വറുത്ത മീൻ എടുത്തതു തടഞ്ഞ യുവാവിനെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
1573043
Saturday, July 5, 2025 1:37 AM IST
തൃപ്രയാർ: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരങ്ങളടക്കം മൂന്നുപേരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. പൈനൂര്‍ സ്വദേശികളായ മാളുത്തറ കിഴക്കേനട വീട്ടിൽ സനത് ( 22), സഞ്ജയ്( 25), താന്ന്യം ചെമ്മാപ്പള്ളി വടക്കൻതുള്ളി വീട്ടിൽ സഞ്ജു എന്ന് വിളിക്കുന്ന ഷാരോൺ ( 40) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി വലപ്പാട് ബീച്ച് പാണാട്ട് അമ്പലം സ്വദേശി തൃപ്രയാറ്റ് വീട്ടിൽ ഷൈലേഷിനെ (34) ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. തൃപ്രയാർ കള്ളുഷാപ്പിൽവച്ച് കൊഴുവ വറുത്തതു കഴിക്കുന്ന പ്ലേറ്റിൽനിന്നും പ്രതികൾ അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചതു ഷൈലേഷ് തടഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ കള്ളുഷാപ്പിൽനിന്നും പുറത്തേക്കിറങ്ങിയ ഷൈലേഷിനെ കഴുത്തിൽ കുത്തിപ്പിടിച്ച് ഹൈവേ മേൽപ്പാലത്തിനടിയിലേക്കു കൂട്ടിക്കൊണ്ടുപോയി മൂവരുംചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സനതും സഞ്ജയും വിവിധ സ്റ്റേഷനുകളിലെ വിവിധ കേസുകളിൽ പ്രതികളാണ്.
വലപ്പാട് സിഐ എം.കെ. രമേഷ്, എഎസ്ഐ രാജേഷ്കുമാർ, സിപിഒമാരായ സുനീഷ്, വിപിൻകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.