മണ്ണ്, വെള്ളം സംരക്ഷണത്തിൽ പരിശീലനം നൽകി
1565678
Monday, June 9, 2025 1:07 AM IST
അഗളി: കള്ളമല സെന്റ് സ്റ്റീഫൻസ് എൽപി സ്കൂളിൽ മണ്ണും വെള്ളവും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യൽ എന്ന വിഷയത്തിൽ പരിശീലന പരിപാടി നടത്തി.
നബാഡിന്റെ കള്ളമല നീരുറവ അടിസ്ഥാനമാക്കിയുള്ള നീർത്തട വികസന പദ്ധതിയുടെ ഭാഗമായാണ് അട്ടപ്പാടി സോഷ്യൽ സർവീസ് ഓർഗനൈസേഷൻ (ആസോ) പരിപാടി സംഘടിപ്പിച്ചത്.
കള്ളമല സ്പ്രിംഗ്ഷെഡ് വില്ലേജ് വാട്ടർഷെഡ് കമ്മിറ്റി അംഗം റോബിൻ പി. ജോസഫ് സ്വാഗതം പറഞ്ഞു. കമ്മിറ്റി പ്രസിഡന്റ് ജോൺസൺ വിലങ്ങുപാറയിൽ അധ്യക്ഷത വഹിച്ചു. ആസോ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. പോൾ പാറയിൽ സിഎംഐ പദ്ധതിയുടെ പ്രാധാന്യത്തെകുറിച്ച് വിശദീകരിച്ചു.
ചടങ്ങിൽ കമ്മിറ്റിയുടെ സെക്രട്ടറി ലിസമ്മ പ്രസംഗിച്ചു. ഡോ.വി. ഹരിദാസ് മണ്ണും ജല സംരക്ഷണവും പരിപാലനവും എന്ന വിഷയത്തിൽ പരിശീലനം നൽകി. പരിപാടിയുടെ ഭാഗമായി ജാതി തൈകളുടെ വിതരണവും നടത്തി.
കള്ളമലയിലെ ഗ്രാമീണർ, കർഷകർ, വിദ്യാർഥികൾ, വാട്ടർഷെഡ് സമിതിയംഗങ്ങൾ പങ്കെടുത്തു. ആസോയുടെ പ്രോജക്ട് മാനേജർ ഉദയഭാനു നന്ദി പറഞ്ഞു.