പാട്ടികുളത്ത് സ്ലാബുകൾ തകർന്ന മൂലത്തറ കനാൽബണ്ട് അപകടഭീഷണിയിൽ
1574716
Friday, July 11, 2025 2:03 AM IST
ചിറ്റൂർ: പാട്ടികുളത്ത് മൂലത്തറ ഇടതു കനാൽബണ്ട് തകർന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കണമെന്നതാണ് കർഷകരുടെ ആവശ്യം. കിഴക്കേക്കാട്ടിൽ കനാലിന്റെ വടക്കുഭാഗം ബണ്ടാണ് സ്ലാബുകൾ വീണ് സംരക്ഷണ ഭിത്തിക്ക് ബലക്ഷയം ഉണ്ടായിരിക്കുന്നത്. മഴ ശക്തമായി കമ്പാലത്തറയിൽ നിന്നും ജലം ഇടതുകനാലിൽ ഇറക്കിവിടാറുണ്ട്.
കനാലിൽ പൂർണതോതിൽ വെള്ളമിറക്കിയാൽ മണ്ണിളകി ബണ്ട്പൊട്ടി നെൽവയലുകളിൽ വെള്ളം മുങ്ങാനുള്ള സാധ്യതയുമുണ്ട്. മുന്പ് വണ്ടിത്താവളം പാറമേട്, ഹൈസ്കൂളിനു പിൻഭാഗം എന്നിവിടങ്ങളിൽ ബണ്ട് തകർന്ന് വീടുകൾ, മദ്രസ, കൊയ്യാറായ വയലുകളിൽ വെള്ളം ഇരച്ചുകയറി നാശം വിതച്ചു. കനാൽബണ്ട് പൊട്ടിയ സ്ഥലത്ത് മദ്രസ വിദ്യാർഥികൾ എത്തുന്നതിനു മുന്പ് പ്രഭാതസമയത്താണ് അപകടമുണ്ടായതിനാൽ വൻദുരന്തം വഴിമാറി. വീടുകൾക്കുള്ളിൽ കനാൽ വെള്ളവും മണ്ണും കയറി ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടായ സംഭവം നടന്നിരുന്നു.
കനാൽ ബണ്ടിനു സമീപവാസികൾ കനാലിന്റെ അപകടാവസ്ഥ ബന്ധപ്പെട്ട ജലസേചന വകുപ്പിന് നൽകി മുന്നറിയിപ്പ് അവഗണിച്ചതാണ് ബണ്ട് 15 മീറ്റർ ദൂരത്തിൽ തള്ളിപ്പോവാൻ കാരണമായത്.
കിഴക്കേക്കാട്ടിലും സമാനമായ അപകടാവസ്ഥയാണ് നിലവിലുള്ളത്.