ചേറ്റൂർ ശങ്കരൻനായരെ അനുസ്മരിക്കാൻ ബിജെപിക്കു യോഗ്യതയില്ല: വി.കെ. ശ്രീകണ്ഠൻ
1574976
Saturday, July 12, 2025 12:46 AM IST
പാലക്കാട്: ചേറ്റൂർ ശങ്കരൻനായരെ അനുസ്മരിക്കാൻ ബിജെപിക്ക് യാതൊരു യോഗ്യതയുമില്ലെന്ന് വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സ്വാതന്ത്ര്യസമരം നയിച്ചിരുന്ന ആദ്യ കാലഘട്ടത്തിൽ എഐസിസി പ്രസിഡന്റായിരുന്ന പാലക്കാട്ടുകാരനായ മലയാളിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ 169 ാം ജന്മദിനത്തിന്റെ ഭാഗമായി ജില്ലാ കോണ്ഗ്രസ് ഓഫീസിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തിയും പുഷ്പാർച്ചന നടത്തിയും ആചരിച്ചു.
തുടർന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ അധ്യക്ഷതയിൽ കൂടിയ യോഗം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ദേശീയത മുറുകെപിടിച്ച നേതാവാണ് ചേറ്റൂർ. ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തിയും ജനങ്ങളെ ഭിന്നിപ്പിച്ചു ഭരണം നടത്തുന്ന ബിജെപിക്ക് ചേറ്റൂരിന്റെ ആശയങ്ങളോട് യാതൊരു ബന്ധമില്ലെന്നും ശ്രീകണ്ഠൻ ആരോപിച്ചു. മാത്രമല്ല സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തും മാപ്പുപറഞ്ഞ് ജയിൽ മോചിതരായവരും ആണ് പഴയ ജനസംഘക്കാർ.
ചേറ്റൂരിന്റെ ആശയങ്ങൾ നടപ്പിലാക്കാൻ പ്രവർത്തിക്കുന്നത് കോണ്ഗ്രസ് മാത്രമാണ്. നേതാക്കളായ സുമേഷ് അച്യുതൻ, വി. രാമചന്ദ്രൻ, സി.വി. സതീഷ്, സുധാകരൻ പ്ലാക്കാട്ട്, കെ. ഭവദാസ്, ബോബൻ മാട്ടുമന്ത, ജോസ് തോമസ്, എച്ച്. മുബാറക്ക്, എച്ച്.എ. സത്താർ, എം. വത്സകുമാർ, ഹരിദാസ് മച്ചിങ്ങൽ, എം. നാരായണസ്വാമി, സി. പ്രേംനവാസ്, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റുമാരായ ഡി. രമേശ്, എസ്.എം. താഹ, എസ്.സേവിയർ, പി.പ്രസാദ്, പട്ടാന്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.