ഉപയോഗശൂന്യമായ വായനശാല കെട്ടിടം ഗ്രാമപഞ്ചായത്തിന് കൈമാറണം
1574717
Friday, July 11, 2025 2:03 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ ജീർണാവസ്ഥയിലെത്തിയ തെക്കേദേശം വില്ലേജ് പ്രവർത്തിച്ചിരുന്ന പഴയകെട്ടിടം ഗ്രാമ പഞ്ചായത്തിന ്കൈമാറി പുനരുദ്ധരിച്ച് ജനക്ഷേമപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകൾക്ക് മുമ്പ് ചിറ്റൂർ കാവിന്റെ മുമ്പിലുള്ള റവന്യൂ ഡിപ്പാർട്ട്മെന്റിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസ് ജനങ്ങളുടെ സൗകര്യത്തിന് വേണ്ടി തെക്കേദേശത്ത് തന്നെ പ്രവർത്തിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ തുടർന്നാണ് പാറക്കാൽ എഎംഎൽപിസ്കൂളിന് മുന്നിലുള്ള വായനശാലയായി പ്രവർത്തിച്ചുവന്നിരുന്ന കെട്ടിടത്തിലേക്ക് മാറ്റിയത്.
പതിറ്റാണ്ടുകൾക്ക് ശേഷം പാറക്കാലിൽ തന്നെ റവന്യു പുറമ്പോക്ക് സ്ഥലത്തു ലക്ഷങ്ങൾ മുടക്കി ഒരു പുതിയ കെട്ടിടം നിർമിച്ച് പ്രവർത്തനം തുടങ്ങി. പിന്നീട് ഈ കെട്ടിടം ആൾപ്പെരുമാറ്റം ഇല്ലാതെ ചിതലരിച്ചും ചോർന്നൊലിച്ചും ജീർണാവസ്ഥയിലായി. ഈ കെട്ടിടം ഗ്രാമപഞ്ചായത്തിന് കൈമാറിയാൽ വയോധികർക്ക് പകൽവീടും അങ്കണവാടി തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഇവിടെ പ്രവർത്തിക്കാൻ കഴിയും. റവന്യൂ ഡിപ്പാർമെന്റിന്റെ രേഖകളിൽ ഇപ്പോഴും പഴയകാലത്തെ വായനശാലയുടെ പേരിലാണുള്ളത്.