അന്തിക്കാട് വെള്ളക്കെട്ട് ഒഴിയുന്നില്ല; 17 കുടുംബങ്ങളെ ക്യാമ്പിലേക്കു മാറ്റി
1572062
Wednesday, July 2, 2025 1:14 AM IST
അന്തിക്കാട്: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് ഒഴിയുന്നില്ല. മഴ ഒഴിഞ്ഞിട്ടും വീടുകൾ ഉപയോഗിക്കാൻ പറ്റാത്തതിനാൽ അന്തിക്കാട് പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ് വാർഡുകളിൽനിന്നായി 17 കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പിലേക്കു മാറ്റിപ്പാർപ്പിച്ചു.
വീടുകൾക്കുചുറ്റും വെള്ളം നിൽക്കുന്നതിനാൽ ശുചിമുറികൾ ഉപയോഗിക്കാൻ കഴിയാത്തതിനാലും വീടിനുള്ളിൽ വെള്ളത്തിന്റെ ഈർപ്പവും പുറത്ത് ചെളിയും തങ്ങിനിൽക്കുന്നതിനാലും താമസിക്കാൻ കഴിയാത്തതിനാലാണ് ഇവരെ അന്തിക്കാട് കെജിഎം എൽപി സ്കൂളിലെ ക്യാമ്പിലേക്കുമാറ്റിയത്.
ഉച്ചഭക്ഷണം ഇവിടത്തെ കുട്ടികൾക്കു തയാറാക്കുന്നതിൽ കൂടുൽ ചേർത്തു തയാറാക്കിയാണ് കുടുംബങ്ങൾക്കു വിളമ്പുന്നത്. രാവിലെയും രാത്രിയും ക്യാമ്പിലുള്ളവർ ഒരുമിച്ച് ഭക്ഷണം തയാറാക്കും.
ഇതിനാവശ്യമായ പലചരക്ക്, പച്ചക്കറിസാധനങ്ങൾ വാങ്ങിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് - വില്ലേജ് അധികൃതർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ്് ജീന നന്ദൻ, വൈസ് പ്രസിഡന്റ്് പി.എസ്. സുജിത്ത്, വാർഡ് അംഗങ്ങളായ ലീന മനോജ്, ശരണ്യ രജീഷ്, അനിത ശശി, വില്ലേജ് ഓഫീസർ ജെ. ജെനേഷ്, ഹെൽത്ത് ഇൻസ്പക്ടർ അശ്വതി മനേഷ് എന്നിവർ ദുരിതാശ്വാസകേന്ദ്രത്തിലെത്തി കാര്യങ്ങൾ വിലയിരുത്തി.