വടിവാൾ വിനീത് പിടിയിൽ
1572843
Friday, July 4, 2025 6:34 AM IST
വടക്കാഞ്ചേരി: കുപ്രസിദ്ധ കുറ്റവാളി വടിവാൾ വിനീത് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലപ്പുഴ എടത്വ കരുവാറ്റ പുത്തൻപുരയ്ക്കൽ നഗറിൽ വിനീത്(26)ആണ് പോലീസിന്റെ പിടിയിലായത്. വടക്കാഞ്ചേരിയിൽ പോലീസിനെ വെട്ടിച്ച് ബുള്ളറ്റുമായികടന്ന വടിവാൾ വിനീതിനെ മാസങ്ങൾക്കുശേഷമാണ് പോലീസ് പിടികൂടുന്നത്. ആലപ്പുഴയിൽനിന്നു പിടികൂടിയ പ്രതിയെ വടക്കാഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു.
കഴിഞ്ഞ മാർച്ച് 26നാണ് പുലർച്ചയാണിയാള് വടക്കാഞ്ചേരി കുമ്പളങ്ങാടുനിന്നു ബുള്ളറ്റ് മോഷ്ടിച്ച് പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ഇയാൾക്കുവേണ്ടി പോലീസ് വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മാസങ്ങൾക്കുശേഷം ആലപ്പുഴയിൽനിന്നാണ് ഇയാളെ പോലീസ് വലയിലാക്കുന്നത്.
അകമലയിൽനിന്നു പൾസർ മോഷ്ടിച്ച കേസിൽ ആലപ്പുഴ സബ്ജയിൽനിന്നു വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവെയാണ് വിനീതും കൂട്ടാളി കൊല്ലം കോട്ടപ്പുറം സ്വദേശി രാഹുൽ രാജും വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ എക്സ്കോർട്ട് വന്ന പോലീസുകാരെ വെട്ടിച്ച് ചാടിപ്പോയത്. ചരൽപറമ്പ് മേഖലയിലേയ്ക്ക് കടന്നുകളഞ്ഞ പ്രതികൾക്കുള്ള വ്യാപക തെരച്ചിലിനൊടുവിൽ വൈകിട്ട് ഏഴുമണിയോടെ കൂട്ടാളി രാഹുൽ രാജിനെ പിടികൂടിയെങ്കിലും വടിവാൾ വിനീതിനെ പിടികൂടാൻ കഴിഞ്ഞില്ല. വടക്കാഞ്ചേരി സിഐ റിജിൻ എം.തോമസിന്റെ നേതൃത്വത്തിൽ അന്വേഷണംനടക്കുന്നതിനിടെയാണ് ഇയാളെ ആലപ്പുഴയിൽനിന്നു ബുധനാഴ്ച വൈകിട്ട് പിടികൂടുന്നത്.
പ്രതിയെ ഇന്നലെ രാവിലെ വടക്കാഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ 60 ലേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ് വടിവാൾ വിനീത്. പ്രതിയെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി.