പുളിക്കലച്ചിറ പാലം നിര്‍മാണം; ബണ്ട് റോഡ് പണികള്‍ വേഗത്തില്‍
1573053
Saturday, July 5, 2025 1:37 AM IST
പായമ്മല്‍: നാലമ്പല തീര്‍ഥാടനത്തിനു മുന്‍പായി പുളിക്കലച്ചിറയില് പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായി താത്കാലികമായി നിര്‍മിച്ച ബണ്ട് റോഡ് ബലപ്പെടുത്തുന്ന പണികള്‍ പൊതുമരാമത്തുവകുപ്പ് വേഗത്തിലാക്കി.
പുളിക്കലച്ചിറപ്പാടം പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ബണ്ടില്‍ നിലവിലുള്ള പൈപ്പുകള്‍ക്കു പുറമേ, നാല് പൈപ്പുകള്‍കൂടി സ്ഥാപിച്ചു. പാടത്തിനു നടുക്കുള്ള തോടിന്റെ ഭാഗത്ത് വെള്ളം ഒഴുകിപ്പോകുന്നതിനായി ബണ്ടിനു കുറുകെ ഒരു മീറ്റര്‍ വ്യാസമുള്ള വലിയ രണ്ട് പൈപ്പുകളും അനുബന്ധമായി മറ്റ് രണ്ടു പൈപ്പുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ആഴ്ചതന്നെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും.
താത്കാലികമായി സ്ഥാപിച്ച ബണ്ടില്‍ വെള്ളംതടഞ്ഞ് പടിയൂര്‍ പഞ്ചായത്തില്‍ അഞ്ച്, ആറ് വാര്‍ഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ജില്ലാ കളക്ടറുടെയും മന്ത്രിയുടെയും നേതൃത്വത്തില്‍നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പൊതുമരാമത്തുവകുപ്പ് പാലം വിഭാഗത്തിന് നിര്‍ദേശംനല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 19ന് ബണ്ടിന്റെ മുകള്‍ഭാഗത്ത് മൂന്നിടത്തായി മണ്ണുനീക്കിയും ചണ്ടി, കുളവാഴ എന്നിവ നീക്കിയും ഒഴുക്ക് സുഗമമാക്കിയത്.
വലിയ വാഹനങ്ങള്‍ കടന്നുപോകാവുന്ന തരത്തില്‍ ഗതാഗതസൗകര്യം ഒരുക്കാന്‍ മണ്ണും ക്വാറി വേസ്റ്റും തട്ടി വശങ്ങളില് തെങ്ങിന്‍തടികള്‍ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലം നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ച താല്‍ക്കാലിക ബണ്ടില്‍ ഇട്ടിരുന്ന പൈപ്പുകളില്‍ ഒഴുക്ക് തടസപ്പെട്ടതോടെയാണ് പഞ്ചായത്തിലെ നൂറോളം വീടുകളില്‍ വെള്ളംകയറിയത്.