സർക്കാർ മെഡിക്കൽ കോളജുകൾ വെന്റിലേറ്ററിൽ: ടി.എൻ. പ്രതാപൻ
1572056
Wednesday, July 2, 2025 1:14 AM IST
മുളങ്കുന്നത്തുകാവ്: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുന്നതു സാക്ഷരകേരളത്തിലാണെന്നും അദ്ദേഹം എത്ര തലപൂഴ്ത്തിവച്ചാലും എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നു മനസിലാക്കുന്നതു നല്ലതാണെന്നും കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം ടി.എൻ. പ്രതാപൻ. രാജ്യത്ത് ഒന്നാംസ്ഥാനമെന്നു വീന്പുപറഞ്ഞ കേരളത്തിലെ ആരോഗ്യരംഗത്തെ നാഴികക്കല്ലുകളായ സർക്കാർ മെഡിക്കൽ കോളജുകൾ ഇന്നു വെന്റിലേറ്ററിലാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയോടുള്ള സർക്കാർ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരേ കോണ്ഗ്രസ് നടത്തിയ തൃശൂർ മെഡിക്കൽ കോളജ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, അനിൽ അക്കര, ജോസഫ് ചാലിശേരി, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, ജോണ് ഡാനിയൽ, എൻ.ആർ. സതീശൻ, കെ.സി. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.