ദുരവസ്ഥ തുടരുന്നു: ചിറങ്ങരയിൽ കോൺക്രീറ്റ് സ്ലാബിൽനിന്നു കമ്പികൾ പുറത്തേക്ക്
1573054
Saturday, July 5, 2025 1:37 AM IST
കൊരട്ടി: നാഷണൽ ഹൈവേ അഥോറിറ്റിയുടെയും കരാർ കമ്പനിയുടെയും മുന്നൊരുക്കവും ദീർഘവീക്ഷണമില്ലാത്തതുമായ നിർമാണപ്രവൃത്തികളിൽ ജനത്തിന്റെ ദുരവസ്ഥ തുടരുന്നു. ചിറങ്ങരയിൽനിന്ന് 150 മീറ്റർ അങ്കമാലി ഭാഗത്തേക്ക് നീങ്ങിയാൽ ബദൽ റോഡിൽനിന്നു പ്രധാനറോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കോൺക്രീറ്റിംഗിന് ഉപയോഗിക്കുന്ന കമ്പികൾ ഉടനീളം പൊന്തിനിൽക്കുന്നതായി കാണാം.
പ്രധാനപാതയ്ക്കും സർവീസ് റോഡിനും ഇടയിലുള്ള ഡിവൈഡർ പൊളിച്ച ഭാഗത്താണ് കമ്പികൾ പൊന്തിനിൽക്കുന്നത്. കമ്പിയുടെ അഗ്രങ്ങളിൽ വാഹനം കയറിയിറങ്ങിയാൽ ടയർ നശിക്കാനുള്ള സാധ്യത ഏറെയാണ്.
മുരിങ്ങൂരിൽനിന്ന് ആരംഭിക്കുന്ന ഗതാഗതകുരുക്കിൽവലഞ്ഞ്, വെള്ളക്കെട്ടിനെ അതിജീവിച്ച്, പാതയിലുടനീളമുള്ള കുണ്ടും കുഴിയും ചെളിയും താണ്ടി, ഇവിടെയെത്തുമ്പോൾ ടയറുകളിൽ കമ്പി കുത്തിക്കയറാനുള്ള സാധ്യതയാണുള്ളത്.