പരിസരവാസികളും കർഷകരും ദുരിതത്തിൽ
1574970
Saturday, July 12, 2025 12:46 AM IST
കല്ലടിക്കോട്: കാഞ്ഞിരപ്പുഴ ഇടതു പ്രധാനകനാലോരത്തു വൻമരങ്ങൾ വളർന്നു നിൽക്കുന്നതു മൂലം വീടുകൾക്കും യാത്രക്കാർക്കും അപകടഭീഷണിയായി.
കനാലിന്റെ വശങ്ങൾ ഇടിയുന്നതും മരങ്ങൾ കടപുഴകി വീഴുന്നതും നിത്യസംഭവമായി മാറിയിട്ടുണ്ട്. കരിമ്പന, കരിവാക, പൊടുകണ്ണി, മറ്റു വലിയ മരങ്ങളും ഇത്തരത്തിൽ നിൽക്കുന്നുണ്ട്.
ഡാമിൽനിന്നും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ നല്ലൊരുഭാഗം മരച്ചുവടുകളിൽ തടസപ്പെടുകയും ഒഴുക്കിന്റെ ശക്തികുറയു ന്നുമുണ്ട്. പൂക്കോട്ടുകാവ്, ചളവറ, വല്ലപ്പുഴ, പട്ടാമ്പി തുടങ്ങിയ വാലറ്റമേഖലകളിൽ വെള്ളമെത്തുന്നതിനു ഇത്തരം മരങ്ങൾ തടസമാകുന്നതായി അവിടത്തെ കർഷകരും പറയുന്നു. കനാലിനോടുചേർന്ന പാടശേഖരങ്ങളിൽ നെൽകൃഷി ചെയ്യുന്നവരും പച്ചക്കറികൃഷി ചെയ്യുന്നവരും ഈ വെള്ളത്തെയാണ് ആശ്രയിക്കുന്നത്.
സാധാരണ കാഞ്ഞിരപ്പുഴഡാമിലെ വെള്ളം തുറന്നുവിടുന്നതിനു മുന്നോടിയായി തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ചു കനാൽ വൃത്തിയാക്കുക പതിവായിരുന്നു. എന്നാൽ കുറച്ചു വർഷങ്ങളായി ഈ ജോലികൾ ചെയ്യാൻ തൊഴിലുറപ്പു തൊഴിലാളികൾക്കു വിലക്കുണ്ട്.
കല്ലടിക്കോട് കീരുപ്പാറ കനാൽറോഡിൽ വളർന്നുപന്തലിച്ചുനിൽക്കുന്ന വാകമരം സമീപത്തെ നാലുവീടുകൾക്കു ഭീഷണിയാണ്. 110 കെവി ഇലക്ട്രിക് ലൈനിന്റെ സ്റ്റേ കമ്പി വലിച്ചു കെട്ടിയിരിക്കുന്നതും ഈ വാകമരത്തിലാണ്.