കാട്ടുപന്നികളെ കൊന്ന് വില്പന നടത്തിയ രണ്ടുപേർ പിടിയിൽ
1573045
Saturday, July 5, 2025 1:37 AM IST
വടക്കാഞ്ചേരി: കാട്ടുപന്നികളെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുകൊന്ന് വിൽപ്പനനടത്തിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ. തിരുവില്വാമല കുണ്ടുകാട് ഉന്നതിക്കടത്ത് താമസിക്കുന്ന കോലത്തുപറമ്പിൽ മൊയ് തീൻകുട്ടി മകൻ അബുതാഹീർ( 42 ), പാലക്കാട് മങ്കര സ്വദേശി വാരിയത്ത്പറമ്പിൽ രാജേഷ് (39) എന്നിവരെയാണ് വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. അശോക് രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
മായന്നൂർ ഫോറസ്റ്റ് റേഞ്ചിനു കീഴിലെ കൊണ്ടാഴി, കുത്താംപ്പുള്ളി മേഖലയിൽനിന്നും പന്നികളെപിടികൂടിഇറച്ചിയാക്കി തൃശുർ - പാലക്കാട് ജില്ലയിൽ വ്യാപകമായി പന്നിയിറച്ചി വില്പന നടത്തിയിരുന്ന സംഘത്തെയാണ് അറസ്റ്റു ചെയ്തത്. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മൂന്നുവണ്ടികളും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.
പ്രതികൾ ഏറെക്കാലം ഒളിവിലായിരുന്നു. പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിനെത്തുടർന്ന് വടക്കാഞ്ചേരി, കുന്നംകുളം മേഖലകളിലെ പല പ്രമുഖരും ക്വാറി ഉടമകളും നിരീക്ഷണത്തിലാണ്.