പെട്രോൾ ഒഴിക്കുന്നതിനിടെ ബൈക്കിനു തീപിടിച്ചു
1565679
Monday, June 9, 2025 1:07 AM IST
കുമരംപുത്തൂർ: പെട്രോൾ ഒഴിക്കുന്നതിനിടെ ബൈക്കിനു തീപിടിച്ചു. മണ്ണാർക്കാട്- അലനല്ലൂർ റൂട്ടിൽ ചുങ്കം ജംഗ്ഷനു സമീപമുള്ള സ്കൂൾപടിയിലാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ചത്. പെട്രോൾ കഴിഞ്ഞതിനെ തുടർന്ന് യുവാവ് സമീപത്തുള്ള പെട്രോൾപമ്പിൽനിന്നും പെട്രോൾ വാങ്ങി ബൈക്കിൽ ഒഴിക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ മൈലമ്പാടം പള്ളിക്കുന്ന് സ്വദേശിയായ യുവാവിനു നിസാര പൊള്ളലേറ്റു. ഓടിക്കൂടിയ നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മണ്ണാർക്കാട് അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാനിലയത്തിൽനിന്നും എത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. വിമൽ കുമാർ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ വി. സുരേഷ് കുമാർ, ഒ.എസ്. സുഭാഷ് , രാമകൃഷ്ണൻ, എന്നിവരടങ്ങുന്ന സംഘമാണ് തീ അണച്ചത്. ബൈക്ക് ഭാഗികമായി കത്തിനശിച്ചു.