പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നു ബിജെപി
1574721
Friday, July 11, 2025 2:03 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ കുത്തഴിഞ്ഞ ഭരണ സംവിധാനത്തിനെതിരെ ഈമാസം 15 മുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നു ബിജെപി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ടൗണിലെ ട്രാഫിക് സംവിധാനം കുറ്റമറ്റതാക്കുക, വഴിയോര കച്ചവടം നിയന്ത്രിക്കുക, നൂറുകണക്കിനു യാത്രക്കാർ എത്തുന്ന ടൗണിലെ ചെറുപുഷ്പം ജംഗ്ഷനിലുള്ള കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കുക, സ്കൂളിനു മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കുക, സർക്കാർ ആശുപത്രിയിൽ വൈകുന്നേരവും ചികിത്സ ലഭ്യമാകുന്നതിനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപരിപാടികൾ.
2022 സെപ്റ്റംബർ രണ്ടിന് കൂടിയ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ചവന്ന സാഹചര്യത്തിൽ വിഷയത്തിൽ എംഎൽഎ ഇടപ്പെടണം. ടൗൺ റോഡുകളിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും തടസമായി റോഡിൽ നിർത്തിയിടുന്ന കച്ചവട സ്ഥാപനങ്ങൾ നീക്കം ചെയ്യുന്നതിനും ടൗണിൽ പെർമിറ്റില്ലാതെ ഓടുന്ന ഓട്ടോറിക്ഷകൾ പിടികൂടുന്നതിനും നടപടി വേണം.
യോഗം തീരുമാനങ്ങൾ എഴുതിവക്കുന്നതിനപ്പുറം നടപ്പിലാക്കുന്നതിനുള്ള യാതൊരു ഇച്ഛാശക്തിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
ചെറുപുഷ്പം സ്കൂളിന് മുന്നിൽ പഴയ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുനീക്കിയ സ്ഥലത്ത് പുതിയത് നിർമിക്കണമെന്നും ആവശ്യമുന്നയിച്ചു. നെൽകർഷകരുടെ വിഷയത്തിൽ സർക്കാർ ഇടപെടുന്നില്ലെന്നും പൂട്ടികിടക്കുന്ന ആലത്തൂരിലെ മോഡേൺ റൈസ് മിൽ ഉൾപ്പെടെയുള്ള മില്ലുകൾതുറന്ന് കർഷകരിൽനിന്നും സംഭരിക്കുന്ന നെല്ല് ഇവിടെ തന്നെ അരിയാക്കിമാറ്റാൻ പദ്ധതികൾ വേണം.
സംസ്ഥാന സർക്കാർ നെൽകർഷകരെ അവഗണിക്കുന്ന സ്ഥിതി തുടർന്നാൽ കേന്ദ്രസർക്കാർ ഇടപ്പെട്ട് നെല്ലുസംഭരണത്തിനുള്ള വഴികൾ കണ്ടെത്തുമെന്നു് ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടിജില്ലാ വൈസ് പ്രസിഡന്റ് സി.എസ്. ദാസ്, ജില്ലാ ജനറൽ സെക്രട്ടറി ബാബു പൂക്കാട്ടിരി, മണ്ഡലം പ്രസിഡന്റ് അഡ്വ. ശ്രീരാജ് വള്ളിയോട്, സെക്രട്ടറി എൻ. കൃഷ്ണകുമാർ, ബിജെപി വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗുരു തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.