ശുചിമുറി മാലിന്യംതള്ളിയ ലോറികൾ കസ്റ്റഡിയിലെടുത്തു
1572839
Friday, July 4, 2025 6:34 AM IST
അന്തിക്കാട്: കാഞ്ഞാണി പെരുമ്പുഴ പാതയോരത്ത് സെപ്റ്റിക് മാലിന്യം തള്ളിയ രണ്ടു ലോറികൾ അന്തിക്കാട് പോലീസ് പിടിച്ചെടുത്തു. ആംബുലൻസ് ഡ്രൈവർ രോഗിയെ തൃശൂരിലെ ആശുപത്രിയിലാക്കി തിരിച്ചുവരുന്നതിനിടെ പിന്തുടർന്ന് പകർത്തിയ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടുന്നതിന് സഹായകമായത്.
അരിമ്പൂർ പഞ്ചായത്തിന്റെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. പെരുമ്പുഴ പാടത്ത് ടാങ്കർ ലോറിയിൽ സെപ്റ്റിക് മാലിന്യം ഒഴുക്കുന്നതുകണ്ട് ആംബുലൻസ് ഡ്രൈവർ വാഹനംതിരിച്ച് ലോറിയുടെ അടുത്തേക്ക് എത്തിയപ്പോഴേക്കും ടാങ്കർ അമിതവേഗത്തിൽ പോവുകയായിരുന്നു. മൂന്ന് കിലോമീറ്റർ ദൂരം ലോറിയെ പിന്തുടർന്ന് എറവ് കപ്പൽ പള്ളിക്കും അരിമ്പൂരിനും ഇടയിൽവച്ച് ലോറിയുടെ നമ്പർ ആംബുലൻസിലെ ഗാർഡ് വീഡിയോയിൽ പകർത്തി.
കഴിഞ്ഞദിവസം രണ്ടു ലോറികൾ മനക്കൊടി പ്രദേശത്ത് മാലിന്യംതട്ടാൻ എത്തിയപ്പോൾ നാട്ടുകാർ തടഞ്ഞ് പോലീസിനെ വിളിച്ചുവരുത്തിയിരുന്നു. ലോറികൾ പോലീസ് കസ്റ്റഡിയിലെടുത്തു.