മണ്സൂണ്യാത്ര ആഘോഷമാക്കാൻ വിനോദസഞ്ചാരികൾ
1573664
Monday, July 7, 2025 2:16 AM IST
സി.ജി. ജിജാസൽ
തൃശൂർ: പെയ്തിറങ്ങിയ ജലകണങ്ങൾ വീണ്ടും പ്രകൃതിയെ പച്ചപ്പിന്റെ മേലങ്കി അണിയിക്കുന്പോൾ കാടും കാട്ടരുവികളും സൗന്ദര്യത്തിന്റെ നയനമനോഹരകാഴ്ചകൾ സമ്മാനിക്കുന്പോൾ... ചിന്നിച്ചിതറി വീഴുന്ന ജലകണങ്ങൾ തട്ടിത്തെറിപ്പിച്ചും മഴയുടെ കുളിരണിഞ്ഞും ഈ മണ്സൂണ്കാലം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് വിനോദസഞ്ചാരികൾ.
കാടും മേടും പുഴയും പൂക്കളും അടങ്ങുന്ന പതിവുവിനോദകേന്ദ്രങ്ങളിൽനിന്നു വ്യത്യസ്തമായി പുതിയപുതിയ കേന്ദ്രങ്ങൾതേടി യാത്രതുടരുന്ന സഞ്ചാരികളെ മണ്സൂണിന്റെ സൗന്ദര്യം ആവാഹിച്ചുകൊണ്ട് മാടിവിളിക്കുകയാണ് വടക്കാഞ്ചേരിയിലെയും പരിസരപ്രദേശങ്ങളെയിലെയും പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങൾ. അധികമാരും എത്തിപ്പെടാത്ത ചില മഴക്കാലവിനോദസഞ്ചാരകേന്ദ്രങ്ങളെ പരിചയപ്പെടാം.
പേരപ്പാറ ചെക്ക് ഡാം
വടക്കാഞ്ചേരി വാഴാനി ഡാമിലേക്കുള്ള യാത്രയ്ക്കിടെ അധികമാരും അറിയാതെ പോകുന്ന ഒരു മനോഹര ഇടമാണ് പേരേപ്പാറ ചെക്ക് ഡാം. കാടിനാൽ ചുറ്റുപ്പെട്ട പ്രദേശത്ത് ഒഴുകിയെത്തുന്ന കാട്ടരുവികളും ജലാശയവും അതിൽനിന്നു താഴേക്ക് ഒഴുകിവരുന്ന വെള്ളവും മഴക്കാലത്തു സമ്മാനിക്കുന്നത് കുളിരുള്ള കാഴ്ച. ചെറിയ വെള്ളച്ചാട്ടങ്ങളോടെയുള്ള ഇവിടെ ആളുകൾ കുടുംബസമേതം കുളിക്കാനും മഴയുടെ സൗന്ദര്യം ആസ്വദിക്കാനും എത്തുന്നു.
വിരുപ്പാക്ക നൂൽ കന്പനി കഴിഞ്ഞ് നൂറുമീറ്റർ മുന്നോട്ടുപോയി ഇടത്തോട്ടുതിരിഞ്ഞ് ഏകദേശം 300 മിറ്റർ അകലെയാണ് ഡാം.
തൂമാനം
വെള്ളച്ചാട്ടം
ഏതാനും വർഷങ്ങളായി വിനോദസഞ്ചാരികളുടെ പ്രിയ ഇടമായി മാറുകയാണ് അകമലയിലെ തൂമാനം വെള്ളച്ചാട്ടം. വടക്കാഞ്ചേരി നഗരത്തിൽനിന്ന് ഏകദേശം മൂന്നുകിലോമീറ്ററോളം മാറി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം അകമല ചേപ്പലക്കോട് വനമേഖലയിൽനിന്നുമാണ് ഉദ്ഭവിക്കുന്നത്. പ്രകൃതിരമണീയമായ വെള്ളച്ചാട്ടം എന്നതിലുപരി വളരെ സുരക്ഷിതമായതും കുട്ടികൾക്കുപോലും ഇറങ്ങി കളിക്കുകയും കുളിക്കുകയും ചെയ്യാമെന്നതുമാണ് തൂമാനത്തെ കൂടുതൽ പ്രിയങ്കരമാക്കുന്നത്.
ചാത്തൻചിറ
മഴ കനത്താൽ നിറഞ്ഞൊഴുകുന്ന ചാത്തൻചിറ ചെക്ക് ഡാമും വെള്ളച്ചാട്ടവും ആസ്വാദകമനം കവരുമെന്ന കാര്യം തീർച്ച. വടക്കാഞ്ചേരി കാഞ്ഞിരക്കോട് കൊടുന്പ് പ്രദേശത്തു മലനിരകൾക്കുതാഴെ സ്ഥിതിചെയ്യുന്ന ഡാമിൽ നിറഞ്ഞുതുളുന്പിക്കിടക്കുന്ന നീലജലാശയവും അതിൽനിന്നു കവിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവുമാണ് ഇവിടത്തെ പ്രധാന ആകർഷണം. എരുമപ്പെട്ടി പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന ചിറ വടക്കാഞ്ചേരി നഗരസഭയിലെയും പരിസരപ്രദേശങ്ങളിലെയും വരൾച്ചയെയും ഒരുപരിധിവരെ തടയുന്നവയിൽ ഒന്നാണ്.
കല്ലന്പാറ ചോല
പാദസ്വരനാദംപോലെ കാതുകളിൽ ശ്രവ്യസുന്ദരശബ്ദമെത്തിക്കുന്ന, ചെപ്പാറ മലയിൽനിന്ന് ഒഴുകി ചെറിയ ചോലകളും വെള്ളച്ചാട്ടവും ഉൾപ്പെടുന്ന മഴക്കാലവിനോദസഞ്ചാര കേന്ദ്രമാണ് കല്ലന്പാറ ചോല. തെക്കുംകര പഞ്ചയത്തിലെ കല്ലന്പാറ ബസ് സ്റ്റോപ്പിൽനിന്ന് ഏകദേശം ഒരു കിലോമീറ്ററിൽതാഴെ ദൂരംമാത്രമുള്ള ഇവിടെ റോഡിലേക്ക് ഒഴുകിവരുന്ന കാട്ടരുവികളും അല്പംമാറി ഒരു തെങ്ങിന്റെ ഉയരത്തിൽ പാറക്കെട്ടുകളിലൂടെ ഒഴുകിവരുന്ന വെള്ളവും സുന്ദരകാഴ്ചകളാണ്. മഴ ശക്തമാകുന്പോൾമാത്രമേ ഇവിടെ ഈ കാഴ്ച കാണാൻ സാധിക്കുകയുള്ളൂ. റീൽസുകളിലൂടെയും മറ്റു സാമൂഹ്യമാധ്യമങ്ങളിൽകൂടിയും അറിഞ്ഞ് ഏതാനും വർഷങ്ങളായി നിരവധിപ്പേരാണ് ഇവിടെ എത്തിച്ചേരുന്നത്.
നീലറച്ചിറ
വാഴാനി ഡാമിൽനിന്നു വടക്കാഞ്ചേരി പുഴയിലേക്ക് ഒഴുകിവരുന്ന കൈവഴികളിൽ ഒന്നായ നീലറച്ചിറയും ഒഴിവുവേളകളെ ആനന്ദകരമാക്കും. വടക്കാഞ്ചേരി ഫൊറോനാപ്പള്ളിയുടെ സമീപത്തുനിന്നും മച്ചാട് റൂട്ടിൽ അയ്യപ്പൻകാവിനും പനങ്ങാട്ടുകരയ്ക്കും സമീപം സ്ഥിതിചെയ്യുന്ന മംഗലം പ്രദേശത്തുനിന്നും ഒരു കിലോമീറ്ററിൽ താഴെമാത്രം ദൂരംവരുന്ന ഇവിടെ, വയലേലകൾക്കു നടുവിലായി സ്ഥിതിചെയ്യുന്ന ചിറയിൽ കുളിക്കുന്നതിനും മീൻ പിടിക്കുന്നതിനും ഒഴിവുവേളകൾ ചെലവഴിക്കുന്നതിനും കുടുംബങ്ങളും കൂട്ടുകാരും അടങ്ങുന്ന സംഘങ്ങൾ എത്തുന്നതു പതിവാണ്. ചിറയ്ക്കു 100 മീറ്റർ മാറി താഴ്ചയിലേക്കു പതിക്കുന്ന ചെറിയ വെള്ളച്ചാട്ടവും സുന്ദരമാണ്.
വട്ടായി വെള്ളച്ചാട്ടം
മണ്സൂണ്കാലയാത്രകളിൽ നിറഞ്ഞുനിൽക്കുന്ന റീൽസുകളിൽ ആദ്യസ്ഥാനങ്ങളിൽ ഒന്നായ വട്ടായി വെള്ളച്ചാട്ടവും കുടുംബങ്ങളുടെ ഇഷ്ടവിനോദകേന്ദ്രമാണ്. തൃശൂരിൽനിന്നു വെറും 13 കിലോമീറ്ററിനപ്പുറം കുണ്ടുകാടിനോട് അടുത്തുള്ള വട്ടായിയിൽ സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം കാഴ്ചക്കാർക്കു കൗതുകങ്ങളുടെ കലവറ തുറക്കുന്നു.
ചെപ്പാറക്കുന്നിൻചെരിവുകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന ജലസ്രോതസ് വട്ടായിയിലെത്തുന്പോഴാണ് രണ്ട് ചെറു വെള്ളച്ചാട്ടങ്ങളായി മാറുന്നത്. ഇവിടേക്കുള്ള യാത്രാവഴികളിൽ തന്നെ വെള്ളച്ചാട്ടത്തിൻറെ ഇരന്പൽ കേൾക്കാൻ കഴിയുന്നതും സഞ്ചാരികൾക്ക് ആവേശം പകരുന്നവയാണ്.