സ്വരാക്ഷര 2025: സ്വരലയ സ്കൂള്‍ ഓഫ് മ്യൂസിക്കിന് അഭിനന്ദന പ്രവാഹം
ജോസ് കുമ്പിളുവേലില്‍
Thursday, October 16, 2025 2:10 AM IST
അല്‍മേറെ (നെതര്‍ലന്‍ഡ്സ്): രാഗഭാവവും താളബോധവും സമന്വയിച്ചു യൂറോപ്യന്‍ മണ്ണില്‍ പെയ്തിറങ്ങിയ കര്‍ണാടക സംഗീതം ""സ്വരാക്ഷര 2025’’ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്ക് അവിസ്മരണീയമായി.
സ്വരലയ സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ വാര്‍ഷികാഘോഷം ""സ്വരാക്ഷര 2025’’ അല്മേറെയിലെ കുന്സ്റ്റ്ലൈന് തിയേറ്ററില്‍ നടത്തപ്പെട്ടു. പത്മഭൂഷണ്‍ പുരസ്കാര ജേതാവും പ്രമുഖ കര്‍ണാടക സംഗീതജ്ഞയുമായ വിദുഷി സുധ രഘുനാഥനും അംബാസഡര്‍ കുമാര്‍ തുഹിനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഈണങ്ങളുടെയും പാരമ്പര്യത്തിന്റെയും ആഘോഷത്തിന്റെയും ഈ ഒത്തുചേരല്‍ യൂറോപ്പിലെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്ക് അവിസ്മരണീയമായ അനുഭവമായി. അറിവിന്റെയും കലയുടെയും നിത്യജ്വാലയെ പ്രതീകാത്മകമായി ദീപം കൊളുത്തിക്കൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. വിദുഷി സുധ രഘുനാഥന്, വിദേശത്തെ യുവതലമുറയില്‍ കര്‍ണാടക സംഗീത പാരമ്പര്യം പരിപോഷിപ്പിക്കുന്ന സ്വരലയയുടെ ശ്രമങ്ങളെ അഭിനന്ദിച്ചു. അംബാസഡര്‍ തുഹിന്‍, ഇന്ത്യയുടെ സാംസ്കാരിക സ്വാധീനം ശക്തിപ്പെടുത്തുന്നതിലും സാംസ്കാരിക സൗഹൃദം വളര്‍ത്തുന്നതിലും സ്വരാക്ഷര പോലുള്ള സംരംഭങ്ങളുടെ പങ്ക് ഊന്നിപ്പറഞ്ഞു.

വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 280 വിദ്യാര്‍ഥികളുള്‍പ്പെടെ 700ല്‍ അധികം പേര് ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കര്‍ണാടക വായ്പാട്ട്, ഉപകരണ സംഗീതം, ഭക്തിഗാനങ്ങള്‍ എന്നിവയുടെ പ്രകടനങ്ങള്‍ ശ്രദ്ധേയമായി. കൃതികള്‍, ഭജനകള്‍, ശ്ലോകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ വേദിയില്‍ അരങ്ങേറി.
കര്‍ണാടക സംഗീതം ലോകമെമ്പാടും പ്രസക്തവും ഊര്‍ജ്ജസ്വലവുമാക്കുക എന്ന സ്വരലയയുടെ കാഴ്ചപ്പാട് ഈ പരിപാടിയിലും വ്യക്തമായിരുന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഭാരതത്തിന്റെ ശാസ്ത്രീയ സംഗീത പാരമ്പര്യം നിലനിര്‍ത്തുന്ന ഒരു മികച്ച സാംസ്കാരിക ലോകം വേദിയില്‍ സൃഷ്ടിച്ചു. പരിപാടി വിജയകരമാക്കാന്‍ സഹകരിച്ച വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സ്പോണ്‍സര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്വരലയയുടെ ഡയറക്ടറും ടീമും നന്ദി അറിയിച്ചു. കര്‍ണാടക സംഗീതത്തിന്റെ താളം വന്‍കരകള്‍ കടന്നും മുഴങ്ങുമെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, നൂറുകണക്കിന് യുവ സംഗീതജ്ഞര്‍ക്ക് പ്രചോദനമായി സ്വരലയ യാത്ര തുടരുകയാണ്.