മുല്ലക്കര ഉന്നതിയിലെ വീടുകളിൽ ഉടൻ വൈദ്യുതി: മന്ത്രി കെ. കൃഷ്ണൻകുട്ടി
1574713
Friday, July 11, 2025 2:03 AM IST
പാലക്കാട്: പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ മുല്ലക്കര ഉന്നതിയിലെ എല്ലാ വീടുകളിലും 27 നകം വൈദ്യുതി എത്തിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി കുടിശികയെ തുടർന്ന് 20 കുടുംബങ്ങളുടെ വൈദ്യുതി വിഛേദിക്കപ്പെട്ട സാഹചര്യത്തിൽ മുല്ലക്കര ഉന്നതി സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം.
വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനും വീടുകളിലേക്ക് പുതിയ കണക്ഷൻ നൽകുന്നതിനുമായി കേരള ഹൈഡൽ ടൂറിസത്തിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നുളള 5.57 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർക്കു വേണ്ടി ജില്ലാ പട്ടികവർഗ വികസന ഓഫീസർ എം. ഷമീനയ്ക്ക് മന്ത്രി കൈമാറി. ഈ തുകയിൽ 3,05974 ലക്ഷം രൂപയാണ് കുടിശിക തീർക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്കായി ഉപയോഗിക്കുക. ബാക്കിവരുന്ന 2,51,647 രൂപ ഭാഗികമായി തകർന്ന വീടുകളുടെ വയറിംഗിനും നവീകരണത്തിനുമായി വിനിയോഗിക്കും. ഒൻപത് വീടുകൾക്ക് നിലവിലുള്ള സൗകര്യങ്ങളിൽത്തന്നെ വൈദ്യുതി ലഭ്യമാക്കും.
വൈദ്യുതി എത്തിക്കുന്നതിനോടൊപ്പം മുല്ലക്കര ഉന്നതിയിലെ ഓരോ വീടുകളിലും ദീർഘകാല വരുമാനം ഉറപ്പുവരുത്തുന്ന രീതിയിലുള്ള പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉന്നതി നിവാസികളുടെ ചെലവും വരുമാനവും കണക്കിലെടുത്ത് അവരുടെ താത്പര്യം അനുസരിച്ച് തെങ്ങ്, കവുങ്ങ് പോലുള്ള തൈകൾ വെച്ചുപിടിപ്പിക്കുന്നതിനും പശു, ആട്, കാട തുടങ്ങിയവ വളർത്തുന്നതിനുമുള്ള സംവിധാനങ്ങൾ ഉണ്ടാകണം.
കൂടാതെ, കമ്യൂണിറ്റി ഇറിഗേഷൻ സ്കീം വഴി ഓരോ വീടുകളിലേക്കും വെള്ളം എത്തിക്കണമെന്ന് മന്ത്രി നിർദേശം നൽകി.
മുല്ലക്കര ഉന്നതി നിവാസികൾക്ക് തൊഴിലുറപ്പ് പദ്ധതി മുഖേന 100 ദിവസം വരെ തൊഴിൽ നൽകാനും മന്ത്രി നിർദേശിച്ചു. ഹെൽത്ത് ക്യാന്പുകൾ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.