അയിലൂർ മേഖലയിൽ നടീൽ കഴിഞ്ഞ നെൽപ്പാടങ്ങളിൽ ഞണ്ട്ശല്യം രൂക്ഷം
1574712
Friday, July 11, 2025 2:03 AM IST
നെന്മാറ: നടീൽ കഴിഞ്ഞ നെൽപ്പാടങ്ങളിൽ ഞണ്ട്ശല്യം രൂക്ഷം. നടീൽ കഴിഞ്ഞ് രണ്ടാഴ്ച പ്രായമായ നെൽച്ചെടികളെയാണ് ഞണ്ടുകൾ വെട്ടിമുറിച്ചു കളയുന്നത്. ശക്തമായ മഴയ്ക്കുശേഷം നെൽപ്പാടങ്ങളിലെ വെള്ളം വാർന്നു തുടങ്ങിയതോടെയാണ് നെൽപ്പാടങ്ങളിൽ ഞണ്ട് വെട്ട് കണ്ടുതുടങ്ങിയത്.
ചെടികളുടെ ചുവട്ടിൽ മണ്ണ് തുരന്നിരിക്കുന്ന ഞണ്ടിൻ കുഞ്ഞുങ്ങളാണ് നെൽച്ചെടികളെ വെള്ളത്തിനു താഴെ മുറിച്ചിടുന്നത്. ഞണ്ടുകൾ മുറിച്ചിട്ട നെൽച്ചെടികൾ വെള്ളത്തിൽ പാറി വരമ്പിന് സമീപം ഒഴുകി അടിഞ്ഞു തുടങ്ങിയതോടെയാണ് ഞണ്ടു വെട്ടിന്റെ രൂക്ഷത കർഷകരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഞണ്ടുവെട്ട് പ്രതിരോധിക്കുന്നതിനായി വെള്ളം വാർത്തുകളഞ്ഞ് നെൽപ്പാടത്തും വരമ്പിനു ചുറ്റും കീടനാശിനി അടിച്ച് നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. അയിലൂർ പഞ്ചായത്തിലെ തിരുവഴിയാട് പുത്തൻതറ മേഖലകളിലെ നെൽപ്പാടങ്ങളിലാണ് ഞണ്ട് വെട്ട് രൂക്ഷമായി കണ്ടുതുടങ്ങിയത്.