ശമ്പളപരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം: ടി.വി. ചന്ദ്രമോഹൻ
1572060
Wednesday, July 2, 2025 1:14 AM IST
തൃശൂർ: 12-ാം ശമ്പള പരിഷ്കരണനടപടികൾ ആരംഭിക്കാതെ അധ്യാപകരെയും മറ്റു ജീവനക്കാരെയും സർക്കാർ വഞ്ചിക്കുകയാണന്നു യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ പറഞ്ഞു. കെപിഎസ്ടിഎ പ്രതിഷേധധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിഎ കുടിശിക, മുൻ ശമ്പള പരിഷ്കരണ കുടിശിക തുടങ്ങി അധ്യാപകർക്കു ലഭിക്കേണ്ട സാമ്പത്തികങ്ങൾ സർക്കാർ നിഷേധിക്കുകയാണ്. സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കുമ്പോൾ സർക്കാർ ആഡംബരം നടത്തുകയാണെന്നും ചന്ദ്രമോഹൻ കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് പി.സി. ശ്രീപദ്മനാഭൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയപ്രകാശ് പാറപ്പുറത്ത് സ്വാഗതവും ട്രഷറർ സി.എ. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ് മുഖ്യപ്രഭാഷണം നടത്തി.