കുഴികളിൽ മണ്ണിടൽ, കണ്ണിൽ പൊടിയിടൽ
1572052
Wednesday, July 2, 2025 1:14 AM IST
തൃശൂരിലെ റോഡുകളിൽ കുഴികൾ മാത്രമല്ല,
മെറ്റലും ഇനി ആളെ വീഴ്ത്തും
സി.ജി. ജിജാസൽ
തൃശൂർ: ലേണിംഗ് സിറ്റിയായ തൃശൂരിൽ ലേണിംഗ് എടുത്തവർക്കുമാത്രമല്ല ലൈസൻസ് എടുത്തവർക്കുപോലും നിരത്തിലിറങ്ങണമെങ്കിൽ അല്പസ്വല്പം അഭ്യാസം അറിയണം. നഗരത്തിലെ ദൈനംദിനയാത്ര വലിയൊരു ദുരിതമായി മാറുന്ന കാലത്ത്, നേരത്തേ മഴയിൽ രൂപപ്പെട്ട കുഴികളായിരുന്നു വില്ലനെങ്കിൽ ഇപ്പോൾ അവ നികത്താൻ കൊണ്ടുവന്ന മെറ്റലും പുതിയ അപകടഭീഷണി ഉയർത്തുകയാണ്.
കഴിഞ്ഞദിവസം കോവിലകത്തുംപാടം റോഡിലെ കുഴിയിൽവീണ് സ്കൂട്ടർയാത്രികരായ ദന്പതികൾക്കു ഗുരുതരപരിക്കേൽക്കുകയും തുടർന്നു കുഴി നികത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനുമുൻപ് നികത്തിയ കുഴികളിലെ മെറ്റലുകൾ റോഡിൽ പരന്നുകിടക്കുന്നതു നീക്കംചെയ്യാത്തത് പുതിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന അവസ്ഥയാണ്. സംഭവം അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും, ഇത്തരത്തിലുള്ള സാഹചര്യം നഗരത്തിലെ പലയിടങ്ങളിലും ആവർത്തിക്കപ്പെടുന്നു.
അയ്യന്തോൾ– പഞ്ചിക്കൽ റോഡിലും മാതൃകാറോഡിലും റോഡിനകത്തും ഇരുഭാഗത്തും മെറ്റൽ കിടക്കുന്നത് ഇരുചക്രവാഹനയാത്രികർക്കു വല്ലാതെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മാതൃകാറോഡിൽ കുഴിനികത്താൻ കൊണ്ടുവന്ന മെറ്റൽമിശ്രിതം റോഡിൽതന്നെ കൂട്ടിയിട്ടിരിക്കുകയാണ്. മഴയിൽ ഈ മിശ്രിതം വഴുക്കുന്നതിനൊപ്പം, റോഡിന്റെ ഉയരമാറ്റവും യാത്രക്കാർക്കു പുതിയ കെണിയാണ്.