പാലക്കുഴി കൊർണപ്പാറയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കും
1574714
Friday, July 11, 2025 2:03 AM IST
വടക്കഞ്ചേരി: മലമ്പ്രദേശമായ പാലക്കുഴിയുടെ സർവ സൗന്ദര്യഭാവങ്ങളും നിറഞ്ഞുനിൽക്കുന്ന പാലക്കുഴിയിലെ അഞ്ചുമുക്ക്- കൊർണപ്പാറ റോഡ് ഗതാഗതയോഗ്യമാക്കും. അഞ്ചുമുക്കിൽ നിന്നും തുടങ്ങുന്ന റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുമെന്ന് വാർഡ് മെംബർ പോപ്പി ജോൺ പറഞ്ഞു. ഇതിനായി 25 ലക്ഷം രൂപ കെ.ഡി. പ്രസേനൻ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. നിർമാണപ്രവൃത്തികൾ വൈകാതെ തുടങ്ങും.
നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശമാണ് നന്നങ്ങാടികളുടെ ശേഷിപ്പുകളുള്ള പാലക്കുഴിയിലെ കൊർണപ്പാറ പ്രദേശം. മലയിൽ നിന്നും താഴേക്കുള്ള ദൂരക്കാഴ്ചകൾ അതിമനോഹരമാണ്. വിസ്തൃതമായ പാറപ്പുറങ്ങളും പുൽത്തകിടികളും ഇവിടെയുണ്ട്. പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ പോകുന്നവർക്ക് പോലീസ് നിരീക്ഷണ ടവറും ഫോറസ്റ്റ് വാച്ചർ ഷെഡുമുള്ള ഇവിടേക്ക് പ്രവേശനാനുമതിയുണ്ട്. മദ്യപസംഘങ്ങൾക്കും സാമൂഹ്യവിരുദ്ധർക്കും ഇവിടേക്ക് കടക്കാനാകില്ല. പ്ലാസ്റ്റിക് നിരോധിത മേഖല കൂടിയാണ് പ്രദേശം.