ലേബർക്യാമ്പിൽ യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളും തമ്മിൽ ആളുമാറി ആക്രമണം
1572400
Thursday, July 3, 2025 2:02 AM IST
എരുമപ്പെട്ടി: അക്കിക്കാവ്- കേച്ചേരി ബൈപ്പാസ് റോഡ് നിർമാണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന എയ്യാലിലെ ലേബർ ക്യാമ്പിൽ കയറി ഒരു കൂട്ടം യുവാക്കൾ ആക്രമണം നടത്തി. കഴിഞ്ഞദിവസം രാത്രി 10.30നാണ് സംഭവമുണ്ടായത്.
കാറിലെത്തിയ യുവാക്കളുടെ ആക്രമണത്തിൽ ലേബർ ക്യാമ്പിലെ മലയാളി തൊഴിലാളി സുരേഷിന് തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റി.
ആളുമാറി ആക്രമണം നടത്തിയതാണെന്ന് യുവാക്കൾ പിന്നീട് പറഞ്ഞു. ആക്രമണത്തിനു മണിക്കൂറുകൾക്ക് മുമ്പ് പട്ടിക്കരയിൽ ഒരു പിക്കപ്പ് വാഹനം ബൈക്കുകാരനെ ഇടിച്ചു തെറിപ്പിക്കുകയും നിർത്താതെ പോകുകയും ചെയ്തിരുന്നു. ഈ പിക്കപ്പ് വാഹനം പിന്തുടർന്ന് കാറിലെത്തിയ യുവാക്കളാണ് ആക്രമണം നടത്തിയത്.
എയ്യാലിലെ റോഡ് നിർമാണ തൊഴിലാളികളുടെ ലേബർ ക്യാമ്പിൽ ഒരു പിക്കപ്പ് വാഹനം കിടക്കുന്നത് കണ്ട യുവാക്കൾ ഈ വാഹനമാണ് ഇടിച്ചിട്ട് നിർത്താതെ പോയതെന്ന് തെറ്റിദ്ധരിക്കുകയും ക്യാമ്പിൽ കയറി വാഹനത്തിന്റെ ഡ്രൈവർ സുരേഷിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നെന്ന് നിർമാണ കമ്പനിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
തലയ്ക്ക് സാരമായി പരുക്കേറ്റ സുരേഷിനെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇവർ പിന്തുടർന്നെത്തിയ അപകടമുണ്ടാക്കിയ പിക്കപ്പ് വാഹനം ബൈപ്പാസ് റോഡിലെ എയ്യാൽ മന്ത്രവാദി റോഡിന് സമീപം ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധത്തിന്റെ ഭാഗമായി യുവാക്കളെ ക്യാമ്പിലുള്ള തൊഴിലാളികളും തിരിച്ച് ആക്രമിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്.