മിന്നൽച്ചുഴലി; ലക്ഷങ്ങളുടെ നഷ്ടം
1573914
Tuesday, July 8, 2025 1:19 AM IST
മേലൂർ: ഞായറാഴ്ച വൈകീട്ടോടെ മൂന്നുമിനിട്ടുമാത്രം നീണ്ടുനിന്ന ചുഴലിക്കാറ്റ് സൃഷ്ടിച്ച ഭീതി വിട്ടുമാറാതെ മേലൂർ ഗ്രാമപഞ്ചായത്ത്. മിന്നൽചുഴലിയിൽ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. കല്ലുകുത്തി, പന്തൽപാടം, മുള്ളൻപാറ, പിണ്ടാണി പാലപ്പിള്ളി ഭാഗങ്ങളിലാണു കനത്തനാശം നേരിട്ടത്. ഏക്കർകണക്കിന് ഭൂമിയിൽ കാർഷികവിളകൾ നശിച്ചു.
കാർഷികഗ്രാമമായ മേലൂരിൽ വർഷങ്ങളായി പല കുടുംബങ്ങളും ഉപജീവനമായി കരുതിയ ജാതികൃഷിക്കാണ് കൂടുതൽ നാശംനേരിട്ടത്. പതിനഞ്ചു വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു. പിണ്ടാണിയിൽ പയ്യപ്പിള്ളി വർഗീസിന്റെ വീടിനോടുചേർന്ന ഷെഡ്ഡിന്റെ മേൽക്കൂര പറന്നുവീണു. പറന്പിലെ ജാതി, തേക്ക് എന്നിവ കടപുഴകി. ചാതേലി ബാബു, പോളി എന്നിവരുടെ അന്പതിലേറെ പാകമാവാറായ ഏത്തവാഴകൾ ഒടിഞ്ഞുവീണു. പതപ്പള്ളി രാജന്റെ തൊഴുത്തിൽ മേൽക്കൂരയായി കെട്ടിയിരുന്ന ഷീറ്റ് കാറ്റിൽ പറന്നുപോയി. മാനാടൻ ബിജുവിന്റെ വീടിനു മുകളിൽ പ്ലാവ് ഒടിഞ്ഞുവീണു കേടുപാടു പറ്റി.
പാലപ്പിള്ളിയിൽ മേച്ചേരി മാർട്ടിന്റെ വീട്ടിലെ 15 ജാതിമരം കടപുഴകിവീണു. തൊട്ടടുത്ത കൊരട്ടിക്കാരൻ ജോബിയുടെ പറന്പിലെ ആറു ജാതിമരവും കടപുഴകി. ആളുകളെല്ലാം വീടിനകത്ത് ആയിരുന്നതിനാൽ അപകടം ഒഴിവായി.
പന്തൽപ്പാടം മേഖലയിലാണ് ചുഴലിക്കാറ്റ് വീടുകളെ ബാധിച്ചത്. പീണിക്ക ഭാസി, വെള്ളാടൻ ഷൈജു, കണിച്ചാത്ത് സജീവൻ, പനന്പിള്ളി ശശി, മാനാടൻ പൗലോസ്, തത്തംപള്ളി ശിവരാമൻ, പടിഞ്ഞാറോട്ട് രവി എന്നിവയുടെ വീടുകൾക്കാണു മരങ്ങൾ വീണു ചെറുതും വലുതുമായ നാശനഷ്ടം സംഭവിച്ചത്. ചുഴലിക്കാറ്റിൽ പന്തൽപാടത്ത് കിഴക്കിനിയേട്ടൻ പൈലന്റെ ജീവിതംതന്നെ വഴിമുട്ടി. പതിറ്റാണ്ടുകളായി ജീവിതമാർഗമായിരുന്ന കായ്ഫലമുള്ള 52 ജാതിമരങ്ങൾ കടപുഴകി. ഇനി അവശേഷിക്കുന്നത് മൂന്നുമരങ്ങൾ മാത്രമാണ്.
റവന്യൂവകുപ്പിൽ നിന്നു ലഭ്യമാകുന്ന വിവരമനുസരിച്ച് നഷ്ടങ്ങൾ ഇങ്ങനെയാണ്. ജാതിമരം- 497, തെങ്ങ് -46, കവുങ്ങ് - 319, വാഴ - 590. ഏകദേശം 33 ലക്ഷം രൂപയുടെ കാർഷികവിളകൾക്കാണു നാശം സംഭവിച്ചിരിക്കുന്നത്. വീടുകൾക്കു നാശം സംഭവിച്ചതിന്റെ കണക്കുകൾ തയ്യാറായിവരുന്നതേയുള്ളൂ.
ചുഴലിക്കാറ്റ് നാശംവിതച്ച ഇടങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, വൈസ് പ്രസിഡന്റ് പോളി പുളിക്കൻ, തഹസിൽദാർ കെ.എ. ജോബി, വില്ലേജ് ഓഫീസർ എം.എൻ. സിന്ധു, വാർഡ് മെന്പർ സതി ബാബു തുടങ്ങിയവർ സന്ദർശിച്ചു.