ശാസ്താംപൂവം കാടര്‍ ഉന്നതിയില്‍ നാട്ടുമാന്തോപ്പ് ഒരുങ്ങുന്നു
1573663
Monday, July 7, 2025 2:16 AM IST
മറ്റത്തൂര്‍: വെള്ളിക്കുളങ്ങര വനമേഖലയിലുള്ള ശാസ്താംപൂവം ആദിവാസി ഉന്നതിയില്‍ നാട്ടുമാന്തോട്ടം ഒരുങ്ങുന്നു. ഉന്നതിയിലെ ജലക്ഷാമത്തിനും മണ്ണൊലിപ്പിനും പരിഹാരം കാണുന്നതിനായി നടപ്പാക്കുന്ന ഹരിതവത്കരണത്തിന്റെ ഭാഗമായാണ് നാട്ടുമാന്തോപ്പ് ഒരുക്കുന്നത്.
ആനപ്പാന്തം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ശാസ്താംപൂവം കാടര്‍ ഉന്നതിയില്‍ സംഘടിപ്പിച്ച വനമഹോത്സവത്തിന്റെ ഭാഗമായാണ് നാട്ടുമാവിന് തൈക്കള്‍ നട്ടുപിടിപ്പിച്ചത്. വിവിധയിനം ഔഷധ സസ്യങ്ങളുടെ പ്രദര്‍ശന തോട്ടത്തിനുവേണ്ടിയും തൈകള്‍ നട്ടു. അടുത്തഘട്ടത്തില്‍ വിവിധ ഇനം ഫലവൃക്ഷങ്ങളും ഔഷധ വൃക്ഷങ്ങളും ഉന്നതിയില്‍ നട്ടുപടിപ്പിക്കും.
വനംവകുപ്പ്, കേരള ശാസ്ത്രസാഹിത്യപരിഷത്ത് കൊടകര മേഖല കമ്മിറ്റി, നന്തിക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ്, കാടര്‍ പഠനസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഉന്നതിയില്‍ വനമഹോത്സവം സംഘടിപ്പിച്ചത്.
തൃശൂര്‍ സെന്റ്് തോമസ് കോളജ് റിട്ടയേഡ് പ്രഫ. ഡോ. എ.എ. ബേബി ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പന് സേവ്യര്‍ അധ്യക്ഷത വഹിച്ചു.
ചാലക്കുടി വനവികസന ഏജന്‍സി ഡിവിഷനല്‍ കണ്‍വീനര്‍ ഇ.പി.പ്രസീദ, വനസംരക്ഷണ സമിതി സെക്രട്ടറി വി.എന്‍.വിനോദ്കുമാര്‍, ശാസ്ത്രസാഹിത്യപരിഷത്ത് കൊടകര മേഖല മേഖല ഭാരവാഹികളായ കെ.കെ.അനീഷ്കുമാര്‍, എ.ടി.ജോസ്, ടി.എം. ശിഖാമണി, കാടര്‍ പഠനസംഘം കണ്‍വീനര്‍ ജോയ് കാവുങ്ങല്‍, കവിയും വന്യജീവി ഫോട്ടോഗ്രാഫറുമായ പ്രകാശന് ഇഞ്ചക്കുണ്ട്, നന്തിക്കര സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ലിജി തുടങ്ങിയവര്‍ പ്രസംഗിച്ചു.