ബിഎംബിസി റോഡ് തകർന്നു
1572069
Wednesday, July 2, 2025 1:14 AM IST
കൊരട്ടി: നിർമാണം നടക്കുന്നതിനോടനുബന്ധിച്ച് ദേശീയപാത കൊരട്ടി മേഖലയിൽ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഭാരവണ്ടികൾ വഴിതിരിച്ചുവിടുന്നതുമൂലം കൊരട്ടി - നാലുകെട്ട് റോഡിൽ കിൻഫ്രയ്ക്കും കോനൂർ ജംഗ്ഷനും ഇടയിൽ റോഡ് തകർന്നു.
ശുദ്ധജലവിതരണ പൈപ്പുകൾ പൊട്ടി വൻതോതിൽ വെള്ളം പാഴായതിനുപിന്നാലെ ആധുനികരീതിയിൽ ബിഎംബിസി രീതിയിൽ നവീകരിച്ച പൊതുമരാമത്ത് റോഡും തകർന്നു. ഗ്രാമീണ റോഡുകളിൽനിന്നു വ്യത്യസ്തമായി കോടികൾ മുടക്കി പുനരുദ്ധരിച്ച ഈ പൊതുമരാമത്ത് റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. അടിയന്തര പ്രാധാന്യത്തോടെ അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ റോഡിന് കൂടുതൽ കേടുപാടുകൾ സംഭവിച്ചേക്കാം. ദേശീയപാതയിൽനിന്നു വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതുമൂലം കൊരട്ടി, കാടുകുറ്റി, മേലൂർ പഞ്ചായത്തുകളിലെ പ്രധാന ഗ്രാമീണ റോഡുകളെല്ലാം തകർന്നനിലയിലാണ്.
റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാർ കളക്ടറെയും എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടറെയും എംഎൽഎ, എംപി അടക്കമുള്ളവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അറ്റകുറ്റപ്പണികൾക്ക് തയാറാകാതെ ഹൈവേ അധികൃതർ ഒഴിഞ്ഞുമാറുകയാണ്. ഈ പശ്ചാത്തലത്തിൽ കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് പ്രാദേശിക ഭരണകൂടങ്ങൾ.
വഴിതിരിച്ചുവിടല്‍: മാപ്രാണം -നെടുമ്പാള്‍
റോഡിനെ അപകടമേഖലയാക്കുന്നു
മാപ്രാണം: തൃശൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയുടെ കോണ്‍ക്രീറ്റിംഗ് മൂലം കരുവന്നൂരില്‍നിന്നു ആറാട്ടുപുഴ, തൊട്ടിപ്പാള്‍, മുളങ്ങ് റോഡ് വഴി മാപ്രാണം നന്തിക്കര റോഡിലെ നെടുമ്പാളിലാണ് തൃശൂരില്‍നിന്ന് ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വഴിതിരിഞ്ഞുപോകുന്നത്. നെടുമ്പാള്‍ മുതല്‍ മാപ്രാണംവരെ പുതിയ റോഡ് ആയതിനാല്‍, വഴി തിരിച്ചുവിടലില് നഷ്ടപ്പെട്ടസമയം തിരിച്ചുപിടിക്കാന്‍ അമിതവേഗതയിലാണ് ഇതിലെ വാഹനങ്ങള്‍ പായുന്നത്.
കോന്തിപുലം പാടത്തിനും അച്യുതന് നായര്‍ മൂലയ്ക്കും ഇടയ്ക്കുള്ള നടുവിലാല്‍ ഭാഗത്ത് റോഡിന്റെ ഒത്തനടുക്ക് നില്ക്കുന്ന മരങ്ങളുടെ വലതുവശത്തും ഇടതുവശത്തും വണ്‍വേ പാലിച്ചു പോകേണ്ടതിന് പകരം, റോംഗ്സൈഡിലൂടെയാണ് പലപ്പോഴും സ്വകാര്യ ബസുകളുടെ മത്സരയോട്ടം. ഇവ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് സാധ്യതയുള്ള മേഖലയാണ് ഇവിടം.