റോഡില്‍ അപകടക്കുഴികള്‍; റൂട്ട് മാറ്റിയോടി സ്വകാര്യബസുകള്‍
1573476
Sunday, July 6, 2025 7:08 AM IST
ഇരിങ്ങാലക്കുട: വലിയ കുഴികള്‍മൂലം റോഡ് സഞ്ചാരയോഗ്യമല്ലെന്നാരോപിച്ച് സ്വകാര്യ ബസുകള്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ തിരിച്ചുവിട്ടു.
മാര്‍ക്കറ്റിലെ ഇരട്ട കപ്പേളയ്ക്കു സമീപമുള്ള റോഡാണ് വലിയ കുഴികള്‍മൂലം തകര്‍ന്നുതരിപ്പണമായി ഗതാഗതം അപകടകരമായ അവസ്ഥയിലുള്ളത്. ഇന്നലെ രാവിലെ ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് സപീപത്തെ കുരിശങ്ങാടി കപ്പേള വഴി സ്വകാര്യ ബസുകള്‍ തിരിച്ചുവിടുകയായിരുന്നു. കൊടകര, ചാലക്കുടി ആമ്പല്ലൂര്‍ എന്നീ റൂട്ടിലോടുന്ന ബസുകളാണ് ഇതുവഴി കടന്നുപോകുന്നത്. ബസുകള്‍ വഴിമാറ്റി തിരിച്ചുവിട്ടതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധിച്ചതോടെ പോലീസും സംഭവസ്ഥലത്തെത്തി.
റോഡിലെ അപകടകരമായ കുഴികളടച്ച് ഗതാഗതം സുഗമമാക്കാത്തപക്ഷം ബദല്‍ സംവിധാനം എന്ന നിലയ്ക്കാണ് ബസുകള്‍ തിരിച്ചുവിടുന്നതെന്ന് ബസ് തൊഴിലാളികള്‍ പറഞ്ഞു.
ബസുകള്‍ റൂട്ട് മാറ്റിയോടുന്നത് ഏറെ അപകടകരമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും നിരവധിപരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നതായും പ്രദേശവാസികള്‍ അറിയിച്ചു. റോഡിലെ കുഴി നികത്തണമെന്നാവശ്യവുമായി നഗരസഭാ അധികൃതരെ നിരവധിതവണ സമീപിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ് ഇത്തരം സമരവുമായി രംഗത്തിറങ്ങിയതെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. തുടര്‍ച്ചയായിപെയ്യുന്ന മഴയില്‍ കുഴിയില്‍ വെള്ളംകെട്ടി നില്ക്കുന്നതുമൂലം അപകടസാധ്യത ഏറെയാണ്. നിരവധിപേരാണ് ഈ റോഡില്‍ അപകടത്തില്‍പ്പെടുന്നത്.
2023 ഓക്ടോബര്‍ 23ന് മടത്തിക്കര ലൈനില്‍ മുക്കുളംവീട്ടില് മോഹനന്റെ മകന് ബിജോയ്(43) എന്ന യുവാവ് ഇവിടത്തെ കുഴിയില്‍ ബൈക്ക് മറിഞ്ഞാണ് മരണപ്പെട്ടത്. ഇതേ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ കുഴികളടച്ചുവെങ്കിലും പിന്നീട് ഇതേ സ്ഥലത്ത് കുഴികള്‍ രൂപപ്പെടുകയാണ് ഉണ്ടായത്.
കുറച്ചുദിവസംമുമ്പ് മനാര്ക്കറ്റിലെ വ്യാപാരിക്കും ഇവിടത്തെ കുഴിയില്‍വീണ് ഗുരുതരമായി പരിക്കുപറ്റി. റോഡിലെ കുഴികളടച്ച് ഗതാഗതം സുഗമാക്കുന്നതോടെ ശരിയായ വണ്‍വേ സമ്പ്രദായം പാലിക്കാമെന്നും അല്ലാത്തപക്ഷം കുരിശങ്ങാടിവഴിയെ സ്വകാര്യ ബസുകള്‍ പോകുകയുള്ളൂവെന്നും ജീവനക്കാര്‍ പറഞ്ഞു.
ഇതുവഴിയുള്ള ഗതാഗതം തടഞ്ഞാല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനാണ് നീക്കം. പ്രതിഷേധസമരത്തിന് ബസ് എംപ്ലോയേഴ്സ് യൂണിയന് (സിഐടിയു) ജില്ലാ ജോയിന്റ് സെക്രട്ടറി ലിസന്‍ മാടാനി, കൊടകര മേഖല സെക്രട്ടറി ജോമിസ് ജോണി, ചാലക്കുടി മേഖല വൈസ് പ്രസിഡന്റ് കെ.ആര്. ശ്രീജിത്ത്, ചാലക്കുടി മേഖല ജോയിന്റ് സെക്രട്ടറി ജോബി ജോര്‍ജ്, കൊടകര മേഖല വൈസ് പ്രസിഡന്റ് ബിജു എന്നിവര്‍ നേതൃത്വംനല്കി. തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ പോലീസ് ഇരുകൂട്ടരെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.