യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്
1573048
Saturday, July 5, 2025 1:37 AM IST
തൃശൂർ: ആരോഗ്യമേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരേയും ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടും തൃശൂർ ഡിഎംഒ ഓഫീസിലേക്കു യൂത്ത് ലീഗ് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേ സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച മാർച്ച് സെന്റ് തോമസ് കോളജ് റോഡിൽ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രതിഷേധം ശക്തമാക്കിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ ഉദ്ഘാടനംചെയ്തു. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജാണ് ഒന്നാംപ്രതിയെന്നു ഫൈസൽ ബാഫഖി തങ്ങൾ പറഞ്ഞു. ആരോഗ്യകേരളത്തെ വെന്റിലേറ്ററിലാക്കിയ മന്ത്രി രാജിവയ്ക്കുന്നതുവരെ യൂത്ത് ലീഗ് തെരുവിലുണ്ടാകുമെന്നും തങ്ങൾ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എ.എം. സനൗഫൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അസീസ് താണിപ്പാടം, മണ്ഡലം പ്രസിഡന്റ് സി. സുൽത്താൻ ബാബു, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ കെ.കെ. സക്കരിയ, എ.വി. അലി, അസീസ് മന്ദലാംകുന്ന്, പി.ജെ. ജെഫീക്ക്, ടി.എ. ഫഹദ് എന്നിവർ പ്രസംഗിച്ചു.