മണലിത്തറയിലെ അങ്കണവാടികെട്ടിടത്തിന് 10 വർഷമായിട്ടും അനുമതി ലഭിച്ചില്ല
1572066
Wednesday, July 2, 2025 1:14 AM IST
പുന്നംപറമ്പ്: തെക്കുംകര മണലിത്തറയിൽ അങ്കണവാടിക്ക് കെട്ടിടം നിർമിച്ചിട്ടു 10 വർഷമായിട്ടും ഇതുവരെ പ്രവർത്തനം തുടങ്ങിയില്ല. പാടശേഖരത്തിന്റെ നടുവിൽ നിർമിച്ച കെട്ടിടത്തിന് അനുമതി ലഭിക്കാത്തതിനെത്തുടർന്നാണ് അങ്കണവാടി പ്രവർത്തനം അവതാളത്തിലായത്. കെട്ടിടം ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമാണ്.
യുഡിഎഫ് തെക്കുംകര പഞ്ചായത്ത് കമ്മിറ്റി 2015ൽ ആറു ലക്ഷംരൂപ ചെലവിൽ നിർമിച്ച അങ്കണവാടിയാണ് പ്രവർത്തനം തുടങ്ങാനാവാത്തത്. പാടത്തിന്റെ നടുവിലെ കെട്ടിടനിർമാണം പൊതുജനങ്ങളിൽനിന്നു തെരഞ്ഞെടുത്ത കമ്മിറ്റിയാണു പൂർത്തീകരിച്ചത്.
അന്നത്തെ ജില്ലാ കളക്ടർ കെട്ടിടത്തിന് അനുമതി നൽകാമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് വന്ന കളക്ടർ അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണസമിതി പ്രതിസന്ധിയിലായി. അന്നു മന്ത്രിയായിരുന്ന അന്തരിച്ച സി.എൻ. ബാലകൃഷ്ണന്റെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് ആറുലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. പിന്നീട് തുടർച്ചയായി രണ്ടുതവണ ഭരണത്തിലെത്തിയ എൽഡിഎഫ് അങ്കണവാടി തുറക്കാനുള്ള ഒരു നടപടിയും എടുത്തില്ല. അങ്കണവാടി 2015ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുനിൽ ജേക്കബ് ആണ് ഉദ്ഘാടനം ചെയ്തത്.