കെട്ടിടത്തിന്റെ അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഏരിയയിൽ തീപിടിത്തം
1573658
Monday, July 7, 2025 2:16 AM IST
തൃശൂർ: പ്രസ് ക്ലബ് റോഡിലെ ഡെൽമ കോംപ്ലക്സിൽ തീപിടിത്തം. കെട്ടിടത്തിന്റെ അടിഭാഗത്തുള്ള പാർക്കിംഗ് ഏരിയയിൽ കൂട്ടിയിട്ട ചപ്പുചവറുകളിൽനിന്നാണ് ഇന്നലെ വൈകീട്ട് അഞ്ചരയോടെ തീപടർന്നത്.
ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനുള്ള ഗ്യാസ് സിലിണ്ടറും ഏതാനും വാഹനങ്ങളും ഇവിടെയുണ്ടായിരുന്നു.
തൃശൂർ ഫയർ സ്റ്റേഷനിൽനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങൾ ഇവ ഉടനടി നീക്കംചെയ്തു. കടുത്ത പുകയുയർന്നത് എക്സോസ്റ്റിംഗ് സംവിധാനം ഉപയോഗിച്ചാണു പുറത്തേക്കുതള്ളിയത്. പാർക്കിംഗിലേക്കുള്ള ഷട്ടർ തുറന്ന് അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയെന്നു തൃശൂർ ഫയർ സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ് പറഞ്ഞു.
തൃശൂർ ഫയർ സ്റ്റേഷനിൽനിന്ന് രണ്ട് യൂണിറ്റുകളെത്തിയാണു തീയണച്ചത്. ഐസിഐസിഐ ബാങ്ക്, ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് ഓഫീസ് ഉൾപ്പടെ ഈ കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്.