അവഗണനയ്ക്കെതിരേ നാടിന്റെ ശബ്ദമായി അട്ടപ്പാടി ജനകീയ കൂട്ടായ്മ സംഗമം
1574719
Friday, July 11, 2025 2:03 AM IST
അഗളി: അട്ടപ്പാടിയുടെ ആവശ്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ജനകീയ കൂട്ടായ്മ വോയ്സ് ഓഫ് അട്ടപ്പാടിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട അട്ടപ്പാടി ജനകീയസമിതി നേതൃത്വം നല്കിയ പ്രതിഷേധറാലിയും സംഗമവും ഇന്നലെ അഗളിയിൽ നടന്നു.
അട്ടപ്പാടിയിലേക്കുള്ള ഏക യാത്രാമാർഗമായ തകർന്ന റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നും വർധിച്ചുവരുന്ന വന്യമൃഗ ആക്രമണത്തിൽനിന്ന് അട്ടപ്പാടിയിലെ ജനങ്ങൾക്കു സംരക്ഷണം നല്കണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
കക്ഷിരാഷ്ട്രിയത്തിനു അതീതമായി രൂപപ്പെട്ട ജനകീയ സമിതിയുടെ ആദ്യ പ്രതിഷേധ സംഗമമായിരുന്നു അഗളിയിലേത്. ദേശീയ അവർഡ് ജേതാവ് നഞ്ചിയമ്മ പ്രതിഷേധറാലി ഗൂളിക്കടവിൽ ഉദ്ഘാടനം ചെയ്തു.
ഗൂളിക്കടവ് സെന്ററിൽ നിന്നാരംഭിച്ച റാലിയിൽ നൂറുകണക്കിനു പൊതുജനങ്ങൾ പങ്കെടുത്തു. അട്ടപ്പാടി സിവിൽ സറ്റേഷന് സമീപത്ത് ചേർന്ന പൊതുയോഗത്തിൽ അട്ടപ്പാടിയുടെ എല്ലാ മേഖലയിൽ നിന്നും ആളുകൾ ഒഴുകിയെത്തി.
കഴിഞ്ഞ മൂന്നുവർഷമായി പ്രവർത്തനം ആരംഭിച്ച് പാതിവഴിയിൽ നിലച്ചുപോയ മണ്ണാർക്കാട് തെങ്കര റീച്ചിന്റെ പണികൾ പൂർത്തിയാക്കാത്തതിൽ ജനരോഷമിരമ്പി.
കഴിഞ്ഞ മാർച്ചിൽ പൂർത്തിയാക്കാമെന്നു എംഎൽഎ നല്കിയ ഉറപ്പു വെറുതെയായെന്നും ഒരുപണിയും നടക്കാത്ത സാഹചര്യത്തിൽ കരാറുകാരനു ജൂലൈ 31 വരെ കരാർ നീട്ടിനല്കിയതിൽ ജനകീയ സമിതി പ്രതിഷേധം രേഖപ്പെടുത്തി. കരാറുകാരനെ കരിമ്പട്ടികയിൽപെടുത്താൻ സർക്കാർ തയാറാകണമെന്നു സംഗമത്തിൽ ആവശ്യമുയർന്നു. അട്ടപ്പാടിയിലെ എല്ലാ വാർഡിലും ആനയും പുലിയും ഇറങ്ങുന്ന സാഹചര്യം സർക്കാർ ഗൗരവമായിക്കാണണം.
അട്ടപ്പാടിയിൽ ഇനി വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തുന്നവരുടെ ശരീരഭാഗങ്ങൾ മറവുചെയ്യേണ്ടതില്ലെന്നും അത് മൃഗങ്ങൾക്കു ഭക്ഷണമായി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നതായി വനംവകുപ്പിനെ അറിയിക്കുന്നതായി ജനകീയസമിതി സംഘാടകർ അറിയിച്ചു.
അട്ടപ്പാടി ജനകീയ കൂട്ടായ്മ ചെയർമാർ റോബിൻ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. സജി വട്ടുകളത്തിൽ മുഖ്യപ്രഭാഷണം നടത്തി.
അഗളി ജുമാ മസ്ജിദ് ഖത്തീബ് റഷീദ് അൻവരി, സുധീർ ആനക്കട്ടി ദേവരാജ്, ബാലകൃഷ്ണൻ, ജെയ്സൺ ജെയിംസ്, ഷാജി താവളം എന്നിവർ പ്രസംഗിച്ചു.
ജയൻ സ്വാഗതവും ബാബു നന്ദിയും പറഞ്ഞു. നൂറുകണക്കിനാളുകൾ ഒപ്പിട്ട ഹർജി മുഖ്യമന്ത്രിക്കും പൊതുമരാമത്തു വകുപ്പിനും നൽകുമെന്നു സംഘാടകസമിതി അറിയിച്ചു.