എഴുപത്തിയേഴുകാരി ശ്രീദേവിയമ്മ ഏറ്റവും പ്രായംകൂടിയ പരീക്ഷാർഥി
1574723
Friday, July 11, 2025 2:03 AM IST
പാലക്കാട്: സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന ഹയർ സെക്കൻഡറി തുല്യത പരീക്ഷ ആരംഭിച്ചു. ജില്ലയിൽ 13 പരീക്ഷാകേന്ദ്രങ്ങളിലായി 1661 പേർ ആദ്യ ദിനത്തിൽ പരീക്ഷയെഴുതി.
രണ്ടാംവർഷ മലയാളം പരീക്ഷയാണ് ആദ്യദിനത്തിൽ നടന്നത്. പരീക്ഷ എഴുതിയവരിൽ 1403 സ്ത്രീകളും, 258 പുരുഷന്മാരും,പട്ടികജാതി വിഭാഗത്തിലുള്ള 245, പട്ടികവർഗ വിഭാഗത്തിൽ 21 പഠിതാക്കളുമാണുള്ളത്.
കുമരംപുത്തൂർ കല്ലടി എച്ച്എസ്എസ് സ്കൂളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പഠിതാക്കൾ പരീക്ഷ എഴുതിയത്. 303 പേരാണ് എഴുതിയത്. രണ്ടാംവർഷ പരീക്ഷ 27 ന് അവസാനിക്കും. ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഇന്നാരംഭിച്ച് 28ന് സമാപിക്കും.
ജില്ലയിൽ 890 പേരാണ് പരീക്ഷ എഴുതുക. കുമരംപുത്തൂർ കല്ലടി എച്ച്എസ്എസ് സ്കൂളിൽ പരീക്ഷ എഴുതിയ ശ്രീദേവിയമ്മ (77) യാണ് ഹയർസെക്കൻഡറി തുല്യത പരീക്ഷ എഴുതിയതിൽ പ്രായം കൂടിയ പഠിതാവ്.
1968 ൽ 254 മാർക്കോടെ മലപ്പുറം പാണ്ടിക്കാട്, പയ്യപ്പറന്പ് ഹൈസ്കൂളിൽ നിന്നും എസ്എസ്എൽസി പരീക്ഷയെഴുതി വിജയിച്ചെങ്കിലും വിവാഹശേഷം തുടർപഠനത്തിനു ശ്രീദേവിയമ്മയ്ക്കു കഴിഞ്ഞിരുന്നില്ല.
പാതിവഴിയിൽ നിലച്ചുപോയ പഠനത്തെ വീണ്ടെടുക്കാൻ പാലക്കാട് പൂളക്കാട് ഹിദായത്ത് നഗറിലെ യുവദന്പതികളായ അബൂതാഹിറും (40), ഭാര്യ തസ്ലീമ (30)യും രണ്ടാംവർഷ മലയാളം പരീക്ഷയെഴുതാൻ ഒരുമിച്ചെത്തി.
പാലക്കാട് പിഎംജി സ്കൂളിലാണ് ഇരുവരും രണ്ടാംവർഷ തുല്യതാ പരീക്ഷയെഴുതിയത്.