കനകമല മാര്‍തോമ തീര്‍ഥാടനകേന്ദ്രത്തില്‍ ദുക്റാന തിരുനാള്‍ ഭക്തിനിര്‍ഭരം
1572829
Friday, July 4, 2025 6:34 AM IST
കൊടകര: കനകമല മാര്‍തോമ തീര്‍ഥാടനകേന്ദ്രത്തില്‍ നടന്ന ദുക്റാന ഊട്ടുതിരുനാള് ഭക്തിസാന്ദ്രമായി. തിരുനാളാഘോഷങ്ങളില്‍ സംബന്ധിക്കാന്‍ സനീഷ്കുമാര് ജോസഫ് എംഎല്‍എ അടക്കമുളള ജനപ്രതിനിധികളും നിരവധി വിശ്വാസികളും എത്തി. രാവിലെ ഫാ. ജെയിംസ് ആലപ്പാട്ട് സിഎംഐയുടെ കാര്‍മികത്വത്തില്‍ നടന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു ശേഷം സഹവികാരി ഫാ.ആശിഷ് കീരഞ്ചിറ ഊട്ടുവെഞ്ചരിപ്പ് നിര്‍വഹിച്ചു.
കുരിശുമുടി തീര്‍ഥാടനകേന്ദ്രത്തില്‍ നടന്ന ദിവ്യബലിക്ക് ചാന്ദാ രൂപതയില്‍ നിന്നുള്ള ഫാ. ജോബി ഇല്ലിമൂട്ടിൽ കാര്‍മികത്വം വഹിച്ചു. അടിവാരം പള്ളിയില്‍ നടന്ന റാസ കുര്‍ബാനയ്ക്ക് കൊടുങ്ങ പള്ളി വികാരി ഫാ.ഷിബു നെല്ലിശേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ആല്ബിന് പുതുശേരി, ഫാ. റെയ്സണ്‍ തട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ഫാ. ജെയിംസ് കുരുകിലാംകാട്ട് സന്ദേശം നല്കി. തുടര്‍ന്ന് ഫാ.ഡാനിഷ് കണ്ണാടന്റെ നേതൃത്വത്തില്‍ തിരുനാള്‍ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും ഉണ്ടായി.
പതിനയ്യായിരത്തോളം പേര് നേര്‍ച്ച ഊട്ടില്‍ സംബന്ധിച്ചു. തിരുനാളാഘോഷപരിപാടികള്ക്ക് ജനറല്‍ കണ്‍വീനര്‍ ഷോജന്‍ ഡി. വിതയത്തില്‍, ഷാജു വെളിയന്‍, കൈക്കാരന്മാരായ ജോസ് വെട്ടുമണിക്കല്‍, ജോസ് കറുകുറ്റിക്കാരന്‍, ജോജു ചുള്ളി, ജോയ് കളത്തിങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.