ്റ്റ് ഓഫ് ജോയ് സമ്മാനമായി സാരികൾ നൽകി. പൗരാവലി പുരസ്കാരം മേയർ എം.കെ. വർഗീസ് ജെയിംസ് വളപ്പിലയ്ക്ക് സമ്മാനിച്ചു.
വിവിധ വിഭാഗങ്ങളിലെ ജോയ് ഓഫ് ഹ്യുമാനിറ്റേറിയൻ അവാർഡുകൾ സെന്റ് ജോസഫ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലെറ്റീഷ്യ, പാലിയേറ്റീവ് വർക്കർ എം.പി. പ്രീതി, ആശ്രയഭവൻ ഡയറക്ടർ ലീന പീറ്റർ, ആശാ വർക്കറായ പ്രീതി സതീഷ്, കുടുംബശ്രീയിലെ അംബിക സോമൻ എന്നിവർക്ക് സമ്മാനിച്ചു.
മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ എം.ഡി. ഇഗ്നേഷ്യസ്, ഇ.ഡി. ദീപക്ക്, ജോസഫ് ജോണ്‍, സീനിയർ ചേംബർ നാഷണൽ ലീഡർമാരായ എൻ.ഐ. വർഗീസ്, ഹംസ അലി, കെ3എ പ്രതിനിധി ജോസ് വള്ളൂർ, പ്ലാറ്റൂണ്‍ ക്ലബ് സെക്രട്ടറി സോജൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ വിവിധ സംഘടനകൾ ജെയിംസ് വളപ്പിലയെ ആദരിച്ചു.
ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണറായി സ്ഥാനമേറ്റതിനുശേഷം ഇന്ത്യയിലെ തന്നെ മികച്ച ഗവർണറായി സമസ്തമേഖലകളിലും നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിയതിന്റെ അംഗീകാരമായാണ് ലയണ്‍സ് കേരള മൾട്ടിപ്പിൾ സെക്രട്ടറി എന്ന പുതിയ സ്ഥാനത്തിനു ജെയിംസ് വളപ്പില അർഹനായത്.