ചിറങ്ങരയിലെ കാന വീണ്ടും പൊളിക്കേണ്ടിവരുമെന്ന് ആശങ്ക
1572838
Friday, July 4, 2025 6:34 AM IST
കൊരട്ടി: അടിപ്പാത നിർമാണത്തോടനുബന്ധിച്ച് ദേശീയപാത ചിറങ്ങര, മുരിങ്ങൂർ, കൊരട്ടി മേഖലയിൽ നടക്കുന്ന കാനനിർമാണത്തിൽ വിവാദങ്ങളും ആശങ്കകളും വിട്ടൊഴിയുന്നില്ല. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്നലെ റെയിൽവേ ഉദ്യോഗസ്ഥരും നാഷണൽ ഹൈവേ അഥോറിറ്റിയും ചാലക്കുടി തഹസിൽദാരും കൊരട്ടി പഞ്ചായത്ത് പ്രസിഡന്റും ചിറങ്ങരയിൽ സംയുക്ത പരിശോധന നടത്തി.
ചിറങ്ങര ജംഗ്ഷനിൽ ദേശീയപാതയ്ക്കു കുറുകെ നിർമിച്ച കാനയിൽ വിവിധയിടങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം റെയിൽവേ ട്രാക്കിന് അടിയിലൂടെയുള്ള ചെറിയ ഓടവഴി കടത്തിവിടാനുള്ള നീക്കത്തിനെതിരേ ആശങ്ക പരന്നതോടെയാണ് പരിശോധന നടത്തിയത്.
ചിറങ്ങര ജംഗ്ഷനിലെ കൾവർട്ട് പണി പൂർത്തിയാക്കുന്നതിന് റെയിൽവേയുടെ ഭാഗത്തുനിന്ന് സഹകരണം ആവശ്യമാണെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ച സാഹചര്യത്തിലാണ് സംയുക്ത പരിശോധന നടത്താൻ കളക്ടർ തീരുമാനിച്ചത്.
റെയിൽവേ ട്രാക്കിനടയിലൂടെ 25 സെന്റിമീറ്റർ മാത്രം വ്യാസമുള്ള ഓടയിലൂടെ വെള്ളം ഒഴുക്കിവിടാനുള്ള നീക്കം പ്രായോഗികമല്ലെന്നും വൻതോതിൽ മഴവെള്ളം താങ്ങാനുള്ള ശേഷി ചെറിയ ഓടയ്ക്ക് ഇല്ലെന്നുമാണ് റെയിൽവേയുടെ നിലപാട്. ഇതോടെ മറ്റു സാധ്യതകൾ തേടേണ്ട അവസ്ഥയിലായി ഹൈവേ അധികൃതർ. കുറച്ചു വെള്ളം ജംഗ്ഷനു തെക്കുഭാഗത്തേക്കുള്ള ഡ്രെയിനേജ് വഴി റെയിൽ പാലത്തിന് താഴേക്കും അവശേഷിക്കുന്ന വെള്ളം 500 മീറ്റർ അകലെയുള്ള പെരുമ്പി തോട്ടിലേക്കും ഒഴുക്കിവിടാനുള്ള സാധ്യതയാണ് നിലവിൽ പരിഗണിക്കുന്നത്. ഇതിനും സാങ്കേതിക തടസങ്ങളുണ്ട്. മറ്റു സാധ്യതകൾ കൂടി ആരായാൻ വിദഗ്ധസംഘത്തെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
അശാസ്ത്രീയം, കാനനിർമാണം
നിർമാണം ആരംഭിച്ച ഘട്ടം മുതൽ പരാതികളും ആക്ഷേപങ്ങളും ഉയർന്നിരുന്നു. വാട്ടർ ലെവൽ നോക്കാതെയുള്ള കാനനിർമാണം, സ്ലാബുകളുടെ ബലക്ഷയം, വെള്ളം ഒഴുക്കിവിടുന്നതെന്ന് എവിടേക്കെന്ന ധാരണയില്ലായ്മ തുടങ്ങി ഒട്ടേറെ കാരണങ്ങളാൽ പണിയലും പൊളിക്കലും തുടർന്നു. നിർമാണ കമ്പനിയുടെയോ ഹൈവേ അഥോറിറ്റിയുടെയോ ഭാഗത്തുനിന്ന് കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥർ ഉണ്ടാകുന്നില്ലെന്ന നാട്ടുകാരുടെ പരാതികളും അധികൃതർ പാടേ അവഗണിച്ചിരുന്നു.
കൂടിയാലോചനകളില്ലാതെയുള്ള ഇത്തരം നിർമാണംമൂലം സമയനഷ്ടം, സാമ്പത്തിക നഷ്ടം എന്നിവയ്ക്കൊപ്പം വിഷമവൃത്തിയിലാകുന്നത് സാധാരണ ജനങ്ങളാണ്. കാന ഇനിയും പൊളിക്കേണ്ടിവരുമോയെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.