District News
വാടാനപ്പിള്ളി: അപകടത്തിൽ മരിച്ച യുവ ഫുട്ബോൾ താരം സിനാനു(18) വിട നൽകാൻ ഒരു നാട് മുഴുവൻ ഒഴുകിയെത്തി.
കഴിഞ്ഞദിവസമുണ്ടായ ബൈക്ക് അപകടത്തിലാണ് ചേറ്റുവ സ്വദേശി സിനാനു ഗുരുതര പരിക്കേറ്റത്. തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് മരണപ്പെടുകയായിരുന്നു. സിനാന് അന്തിമോപചാരം അർപ്പിക്കാൻ സുഹൃത്തുക്കളും സഹപാഠികളുമടക്കം ഒട്ടറെ പേരാണു വസതിയിലും സിനാൻ അംഗമായ ചേറ്റുവ എഫ്എസി ക്ലബ്ബിലും എത്തിയത്. വൈകീട്ട് 5.30ന് ചേറ്റുവ ജുമാ മസ്ജിദ് കബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.
സിനാന്റെ മരണത്തോടെ ഫുട്ബോളിലെ ഭാവിവാഗ്ദാനത്തെയാണ് നാടിനു നഷ്ടമായത്.
സബ് ജൂനിയർ, ജൂനിയർ, അണ്ടർ 19, അണ്ടർ 20 വിഭാഗങ്ങളിലായി സംസ്ഥാനതലത്തിൽ മലപ്പുറം ജില്ലയ്ക്കുവേണ്ടിയും, ഒഡീഷയിൽ നടന്ന ജൂനിയർ ബി.സി. റോയ് ഫുട്ബോൾ ചാന്പ്യൻഷിപ്പിലും ദേശീയ സ്കൂൾ അണ്ടർ 19 ഫുട്ബോൾ കിരീടം നേടിയ കേരള ടീമിലും മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭയായിരുന്നു സിനാൻ.
District News
കുന്നംകുളം: നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയും എസ്സി പ്രമോട്ടറുമായ സ്വാതി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഭീഷണിയെ തുടർന്ന് രാജി സമർപ്പിച്ച സംഭവത്തിൽ നഗരസഭ കൗൺസിൽ യോഗം പ്രതിപക്ഷ ബഹളത്തിൽ മുങ്ങി. യോഗ നടപടികൾ ആരംഭിച്ച സമയത്ത് കോൺഗ്രസ് കക്ഷി നേതാവ് ഷാജി ആലിക്കലാണ് പരാതി ആദ്യം ഉന്നയിച്ചത്.
നഗരസഭയിൽ സ്വസ്ഥമായി ജോലിചെയ്തിരുന്ന എസ്സി പ്രമോട്ടർക്കുനേരേ ലോക്കൽ സെക്രട്ടറി കടുത്ത ഭീഷണിയാണ് ഉയർത്തിയതെന്നും ഇയാൾക്കെതിരേ കേസ് കൊടുക്കാൻ നഗരസഭ തയാറാകണമെന്നും ഷാജി ആലിക്കൽ ആവശ്യപ്പെട്ടു. ഈ നീതികേടിനെതിരേ കൗൺസിൽ ഒന്നടങ്കം പ്രതിഷേധിക്കണമെന്നും ബിജെപിയിലെ ശ്രീജിത്ത് ആവേൻ, ഗീതാ ശശി എന്നിവരും ആവശ്യപ്പെട്ടു. സ്വാതിയുടെ രാജി അനുവദിക്കരുതെന്നും അവരെ ജോലിയിൽ തിരിച്ചെടുക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും ആർഎംപിയിലെ റീജ സനിൽ, കെ.എ. സോമൻ എന്നിവരും ആവശ്യപ്പെട്ടു.
എന്നാൽ സ്വാതി രാജി സമർപ്പിച്ചിട്ടില്ലെന്നും അവർ ഇപ്പോഴും ജോലിയിൽ തുടരുന്നുണ്ടെന്നും അവർക്ക് മറ്റു പരാതികൾ ഇല്ലെന്നും നഗരസഭാ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ് പറഞ്ഞു. ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തി എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടി നിലയിൽ പരിശോധിക്കുമെന്നും പി.ജി. ജയപ്രകാശ് പറഞ്ഞു.
വിശദീകരണത്തിൽ തൃപ്തിയാവാതെ ആർഎംപിയിലെ നാലംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി.
തുടർന്നും പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ആരോപണ, പ്രത്യാരോപണങ്ങൾ തുടർന്നു. നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസുകൊടുക്കാൻ നഗരസഭ തയാറാക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷമായ കോൺഗ്രസും ബിജെപിയും പ്രതിഷേധം തുടർന്നു.
ഇരിപ്പിടം വിട്ടിറങ്ങിയ കോൺഗ്രസിലെ ഒരു വിഭാഗവും ബിജെപി അംഗങ്ങളും ചെയർമാന്റെ ചേംബർ ഉപരോധിച്ച് പ്രതിഷേധിച്ചു. ഇതോടെ ചെയർപേഴ്സൺ സൗമ്യ അനിലൻ അജൻഡകളെല്ലാം പാസാക്കിയതായി അറിയിച്ചു യോഗം പിരിച്ചുവിട്ടു.
District News
തൃശൂർ: സർക്കാർ ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളത്തിനൊപ്പം പ്രൈവറ്റ് ആശുപത്രികളും നൽകണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ നടത്തുന്ന സമരം മനുഷ്യജീവനെതിരെയുള്ളതും രോഗികളെയും പൊതുജനത്തെയും കബളിപ്പിക്കുന്നതുമാണെന്ന് തൃശൂർ അതിരൂപത ജോണ്‍പോൾ പ്രോലൈഫ്സമിതി വിലയിരുത്തി.
കേരളത്തിൽ ഏറ്റവും ഉയർന്ന ശന്പളനിരക്ക് നൽകിക്കൊണ്ടിരിക്കുന്ന തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രി, അമല ആശുപത്രി തുടങ്ങിയ ക്രൈസ്തവ ആശുപത്രികളുടെ മുന്നിൽമാത്രം പ്രധാനമായും നടത്തിവരുന്ന സമരം മറ്റു ഗൂഢലക്ഷ്യങ്ങൾ ഉള്ളതാണെന്നും സമിതി അഭിപ്രായപ്പെട്ടു. മാത്രമല്ല, ആശുപത്രിയുമായി ബന്ധപ്പെട്ടുനടത്തുന്ന സമരം അതിരൂപത ആസ്ഥാനത്തേക്ക് വലിച്ചിഴക്കുന്നതിലും ദുരൂഹതയുണ്ടെന്നു സമിതി വിലയിരുത്തി.
അതിരൂപത ആസ്ഥാനത്തേക്ക് ഇനിയും അത്തരത്തിൽ പ്രകടനങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുന്ന പക്ഷം പ്രോലൈഫ് സമിതിയുടെപ്രവർത്തകർ ശക്തമായി പ്രതിരോധിക്കുമെന്നും ഓർമപ്പെടുത്തി. ഫാമിലി അപ്പസ്തോലേറ്റ് സെന്ററിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ് ജയിംസ് ആഴ്ചങ്ങാടൻ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി, സെക്രട്ടറി ശോഭ ജോണ്സണ്, ട്രഷറർ പ്രിൻസ് കരേക്കാട്ട്, ഇ. സി. ജോർജ് മാസ്റ്റർ, എം.എ. വർഗീസ്, രാജൻ ആന്റണി, ഷീബ ബാബു, ജോണ്‍ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചാലക്കുടി: ദേശിയപാത സർവീസ് റോഡിലേക്ക് മലിനജലം ഒഴുകുന്നു. സൗത്ത് ജംഗ്ഷനിലുള്ള ഒരു ഹോട്ടലിൽ നിന്നാണ് മലിനജലം ഒഴുക്കുന്നത്.
മലിനജലം തിരുമുല്പാട് റോഡിൽ കെട്ടിക്കിടക്കുയാണ്. മലിനജലത്തിൽനിന്നു ദുർഗന്ധം വമിക്കുന്നുണ്ട്.
നഗരസഭ ഈ സ്ഥാപനത്തിന് നോട്ടീസ് നൽകിയിട്ടും യാതൊരു വിലയും കല്പിക്കാതെ മലിനജലം ഒഴുക്കുകയാണ്. ഈ പരിസരത്ത് നിരവധി കടകളും വീടുകളുമുണ്ട്. റോഡിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിലൂടെയാണ് നാട്ടുകാർ സഞ്ചരിക്കുന്നത്.
District News
മാള: പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ 150 -ാമത് ജനനത്തിരുനാൾ കൊടിയേറി.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ കൊടികയറ്റം നിർവഹിച്ചു. തുടർന്നുനടന്ന ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന, പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. ജോമിൻ ചെരടായി കാർമികത്വംവഹിച്ചു. തിരുക്കർമങ്ങൾക്കു മുന്നോടിയായി നടന്ന വാഹനവിളംബരറാലി വികാരി ഫാ. ബിനോയ് പൊഴോലിപറമ്പിൽ ഫ്ലാഗ്ഓഫ് ചെയ്തു. അസി. വികാരി ഫാ. അലൻ തെക്കുംപുറം, തിരുനാൾ ജനറൽ കൺവീനർ ജോപ്പി മങ്കിടിയാൻ, ബ്രദർ എഡ്വിൻ താഴത്തുപുറം എന്നിവർ നേതൃത്വംനൽകി.
തുടർന്ന് കുഴിക്കാട്ടുശേരി തീർഥാടനകേന്ദ്രത്തിൽനിന്നു പുത്തൻചിറ ഫൊറോന ദേവാലയത്തിലേക്കുനടന്ന ദീപശിഖാപദയാത്ര, ഡയറക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രൊമോട്ടർ ഫാ. സെബാസ്റ്റ്യൻ അരീക്കാട്ട് എന്നിവർ പദയാത്രാ കൺവീനർ എം.ജെ. ജോസിന് ദീപശിഖ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഫാ. നിഖിൽ ചിറയത്ത്, കൈക്കാരന്മാരായ ഡേവിസ് അമ്പൂക്കൻ, ആന്റു മൂഴിക്കുളം, ഡേവിസ് പട്ടത്ത് എന്നിവർ നേതൃത്വംനൽകി. 26നാണ് വിശുദ്ധ മറിയം ത്രേസ്യയുടെ പ്രധാന തിരുനാൾദിനം.
District News
ഇരിങ്ങാലക്കുട: വേനലവധിക്ക് ക്ലാസുകൾ പാടില്ലെന്ന വിദ്യാഭ്യാസമന്ത്രിയുടെയും ബാലാവകാശ കമ്മീഷന്റെയും നിര്‍ദേശങ്ങള്‍ ധിക്കരിച്ച് ക്ലാസെടുക്കുന്നതിനു നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്ന് കെപിഎസ്ടിഎ ഇരിങ്ങാക്കുട വിദ്യാഭ്യസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സ്കൂളുകളില്‍ എട്ടാംക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ഓള്‍പ്രമോഷന്‍ ആണെന്നിരിക്കെ അധിക പിന്തുണാക്ലാസുകളെന്ന പേരില്‍ നടത്തുന്ന പ്രഹസനക്ലാസുകള് കുട്ടികളുടെയും അധ്യാപകരുടെയും വേനലവധി കവര്‍ന്നെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കെപിഎസ്എ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ആരോപിച്ചു.
നിയമവിരുദ്ധമായ അവധിക്കാലത്തെ ക്ലാസുകള്‍ ബഹിഷ്കരിക്കുകയാണന്നറിയിച്ച് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്കും വിദ്യാഭ്യാസ ജില്ലക്കു കീഴിലുള്ള നാല് ഉപജില്ലാ ഓഫീസര്‍മാര്‍ക്കും കെപിഎസ്ടിഎ ഭാരവാഹികള്‍ കത്തു നല്കി.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി. ബിജു യോഗം ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പ്രവീണ്‍ എം. കുമാര്‍ അധ്യക്ഷതവഹിച്ചു. റവന്യു ജില്ലാ പ്രസിഡന്റ് സി.ജെ. ദാമു മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഷിജി ശങ്കര്‍, കെ.വി. സുശീല്‍, പി.യു. രാഹുല്‍, ഡിജോ എസ്. തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കൊടകര: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനായിരുന്ന ഇ.കെ. ഗോപിനാഥന്റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാവനാട് പഞ്ചമി വായനശാലയില്‍ അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു.
അക്ഷരം പഠനക്കളരി കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. രാജലക്ഷ്മി ഉദ്ഘാടനംചെയ്തു. മറ്റത്തൂര്‍ പഞ്ചായത്തംഗം കെ.ആര്. ശശികുമാര്‍ അധ്യക്ഷതവഹിച്ചു. ഇ.കെ. ഗോപിനാഥന്റെ പത്നി കെ.കെ. സോജ അനുസ്മരണപ്രഭാഷണം നടത്തി. കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാകമ്മിറ്റി അംഗം എം.കെ. ബാബു, അക്ഷരം പഠനക്കളരി ഫെസിലിറ്റേറ്റര്‍ പാര്‍വതി കൃഷ്ണന്, ചട്ടിക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ദേവിക സംഘമിത്ര, കെ.എസ്.സുജീഷ്,ആദിത്യന് എന്നിവര്‍ പ്രസംഗിച്ചു. ഇ.കെ.ഗോപിനാഥന്റെ ഓര്‍മയ്ക്കായി വായനശാലയിലേക്ക് വൈറ്റ് ബോര്‍ഡ്, ഗ്രീന്‍ ബോര്‍ഡ്, പുസ്തകങ്ങള്‍ തുടങ്ങിയവ കുടുംബാംഗങ്ങള്‍ സംഭാവനചെയ്തു.
District News
പുതിയകാവ്: വിവാഹദിനത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായുള്ള സഹായം കൈമാറി നവദമ്പതികൾ.
പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജിനിയുടെയും പ്രവാസി സംരംഭകനായ വേളേക്കാട്ട് അജിത്കുമാറിന്റെയും മകൾ മേഘനയുടെ വിവാഹച്ചടങ്ങിലാണ് സഹായം കൈമാറിയത്. പ്രിസം ട്രഷറർ എം.ബി. വിബിൻ, എം.ബി. മോഹൻലാൽ എന്നിവരുടെ സാന്നിധ്യത്തിൽ മേഘനയും വരൻ സൂരജും ചേർന്ന് പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി പ്രഭാകരന് തുക കൈമാറി.
District News
ഇരിങ്ങാലക്കുട: ജെസിഐയുടെ നേതൃത്വത്തില്‍ ജേസി അലുമിനിയം ക്ലബിന്റെ നാഷ്ണല്‍ പ്രൊജക്ടായ ഹോം ഫോര്‍ ഹോംലെസ് പദ്ധതിയുടെ ആദ്യ വീടിന്റെ നിര്‍മാണത്തിന് തുക കെെമാറി.
5.50 ലക്ഷത്തിന്റെ ചെക്ക് ജേസി അലുമിനിയം ക്ലബിന്റെ സോണ്‍ വൈസ് പ്രസിഡന്റ് നിഷിന നിസാറും നിസാര്‍ അഷറഫുംചേര്ന്ന് കൈമാറി. നാഷണല്‍ ചെയര്മാന് നരേന് കരിയപ്പയും സിഎംഐ സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍ഷ്യല്‍ സുപ്പിരിയര്‍ ഫാ. പൗലോസ് കിടങ്ങനും ചേര്‍ന്ന് ചെക്ക് ഏറ്റുവാങ്ങി. നാഷണല്‍ വൈസ് ചെയര്മാന് രഞ്ജീവ് കുറുപ്പ്, നാഷണല്‍ കോ-ഓർഡിനേറ്റര്‍ ദീപു ഫിലിപ്പ്, ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് ഷൈജോ ജോസ്, പ്രോഗ്രാം ഡയറക്ടര്‍ ടെല്‍സണ്‍ കോട്ടോളി, ജെസിഐ മുന്‍ പ്രസിഡന്റുമാരായ അഡ്വ. ഹോബി ജോളി, ലിയോ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. നിര്മല്കര്ത്ത, കെ.കെ. ഏലിയാസ്, കെ. കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വംനല്കി.
District News
ഇരിങ്ങാലക്കുട: താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തിലെ വിശുദ്ധ കുരിശുമുത്തപ്പന്റെ തിരുനാളിന് നാളെ കൊടിയേറും.
സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ജോയിന്റ്ഡയറക്ടര്‍ ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ കൊടിയേറ്റം നിര്‍വഹിക്കും. മേയ് ഒന്നിന് വൈകീട്ട് 6.30ന് തിരുസ്വരൂപങ്ങള്‍ മദ്ബഹയിലേക്ക് എഴുന്നള്ളിച്ചുവയ്ക്കും. തുടര്‍ന്ന് ഏഴിന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം നടക്കും.
അമ്പുതിരുനാള്ദിനമായ മേയ് രണ്ടിന് രാവിലെ 5.15ന് ദിവ്യകാരുണ്യ ജപമാല, 5.45ന് ദിവ്യബലി, 6.30ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന, തിരുസ്വരൂപങ്ങള്‍ മദ്ബഹയില്‍നിന്ന് എഴുന്നള്ളിപ്പിനായി ഇറക്കും. തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. വൈകീട്ട് 5.30ന് ദിവ്യബലി, നൊവേന, രൂപംവഹിച്ചുള്ള പള്ളിചുറ്റി പ്രദക്ഷിണം. രാത്രി 10.30ന് വിവിധ യൂണിറ്റുകളിലെ അമ്പുപ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും.
തിരുനാള്‍ദിനമായ മേയ് മൂന്നിന് രാവിലെ ആറ്, ഏഴ്, എട്ട്, ഒമ്പതിന് ദിവ്യബലി ഉണ്ടായിരിയ്ക്കും. 10.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് തുമ്പൂര്‍ വികാരി ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വംവഹിക്കും. ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ഫ്രീജോ പാറയ്ക്കല്‍ സന്ദേശംനല്കും. തുടര്‍ന്ന് 1.30ന് പാരമ്പര്യ കലാരൂപങ്ങളായ വടിതല്ല്, കുതിരകളി, മുടിയാട്ടം എന്നിവ നടക്കും. ഉച്ചതിരിഞ്ഞ് 3.30ന് ദിവ്യബലി. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം പള്ളിയില്‍നിന്ന് ആരംഭിച്ച് രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് വര്‍ണമഴ ഉണ്ടായിരിക്കും.
നാലിന് രാവിലെ ആറ്, ഏഴ്, എട്ടിന് ദിവ്യബലി ഉണ്ടാകും. 10ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മുനിപ്പാറ വികാരി ഫാ. മെജിന്‍ കല്ലേലി മുഖ്യകാര്‍മികത്വംവഹിക്കും. ഉച്ചതിരിഞ്ഞ് 4.30ന് ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം എന്നിവ ഉണ്ടാകും.
അഞ്ചിന് രാവിലെ 5.45ന്, 6.30ന്, വൈകീട്ട് 5.30ന് ദിവ്യബലി ഉണ്ടാകും. തുടര്‍ന്ന് രാത്രി 11ന് അങ്ങാടി അമ്പ് സമാപനം. ആറിന് പരേതരുടെ അനുസ്മരണ ദിനത്തില്‍ രാവിലെ 6.30ന് സെമിത്തേരിയില്‍ ദിവ്യബലി.
എട്ടാമിടമായ 10ന് രാവലെ ആറ്, ഏഴ്, എട്ടിന് ദിവ്യബലി. 10ന് ആഘോഷമായ ദിവ്യബലി. ഉച്ചതിരിഞ്ഞ് 4.30ന് ദിവ്യബലി, പ്രദക്ഷിണം എന്നിവ ഉണ്ടായിരിയ്ക്കും. രാത്രി 7.30ന് ഗാനമേള. പതിനഞ്ചാമിടമായ 17ന് രാവിലെ 6.30ന്, 8.30ന് ദിവ്യബലി ഉണ്ടാകും. 10ന് ആഘോഷമായ ദിവ്യബലി. ഉച്ചതിരിഞ്ഞ് 4.30ന് ദിവ്യബലി, പ്രദക്ഷിണം എന്നിവ ഉണ്ടാകും. രാത്രി 7.30ന് തിരുനാള്‍ കൊടിയിറക്കം നടക്കും. തുടര്‍ന്ന് ഇടവക ദിനാഘോഷം.
തിരുനാളിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി വികാരി ഫാ. ജോര്‍ജ് പാറമേല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പയ്യപ്പിള്ളി, കൈക്കാരന്മാരായ ജോയ് ചുക്കിരിയാന്‍, വിന്‍സന്‍ കുറ്റിക്കാടന്‍, ജോണ്സന് നെരേപറമ്പില്‍, നിക്സന് ചാതേലി, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ പ്ലാശേരി, പബ്ലിസിറ്റി കണ്‍വീനര്‍ നിജോ പോള്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
District News
ഇരിങ്ങാലക്കുട: എഫ്സിആര്‍എ നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസന്‍സ് റദ്ദാക്കപ്പെടുകയോ, പുതുക്കാന്‍ സാധിക്കാതിരിക്കുകയോ ചെയ്താല്‍ സ്ഥാപനങ്ങളും സ്വത്തുവകകളും ഗവണ്മെന്റ് ഏറ്റെടുക്കുമെന്ന തീരുമാനം ഏറെ ഉത്കണ്ഠയും ആശങ്കയുമുണ്ടാക്കുന്നതാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.
ക്രൈസ്തവ സമൂഹം പണ്ടുകാലം മുതല്‍തന്നെ വിദേശ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിച്ചാണ് ആരാധനാലയങ്ങള്‍, സ്കൂളുകള്‍, അനാഥാലയങ്ങള്‍, ആശുപത്രികള്‍ എന്നിവയെല്ലാം സ്ഥാപിച്ചിട്ടുള്ളത്. ഇവ സ്വീകരിക്കുന്നത് രാജ്യത്തു നിലവിലുള്ള എഫ്സിആര്‍എ നിബന്ധനകള്‍ അനുസരിച്ചാണ്.
ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ബോധപൂര്‍വമായ ഗൂഡാലോചനയുടെ ഭാഗമാണ് ഇത്തരം നടപടികളെന്ന് കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്ചേര്ന്ന കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജോസഫ് തെക്കൂടന്‍ അധ്യക്ഷതവഹിച്ചു.
ഡയറക്ടര്‍ ഫാ. ഡേവിസ് കല്ലിങ്ങല്‍ മുഖ്യപ്രഭാഷണംനടത്തി. ജനറല്‍ സെക്രട്ടറി റാഫേല്‍ പെരുമ്പുള്ളി സംസാരിച്ചു.
District News
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പൗരാണികമായ ആചാരങ്ങളെയും താന്ത്രിക പാരമ്പര്യങ്ങളെയും തകര്‍ക്കുന്ന രീതിയിലുള്ള ദേവസ്വം ഭരണസമിതിയുടെ നിലപാടുകള്‍ക്കെതിരേ പ്രതിഷേധവുമായി ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണസമിതി രംഗത്ത്.
മറ്റ് ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ഒട്ടേറെ വിശേഷതകളും സവിശേഷമായ പൂജാ വിധാനങ്ങളുമുള്ള പ്രത്യേകിച്ച് പദ്ധതി ക്ഷേത്രമെന്ന നിലയിലും ഇതിന്റെ പൈതൃകവും പാരമ്പര്യവും നിലനിര്ത്തണ്ടതാണ്. എന്നാല്‍ ഇത് സംരക്ഷിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ട ഭരണസമിതിയുടെ ഭാഗത്തുനിന്നു സമീപകാലത്തുണ്ടായ ആചാരാനുഷ്ഠാനങ്ങളെ ധിക്കരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ആശങ്കയുണ്ടാക്കുന്നുവെന്ന് സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടംതട്ടാതെ പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞചെയ്ത് അധികാരം ഏറ്റെടുത്തവര്‍ നുണപ്രചരണങ്ങള്‍ നടത്തി ക്ഷേത്ര പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കോട്ടം തട്ടുന്നവിധത്തില്‍ പ്രവര്‍ത്തിക്കുന്നത് ക്ഷേത്രത്തിന്റെ സവിശേഷമായ പാരമ്പര്യത്തെ തകര്‍ക്കുന്നതിന് കാരണമാകും. സത്യപ്രതിജ്ഞാലംഘനം നടത്തുന്ന ഈ ഭരണസമിതിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നു ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണസമിതി ആവശ്യപ്പെട്ടു.
കൂടല്‍മാണിക്യം ആക്ടില്‍ തന്ത്രിയുടെ അധികാരമെന്ത്, ഭരണസമിതിയുടെ അധികാരമെന്ത് എന്ന് കൃത്യമായി നിര്വചിച്ചിരിക്കേ, തങ്ങള്‍ക്കില്ലാത്ത അധികാരമുപയോഗിച്ച് ക്ഷേത്ര ചടങ്ങുകളില്‍നിന്ന് തന്ത്രിമാരെ മാറ്റിനിര്‍ത്താനുള്ള ശ്രമം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.
ആറു തന്ത്രികുടുംബാംഗങ്ങളില് അഞ്ചു കുടുംബാംഗങ്ങളും കഴിഞ്ഞ ഉത്സവം മുതല്‍ ഇതുവരെ ക്ഷേത്രച്ചടങ്ങുകളിൽ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നുവെന്ന് വ്യാജപ്രചാരണങ്ങള്‍ നടത്തുകയും എല്ലാ തന്ത്രികുടുംബാംഗങ്ങളുടേയും അവകാശം ഒരു കുടുംബത്തേയ്ക്ക് മാത്രം ചുമതല നല്‍കിയത് നിയമപരമായി നിലനില്‍ക്കാത്തതാണ്. പാരമ്പര്യമായി നിലനിന്നുപോരുന്ന തന്ത്രി കുടുംബങ്ങളെ ഉത്സവ നോട്ടീസില്നിന്നു ഒഴിവാക്കിയ നടപടിയെ അപലപിക്കുന്നതായും സി.ജി. കൃഷ്ണകുമാര്‍, പി.എസ്. ജയശങ്കര്‍, ഹരി വാരിയര്‍, വി.പി. രാധാകൃഷ്ണന്, കാവനാട് കൃഷ്ണന് നമ്പൂതിരി, ഉണ്ണികൃഷ്ണ പൊതുവാള് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
District News
കൊരട്ടി: ദേശീയപാതയ്ക്ക് സമീപമുള്ള ജെടിഎസ് ജംഗ്ഷൻ പരിസരത്ത് ശുചിമുറി മാലിന്യം തള്ളുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. സാമൂഹികവിരുദ്ധർ രാത്രിയുടെ മറവിൽ ദൂരദിക്കുകളിൽനിന്ന് ടാങ്കറുകളിലെത്തിച്ച് പെട്രോൾ പമ്പിന് എതിർവശത്തുള്ള തണ്ണീർത്തടങ്ങളിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതായാണ് പരാതി.
പാതയോരത്ത് ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ ആശ്വാസം ലഭിച്ചതായി കരുതിയിരുന്ന പ്രദേശവാസികൾക്ക്, ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ദുരിതം നേരിടേണ്ടിവന്നിരിക്കുകയാണ്. പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കാമെന്നു കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി നൽകിയ വാഗ്ദാനം നടപ്പിലാകാതിരുന്നതും ആശങ്ക വർധിപ്പിക്കുന്നു.
പ്ലാസ്റ്റിക് വിമുക്ത നാടെന്ന ലക്ഷ്യത്തോടെ വാർഡ് അടിസ്ഥാനത്തിൽ ഹരിതകർമസേനയെ രൂപീകരിച്ച് പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും പാതയോരങ്ങളിൽ മാലിന്യം തള്ളൽ തുടരുകയാണ്. പഞ്ചായത്തിനകത്തും പുറത്തുനിന്നുമുള്ള സാമൂഹികവിരുദ്ധർ രാത്രിയേയും ദീർഘദൂര സർവീസ് നടത്തുന്ന വാഹനങ്ങളുടെ പാർക്കിംഗിനേയും മറയാക്കി മാലിന്യം തള്ളുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
ജെടിഎസ് ജംഗ്ഷനും പെരുമ്പിക്കുമിടയിൽ മൂക്കുപൊത്താതെ നടക്കാനാകാത്ത സാഹചര്യമാണെന്നാണ് പ്രദേശവാസികളുടെ പരാതികൾ.
കക്കൂസ് മാലിന്യങ്ങൾക്കും അറവ് മാലിന്യങ്ങൾക്കും പുറമെ മറ്റു മാലിന്യങ്ങളും തള്ളുന്നതോടെ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാകുന്നു. പഞ്ചായത്ത് അതിർത്തിയായ മുരിങ്ങൂർ മുതൽ പൊങ്ങം വരെയുള്ള ഭാഗങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. കൊരട്ടിച്ചാലും ഇതുവഴിയാണ് കടന്നുപോകുന്നത്.
മഴക്കാലം അടുത്തെത്തുന്നതിനാൽ ഇത്തരം പ്രവർത്തനങ്ങൾ രോഗങ്ങൾ പടരാൻ ഇടയാക്കുമോയെന്ന ആശങ്കയും ശക്തമാകുന്നു. വിഷയത്തിൽ പ്രാദേശിക ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്നും രാത്രി പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
ഒറ്റപ്പാലം: മനുഷ്യബന്ധങ്ങൾ ഉൾവലിഞ്ഞു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ റസിഡൻസ് അസോസിയേഷനുകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഒറ്റപ്പാലം മുനിസിപ്പൽ ചെയർപേഴ്സൺ എം.കെ. ജയസുധ. തോട്ടക്കര കൈരളി റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർപേഴ്സൺ.
ചടങ്ങിൽ 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഉപകാരങ്ങൾ നൽകി. പി. കൃഷ്ണൻകുട്ടി, ആൻസൻ ജോൺ, എം. അനിൽ, എ. ശ്രീകുമാർ, കെ. രത്നമ്മ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി.എം അനിൽ -പ്രസിഡന്റ്, അഡ്വ.പി. ജയപ്രകാശ്- വൈസ് പ്രസിഡന്റ്, കെ. രത്നമ്മ - സെക്രട്ടറി, ആൻസൻ ജോൺ- ജോയിന്റ് സെക്രട്ടറി, പി. കൃഷ്ണൻകുട്ടി- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ. ജയപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ എം.കെ. അംബിക സ്വാഗതവും എം.പി. റീന നന്ദിയും പറഞ്ഞു.
District News
പാലക്കാട്: പശ്ചിമ ബംഗാളിലെ കിഴക്കൻ കൽക്കരിഖനന മേഖലകളിൽ മന്തുരോഗവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും നിലനിൽക്കുന്നതായി പുതിയ പകർച്ചവ്യാധി പഠന റിപ്പോർട്ട്.
പാലക്കാട് ഐഐടി, കാസി നസ്റുൽ സർവകലാശാല, അസൻസോൾ, മിഡ്നാപൂർ വിദ്യാസാഗർ സർവകലാശാല, പുരുലിയ സിദ്ധോ- കാൻഹോ- ബിർസ സർവകലാശാല, അസൻസോൾ ഇഎസ്ഐ ആശുപത്രി എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച നിരീക്ഷണം.
ശാസ്ത്ര ജേണലായ നേച്ചറിന്റെ സയന്റിഫിക് റിപ്പോർട്ട്സിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൽക്കരിഖനന മേഖലയിലെ പശ്ചിം ബർധമാൻ, ബങ്കുര, പുരുലിയ, ബിർഭും എന്നീ നാലു ജില്ലകളിലായി 3,705 വ്യക്തികളിൽ 2021 ഓഗസ്റ്റ് മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിലാണ് സർവേ നടന്നത്. സർവേയിൽ ഭാഗമായ 16.65 ശതമാനംപേർക്കും രോഗബാധയുള്ളതായി കണ്ടെത്തി.
ഇതിൽ 10.63 ശതമാനം പേരിൽ രോഗലക്ഷണങ്ങളില്ലെന്നും 6.02 ശതമാനം പേരിൽ മന്തുരോഗ ലക്ഷണങ്ങൾ പ്രകടമായിരുന്നു എന്നും പഠനം വ്യക്തമാക്കുന്നു.
14.52 ശതമാനം പേരിൽ പൂർണമായ രോഗബാധയുള്ളതായും സംഘം കണ്ടെത്തി. ഈ പ്രദേശങ്ങളിൽ മന്തുരോഗം പടർന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണിതെന്നും ഗവേഷകർ പറയുന്നു.
ലോകത്ത് മന്തുരോഗബാധിതരിൽ 42 ശതമാനവും ഇന്ത്യയിലാണ്. രാജ്യത്തിന്റെ ദേശീയ മന്തുരോഗ നിർമാർജ്ജന പ്രവർത്തനങ്ങൾക്കു ഈ കണ്ടെത്തലുകൾ വലിയ വെല്ലുവിളിയാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
District News
ഒറ്റപ്പാലം: ഇത്തവണ തോടുകളിൽ താത്കാലിക തടയണകൾ നിർമിക്കാതെ അധികൃതർ. കഴിഞ്ഞ വേനലിൽ കർഷകർക്കുൾപ്പെടെ ഏറെ ഉപകാരപ്രദമായിരുന്നു തോടുകളിലെ താത്കാലിക തടയണകൾ.
നഗരസഭയിലെ കണ്ണിയംപുറം, കിഴക്കേ തോടുകളിൽ വേനലാവുന്നതിനുമുൻപ് കെട്ടിയിരുന്ന തടയണകളാണ് നഗരസഭ ഇത്തവണ സ്ഥാപിക്കാതിരുന്നത്.
ഈ തടയണകൾ കിണറുകളിൽ വെള്ളം നിലനിർത്തുന്നതിനും കാർഷികാവശ്യത്തിനും ഗുണകരമായിരുന്നു. കുടിവെള്ളത്തിന് ജനങ്ങൾ ബുദ്ധിമുട്ടുന്നതിനിടെയാണ് തോടുകളിലെ വെള്ളവും വറ്റിയിരിക്കുന്നത്.
കണ്ണിയംപുറത്ത് പനമണ്ണ തോട്ടുപാലം, ലക്ഷംവീടിനുസമീപം, തിരുവോർത്ത് പാറ, പൂക്കാട്ടുകുറുശ്ശി, കിഴക്കേ തോട്ടിൽ കോലോത്ത്കുന്ന് കുടിവെള്ളപദ്ധതിക്കുസമീപം എന്നിവടങ്ങളിലാണ് എല്ലാവർഷവും തടയണ നിർമിക്കാറുള്ളത്.
തൊഴിലുറപ്പ് പദ്ധതിയിൽ മണൽചാക്കുകൾ നിറച്ചാണ് തടയണകൾ കെട്ടാറുള്ളത്. കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്നുള്ള വെള്ളവും തടയണയിൽ സംഭരിക്കാൻ കഴിയുമായിരുന്നു.
ഇതാണ് കടുത്ത വേനൽ തുടരുന്പോഴും ഇത്തവണ ഇല്ലാതായത്. വേനലെത്തിയാൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളാണ് കണ്ണിയംപുറം, പനമണ്ണ മേഖലകൾ. നഗരസഭയുടെ സമഗ്ര കുടിവെള്ളപദ്ധതിയിൽനിന്ന് വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും വേനലിന്റെ കാഠിന്യത്തിൽ ഇടക്കിടെ തടസപ്പെടാറുണ്ട്. ചില പാടശേഖരസമിതികൾ തോട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് കൃഷിയിറക്കാറുണ്ടായിരുന്നത്.
പച്ചക്കറി കൃഷിക്കും ആശ്രയം ഈ വെള്ളം തന്നെയായിരുന്നു. ഈസ്റ്റ് ഒറ്റപ്പാലത്ത് പുതിയ പാലം നിർമിക്കുന്നതിനാലാണ് ഇത്തവണ തടയണകൾ കെട്ടാതിരുന്നതെന്ന മറുപടിയാണ് നഗരസഭാ അധികൃതർ നൽകുന്നത്.
District News
പട്ടാമ്പി: കുളപ്പുള്ളി- പട്ടാമ്പി റോഡ് നവീകരണപദ്ധതിയുടെ ഭാഗമായി പട്ടാമ്പി ടൗണിൽ കുടിവെള്ളവിതരണത്തിനായി പുതിയ പൈപ്പിടൽ പുനരാരംഭിച്ചു.
ബസ് സ്റ്റാൻഡിനുള്ളിലെ പമ്പ് ഹൗസിൽനിന്നും പുറത്തേക്കുള്ള പൈപ്പിടലാണ് തുടങ്ങിയത്.
തെരഞ്ഞെടുപ്പിനു മുന്നോടിയായി നിർമാണം നിർത്തിവച്ചിരുന്നു.
കാലപ്പഴക്കമുള്ള പൈപ്പ്ലൈനുകളാണ് ഇതിനായി ഉപയോഗിച്ചത്. വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള സമ്മർദംമൂലം പൈപ്പ്ലൈൻ പൊട്ടലും, റോഡ് തകർച്ചയും പതിവ് കാഴ്ചയായിരുന്നു. പൈപ്പ്ലൈൻ മാറ്റാൻ പുതിയ ഫണ്ടുപയോഗിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്. പൈപ്പ്ലൈനിടൽ പൂർത്തിയായശേഷം പാതയുടെ മറ്റ് നവീകരണപ്രവൃത്തികൾ നടത്തി റോഡ് പൂർണമായും തുറന്നുനൽകും.
റോഡ് നവീകരണം നിലവിൽ പൂർത്തിയായെങ്കിലും പൈപ്പ്ലൈൻ സ്ഥാപിച്ചയിടങ്ങളിൽ മണ്ണ് കൂമ്പാരമായി കിടക്കുന്നത് കാൽനടയാത്രക്കാർ വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങളിലേക്ക് നിലവിൽ കയറാനാവാത്ത സാഹചര്യമാണ്. പൊടിശല്യവും രൂക്ഷമായി തുടരുകയാണ്.
District News
വടക്കഞ്ചേരി: പൊള്ളിക്കുന്ന വേനൽച്ചൂടിൽ ചെറുനാരങ്ങ വില പുതിയ റെക്കോർഡിലെത്തി. കിലോക്ക് 250 രൂപയാണ് ഇപ്പോൾ ചെറുനാരങ്ങയുടെ വില.
ഇത്രയും ഉയർന്ന വില അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലെന്നു കച്ചവടക്കാർ പറയുന്നു. ചില സമയങ്ങളിൽ മൂന്നു കിലോയ്ക്ക് 100 രൂപ മാത്രം വില വരുന്ന നാരങ്ങാവിലയാണ് വേനൽചൂടിലെ ഡിമാന്റിൽ വില കുതിച്ചുയർന്നീട്ടുള്ളത്.
ഉയർന്ന വില കൊടുത്താലും നല്ല നീരുള്ള നാരങ്ങ കിട്ടാനുമില്ല. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ചെറുനാരങ്ങ കൂടുതലായും വരുന്നത്.
ശീതളപാനീയ കടകളിലും വീട്ടാവശ്യത്തിനും ഹോട്ടലുകളിലുമെല്ലാം ചെറുനാരങ്ങയ്ക്ക് ആവശ്യം കൂടിയതോടെയാണ് ദിനംപ്രതി വിലയും കൂടുന്നത്.
തണ്ണിമത്തൻ വിലയും അഞ്ചുരൂപ മുതൽ 10 രൂപ വരെ കൂടിയിട്ടുണ്ട്. കരിക്കുവിലയും ഉയർന്നു തന്നെ. വില കുറഞ്ഞു നിന്നിരുന്ന നേന്ത്രപ്പഴ വിലയും കൂടി കൊണ്ടിരിക്കുകയാണ്. 40 രൂപയായിരുന്ന വില ഇപ്പോൾ 45 രൂപയായി. നാടൻ നേന്ത്രപ്പഴം കിട്ടാനില്ല. കനത്ത ചൂടിൽ വാഴകൾ ഒടിഞ്ഞു നശിക്കുന്നതാണ് വില ഉയരാൻ കാരണമാകുന്നത്. നേന്ത്രപ്പഴവില അമ്പതും കടക്കുമെന്നു കച്ചവടക്കാർ പറയുന്നു.
District News
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴഡാം ഉദ്യാനത്തിലെ ടിക്കറ്റ് പിരിവ് കരാർകമ്പനിക്കെന്നു കോടതി ഉത്തരവ്.
കാഞ്ഞിരപ്പുഴ ടൂറിസം പദ്ധതി നടത്തിപ്പിൽ നിലവിലെ ഉദ്യാനത്തിലെ ടിക്കറ്റ് പിരിവ് അവസാനിപ്പിച്ച് ടിക്കറ്റ് കൗണ്ടർ കാഞ്ഞിരപ്പുഴ ഇറിഗേഷൻ ഓഫീസിനു നേരിട്ടു പിരിക്കുവാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പുഴ എക്സിക്യൂട്ടീവ് എൻജിനീയർ കമ്പനിക്ക് കത്തുനൽകിയിരുന്നു.
തുടർന്ന് കഴിഞ്ഞ 16ന് കമ്പനി കൗണ്ടർ തിരിച്ചേൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ ഗാർഡനും കൗണ്ടർ സ്ഥിതി ചെയ്യുന്ന ബിൽഡിംഗ് എന്നിവ 30 വർഷത്തേക്ക് കമ്പനിക്ക് എക്സിക്യൂട്ടീവ് എൻജിനീയർ കൈമാറിയിട്ടുള്ളതാണെന്നും ടിക്കറ്റ് പിരിവും മറ്റു നടത്തിപ്പും കമ്പനിയുടെ നിയന്ത്രണത്തിൽതന്നെ വേണമെന്നാവശ്യപ്പെട്ട് കമ്പനി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
ടിക്കറ്റ് പിരിവ് ഉൾപ്പെടെ മുഴുവൻ നടത്തിപ്പും കമ്പനിക്ക് അനുകൂലമായി വിധിച്ചു. നിലവിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനു പിരിക്കുവാൻ സർക്കാരോ നോഡൽ ഏജൻസിയായ കിഡ്കോയോ നിർദേശിച്ചിട്ടില്ല.
എന്നിട്ടും കാഞ്ഞിരപ്പുഴ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ടൂറിസം പ്രോജക്ടിനോടു കാണിക്കുന്നതെന്നു കരാർകന്പനി അധികൃതർ പറഞ്ഞു. സർക്കാരുമായിട്ടാണ് കമ്പനിക്ക് 30 വർഷത്തെ കരാർ ഉള്ളത്.
അതിനാൽ സർക്കാർ നിർദേശം ഇല്ലാതെ ടിക്കറ്റ് കൗണ്ടർ വിട്ടുകൊടുക്കുവാൻ കഴിയില്ലെന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നേരിട്ടു പിരിക്കുമെന്നും മാർച്ച് 17 ന് അഗീകരം ലഭിച്ച ഡിപിആർ, മാസ്റ്റർ പ്ലാനും അനുസരിച്ച് പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
District News
വടക്കഞ്ചേരി: പാനീയ രാജാക്കന്മാരുടെ സർവാധിപത്യത്തിലും കിഴക്കഞ്ചേരിയിലെ പ്രകൃതിദത്ത പാംനീർ ഉത്പന്നങ്ങൾക്ക് ഇന്നും ആവശ്യക്കാരേറെ. കടുത്ത വേനൽച്ചൂടിൽ പാംനീർ പാനീയങ്ങൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.
വിപണിയിൽ ഉൽപന്നങ്ങൾക്ക് പ്രിയം കൂടിയതോടെ ആവശ്യത്തിനുള്ള പാനീയം കടകളിൽ എത്തിച്ചു കൊടുക്കാൻ കഴിയുന്നില്ലെന്ന പ്രയാസമേ ഇവിടുത്തെ ജീവനക്കാർക്കുള്ളൂ. ഇതിനാൽ വിതരണ മേഖലയും കുറച്ചു.
ഇപ്പോൾ കിഴക്കഞ്ചേരി, വടക്കഞ്ചേരി, വണ്ടാഴി എന്നീ മൂന്നു പഞ്ചായത്തുകളിൽ മാത്രമെ വില്പനയുള്ളുവെന്നു സംഘം അധികൃതർ പറഞ്ഞു.
പാംനീർ, നന്നാരി സോഡ, പാം സ്ക്വാഷ് തുടങ്ങിയ ഉത്പന്നങ്ങളാണ് ഇവിടെയുണ്ടാക്കുന്നത്. സീസണൽ വിപണിയായതിനാൽ കൂടുതൽ ആളുകളെവച്ച് ഉത്പാദനം കൂട്ടാനും കഴിയില്ല. നല്ലൊരു മഴ പെയ്താൽ പാനീയങ്ങൾക്ക് ആവശ്യക്കാർ കുറയും. നല്ല വേനൽ മാസങ്ങളാണ് സീസൺ. അതുകഴിഞ്ഞാൽ ഉത്പാദനം കുറയ്ക്കണം. അടുത്ത സീസണോടെ ഉത്പാദനം കൂട്ടി വിതരണ മേഖല വ്യാപിക്കാനാണ് സംഘത്തിന്റെ തീരുമാനം.
ഇതിനായി പുതിയ കെട്ടിടം നിർമിച്ച് ആധുനിക യന്ത്രസംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
കേരളത്തിൽനിന്നും അന്യംനിന്നുപോയ പനംചക്കര ഉത്പാദക സഹകരണ സംഘങ്ങളിൽ ശേഷിക്കുന്ന അപൂർവം സൊസൈറ്റികളിൽ ഒന്നാണ് കിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസിനടുത്ത് പ്രവർത്തിക്കുന്ന ഈ പനംചക്കര സൊസൈറ്റി. 1948 ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി നിരവധിയായ പ്രതിസന്ധിഘട്ടങ്ങൾകടന്ന് ഇന്ന് നിലനിൽപ്പിന്റെ മികവുകളിലാണ്.
തലയുയർത്തി നിൽക്കുന്ന പടുകൂറ്റൻ കെട്ടിടങ്ങളോ ഉപഭോക്താക്കളെ വീഴ്ത്തുന്ന വലിയ പരസ്യവാചകങ്ങളോ ബോർഡുകളോ ഇല്ലെങ്കിലും ചുട്ടുപൊള്ളുന്ന വേനലിൽ പാംനീരാണ് ജനങ്ങളുടെ പ്രിയപ്പെട്ട പാനീയം.
കെമിക്കലുകളൊന്നും ചേർക്കാതെ പാലക്കാടിന്റെ തലയെടുപ്പായ കരിമ്പനയിൽനിന്നുള്ള ഉത്പന്നങ്ങൾ ചേർത്താണ് ഈ പാനീയ നിർമാണം. നല്ല ആരോഗ്യദായക പാനീയം എന്ന നിലയിലും പാംനീരിന്റെ പേരും പെരുമയും ഏറെ ഉയർന്നതാണ്.
District News
കൂറ്റനാട്: പ്രകൃതിയെ കണ്ടും സംസ്കാരത്തെ തിരിച്ചറിഞ്ഞും ഒരു പുഴയാത്ര. കൂറ്റനാട് ഭാരത് യൂത്ത് ക്ലബ് നടത്തിയ പൈതൃകായനം പുഴനടത്തം വിദ്യാർഥികൾക്കു വേറിട്ട അനുഭവമായി.
ഡോ. രാജൻ ചുങ്കത്ത് മത്സ്യങ്ങൾക്ക് തീറ്റനൽകികൊണ്ട് നടത്തം ഉദ്ഘാടനം ചെയ്തു. രണ്ടു കിലോമീറ്ററോളം പുഴയിലൂടെ നടന്നായിരുന്നു യാത്ര.
യാത്രയിൽ തോണിക്കാരൻ ബാവ തൻറ പഴയ കാല തോണി തുഴയുടെ അനുഭവങ്ങളെ കുറിച്ച് അനുഭവം പങ്കുവച്ചു. സ്മിത ടീച്ചർ ഭാരതപുഴയിലെ പക്ഷികളെ കുറിച്ചും
പരിസ്ഥിതി പ്രവർത്തകനായ രാജഗോപാൽ പള്ളിപ്പുറം പുഴയുടെ കിടപ്പും മാലിന്യവും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും പ്രദീപ് മാസ്റ്റർ ഭാരതപ്പുഴയുടെ തീരത്തെ സാഹിത്യകാരൻമാരെക്കുറിച്ചും സംസാരിച്ചു.
അഡ്വ. രാജേഷ് വെങ്ങകാലിൽ, ടി.കെ. വിനയഗോപാൽ, കെ. വിഷ്ണു ഹരിദാസ്, അനിരുദ്ധ് എന്നിവർ പ്രസംഗിച്ചു.
District News
ആലത്തൂർ: കത്തോലിക്ക കോൺഗ്രസ് ആലത്തൂർ യൂണിറ്റും ഓയിസ്ക ഇന്റർനാഷണൽ പരിസ്ഥിതി സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമുദയ നടീൽ ഉത്സവം ആലത്തൂർ ലിറ്റിൽ ഫ്ലവർ പള്ളി അങ്കണത്തിൽ ഈ വർഷത്തെ പത്താമുദയദിനമായ നാളെ രാവിലെ ഒന്‍പതിന് ആരംഭിക്കും.
പുതുതലമുറയ്ക്ക് കാർഷിക സംസ്കൃതിയെക്കുറിച്ച് ആഴത്തിൽ അടുത്തറിയാനും കാർഷിക മേഖലയിലെ നാട്ടറിവുകൾ അവർക്ക് പകർന്നു നല്‍കാനുമുള്ള ശ്രമമാണ് ഈ കാർഷികസംഗമമെന്ന് ഇടവക വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ പറഞ്ഞു. വിത്ത് വിതയ്ക്കാനും കിഴങ്ങ് വർഗ നടീൽ വസ്തുക്കൾ നടാനും ഏറ്റവും അനുയോജ്യമായ ദിവസമാണ് മലയാള മാസത്തിലെ മേടപ്പത്ത് അഥവാ പത്താമുദയം.
കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു ദിവസം കൂടിയാണിത്. സൂര്യൻ ഏറ്റവും ബലവാനായി അത്യുച്ചരാശിയിൽ എത്തുന്ന ദിവസം കൂടിയാണിത്. പത്താമുദയദിനത്തിൽ നടുന്ന നടീൽ വസ്തുക്കൾക്ക് ഏറ്റവും നല്ല വിളവ് ലഭിക്കുകയും കീട, രോഗ ശല്യങ്ങൾ വളരെ കുറവായിരിക്കുകയും ചെയ്യും. ഉപ്പ് വിതറി തെങ്ങിൻ തൈകൾ നടാനും ഏറ്റവും ഉത്തമമായ ദിവസം കൂടിയാണിത്.
ഏറെ കാർഷിക നാട്ടറിവ് പകരുന്ന ഈ മഹോത്സവത്തിൽ തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളുടെയും ചേന, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, കൂർക്ക, കപ്പ തുടങ്ങി കിഴങ്ങ് വർഗങ്ങളുടെയും, വിവിധ തരം നെൽവിത്തുകളുടെയും പച്ചക്കറി, ഇലവർഗ കായ്കറികൾ തുടങ്ങിയവയുടെ പ്രദർശനവും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
കൂടാതെ അടുക്കളതോട്ടങ്ങൾക്കും വിപുലമായ പച്ചക്കറി, കിഴങ്ങ് വർഗ കൃഷികൾക്കാവശ്യമായ നാനോ മൈക്രോ ന്യൂട്രിയന്റ് വളങ്ങളുടെ പ്രദർശനവും ഒപ്പം ഉണ്ടായിരിക്കും.
പത്താമുദയ നടീൽ ഉത്സവം ആലത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹരിത സുഭാഷ് ഉദ്ഘാടനം ചെയ്യും. ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ അധ്യക്ഷത വഹിക്കും.
ഐക്യരാഷ്ട്രസഭയുടെ അംഗീകൃത പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷണലിന്റെ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ . ശുദ്ധോധനൻ മുഖ്യ പ്രഭാഷണം നടത്തും. ആലത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. വിനോദ്, ആലത്തൂർ സീഡ് ഫാം അസിസ്റ്റന്റ് ഡയറക്ടർ ആർ. രശ്മി, കൃഷി ഓഫീസർ കെ. ശ്രുതി, എകെസിസി ആലത്തൂർ യൂണിറ്റ് പ്രസിഡന്റ് ജോബ് ജോൺ, ആലത്തൂർ ഹോളി ഫാമിലി ഹൈസ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനിറ്റ ചിറമ്മേൽ, കാർഷിക ഗവേഷണരംഗത്തെ പ്രമുഖ കർഷകൻ ചാർളി മാത്യു പാലക്കുഴി എന്നിവർ ആശംസകൾ അർപ്പിക്കും.
ഇടവക ട്രസ്റ്റിമാരായ ടിജോ പാറയ്ക്കൽ സ്വാഗതവും ബിജു തലക്കോടൻ നന്ദിയും പറയും. വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്കും കാർഷിക മേഖലയിൽ താത്പര്യമുള്ളവർക്കും പരിപാടിയിൽ പങ്കെടുക്കാം.
District News
പാലക്കയം: കാർമൽ സ്പോർട്സ് ക്ലബ്ബിന്റെ വിദ്യാർഥികൾക്കായുള്ള വോളിബോൾ പരിശീലനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി ജോസഫ് ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോൻ തോമസ്, ഉണ്ണികൃഷ്ണൻ വേങ്ങശേരി, ടോജി താന്നിക്കൽ, സച്ചു ജോസഫ്, സാജൻ ജോർജ് എന്നിവർ പ്രസംഗിച്ചു. എല്ലാ ദിവസവും രാവിലെ ഏഴര മുതൽ 9 വരെയാണ് പരിശീലനം.
District News
വടക്കഞ്ചേരി: വെള്ളത്തിന്റെ ഒഴുക്കില്ലാത്ത മംഗലംപുഴയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. മംഗലംപാലത്തുനിന്നും താഴെയുള്ള പുഴയ്ക്കൽപറമ്പ് ഭാഗത്തെ തടയണയിലാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയിട്ടുള്ളത്.
തടയണയിൽ 300 മീറ്ററോളം ദൂരത്തിൽ ചെറുതും വലുതുമായ മത്സ്യങ്ങൾ പൊങ്ങിയിട്ടുണ്ട്. കഠിനമായ പകൽചൂടാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപോകാൻ കാരണമെന്നാണ് സംശയിക്കുന്നത്.
തടയണയിൽ വെള്ളം നിൽക്കുന്ന ഭാഗത്ത് അടിയിൽ പൂർണമായും പാറയുള്ള സ്ഥലമാണ്.
ഇതിനാൽ വെള്ളം ചൂടുപിടിച്ച് മത്സ്യങ്ങൾ ചാകുന്നതാകുമെന്ന് പറയുന്നു. ഈ തടയണയിലാണ് വാട്ടർ അഥോറിറ്റിയുടെ വലിയ കുടിവെള്ള പദ്ധതിയുള്ളത്. ഇവിടെ നിന്നും പമ്പിംഗ് നടക്കുന്നുണ്ട്.
അതിനാൽ തന്നെ മത്സ്യങ്ങൾ ചാകാനുള്ള കാരണം പരിശോധിച്ച് വെള്ളം കുടിവെള്ളയോഗ്യമാണോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
നിറയെ മത്സ്യങ്ങൾ ചത്തുകിടക്കുന്നതിനാൽ അവയെ ഭക്ഷിക്കുന്നതിനായി കൊക്കുകളും മറ്റു നിരവധി പക്ഷികളും നായ്ക്കളും സ്ഥലത്ത് കൂട്ടം കൂടിയിട്ടുണ്ട്.
വീടുകളില്ലാത്ത ആളൊഴിഞ്ഞ സ്ഥലമാണിത്. കഴിഞ്ഞ ദിവസം ഇതിനു താഴെ പാടൂർ തോണിക്കടവിൽ ഇത്തരത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു.
District News
കൂറ്റനാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂറ്റനാട് യൂണിറ്റ് ദ്വൈവാർഷിക തെരഞ്ഞെടുപ്പ് ജനറൽബോഡി യോഗവും 2026-28 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും 40 ാം വാർഷിക ആഘോഷവും കുടുംബസംഗമവും മുതിർന്ന വ്യാപാരികളെ ആദരിക്കൽ ചടങ്ങും കൂറ്റനാട് സംഗമം ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.ആർ. ബാലൻ അധ്യക്ഷത വഹിച്ചു. 2026- 28 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പിൽ കെ.ആർ. ബാലനെ പ്രസിഡന്റായി ഐകകണ്ഠേന തെരെഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി ടി.പി. ഷക്കീർ, ട്രഷറർ പി.വി. സുധീർ, വൈസ് പ്രസിഡന്റുമാരായി ടി.എൻ.സുബാഷ്, സലിം ചുങ്കത്ത്, സുകുമാരൻ, സെക്രട്ടറിമാരായി ശശി പ്രീമിയർ, സത്യരാജ്, പി.ബി. ബിനീഷ് തെരെഞ്ഞെടുത്തു.
സംഗീതവിരുന്നും കലാപരിപാടികളും അരങ്ങേറി.
District News
ആലത്തൂർ: താലൂക്കിലെ വിവിധ പഞ്ചായത്ത് പരിധിയിൽ കൊയ്ത്തു കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാതെ കർഷകരെ വഞ്ചിച്ചു നടക്കുന്ന സർക്കാരിന്റെ തെറ്റായ നയം പുനഃപരിശോധിക്കണമെന്ന് ആലത്തൂർ മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം സിപിഎം നേതൃത്വത്തിലുള്ള കർഷകസംഘം കൃഷി ഓഫീസിനു മുൻപിൽ നടത്തിയ സമരം കർഷകരുടെ കണ്ണിൽ പൊടിയിടാനാണെന്നും ആലത്തൂർ മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
സർക്കാരിനെ കുറ്റം പറയാതെ കൃഷി ഓഫീസിനു മുന്പിൽ നടത്തിയ സമരം അപഹാസ്യമാണെന്നും എംപി, എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ഭരണസമിതി എല്ലാം കയ്യിൽ ഉണ്ടായിട്ടും ഉദ്യോഗസ്ഥരെ മാത്രം വിമർശിച്ചുകൊണ്ട് സമരം ചെയ്യുന്നത് കർഷകരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ആലത്തൂർ മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് സി. ജയപ്രകാശ്, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി തൃപ്പാളൂർ ശശി, വി. കനകാംബരൻ, ഹാരിസ്, കെ. സുരേന്ദ്രൻ, എസ്. സഞ്ജീവൻ, മണി പൊട്ടിമട, ഗുരുവായൂരപ്പൻ വാനൂർ പങ്കെടുത്തു.
District News
കല്ലടിക്കോട്: പതിറ്റാണ്ടുകൾക്കപ്പുറം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും നാടായിരുന്ന മലയോര മേഖല ഇന്ന് വന്യമൃഗങ്ങളുടെ സംഗമതാഴ്വരകളായി മാറി. കല്ലടിക്കോടൻ മലയോര മേഖലയുൾപ്പടെയുള്ള പ്രദേശങ്ങളിൽ വന്യമൃഗഭീഷണി സ്ഥിരമായി. ജനങ്ങളുടെ ജീവനും സ്വത്തിനും വരുമാനമാർഗങ്ങൾക്കും ഭീഷണിയായി മാറിയിരിക്കുന്നു.
കാട്ടാനകളുടെ സ്ഥിരസാനിധ്യം ഗ്രാമപ്രദേശങ്ങളെ ഭീതിയിലാക്കിയപ്പോൾ മനുഷ്യർ തങ്ങളുടെ വീടും സ്ഥലവും കൃഷിയുമെല്ലാം ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങലിലേക്ക് പിന്മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തമായി കൃഷിയും വീടുമുണ്ടെങ്കിലും കാട്ടാനകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്തതോടെ മറ്റു വഴികളില്ലെന്നാണ് കഞ്ചിക്കോടു മുതൽ മെഴുകുംപാറ വരെയുള്ള ജനങ്ങൾ പറയുന്നത്. കഞ്ചിക്കോട്, മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂർ, കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, തെങ്കര, അഗളി പഞ്ചായത്തുകളിൽ ഒരു കാലത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് പാർത്തിരുന്നത്. കുറുവമ്പാടി, ഉണ്ണിമല, കയ്യറ, കരിമല, ഞാറക്കോട്, അരിപ്പ, മുണ്ടനാട്, ചെറുമല, കുറുമുഖം തുടങ്ങിയ മലയോരമേഖലകളിൽ താമസക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു.
പല പ്രദേശങ്ങളിലും പൂട്ടിയ വീടുകളും പുല്ലുവളർന്ന കൃഷിയിടങ്ങളും കാട്ടുപന്നികളും കാട്ടാനകളും മാനുകളും പുലിയും കടുവയും വിഹാര കേന്ദ്രങ്ങളാക്കി മാറ്റി. സ്വന്തമായി നിർമിച്ച വീടുകൾ ഉണ്ടെങ്കിലും വന്യമൃഗങ്ങളെ പേടിച്ച് അവിടെ കഴിയാൻ മനസുവരുന്നില്ലെന്ന് കർഷകർ പറയുന്നു. കാട്ടാനകൾ കൃഷിമാത്രമല്ല നശിപ്പിച്ചത്, മലയോര മേഖലയിലെ ജീവിതങ്ങൾ കൂടിയാണ്.
റബറും തെങ്ങും കമുകും ജാതിയും കൊക്കോയും കൃഷിചെയ്ത് രണ്ടേക്കർ മുതൽ 10 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകർപോലും ചെറുപട്ടണങ്ങളിൽ വാടകവീടുകളിലാണ് കഴിയുന്നത്.
ഏക വരുമാനമാർഗമായിരുന്ന കൃഷി പൂർണമായി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരായതോടെ കുടുംബങ്ങൾ പട്ടിണിയിലായി. ഇരുട്ട് വീഴുന്നതിനുമുമ്പുതന്നെ കാട്ടാനകളടക്കമുള്ള മൃഗങ്ങൾ കൃഷിയിടങ്ങളിലും റോഡുകളിലും ഇറങ്ങുന്നതുമൂലം കർഷകർക്ക് പുറത്തിറങ്ങാനോ അയൽവീടുകളിൽ പോകാനോ പോലും സാധിക്കുന്നില്ല. റബർ ടാപ്പിംഗിനുപോലും പണിക്കാരെ കിട്ടാനില്ലാത്ത അവസ്ഥയാണ്. സ്ഥലം വിറ്റ് മാറാമെന്ന് വിചാരിച്ചാൽ ആരും വാങ്ങാൻ തയ്യാറുമല്ല. സർക്കാരിന്റെ പുതിയ പദ്ധതി അനുസരിച്ച് ഭൂമി കൈമാറാമെന്നുവെച്ചാൽ വിപണിവില പോലും ലഭിക്കുകയുമില്ല. വികസനകാര്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതുപോലെ യഥാർഥവില നൽകി കൃഷിഭൂമികൾ ഏറ്റെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കുടിയേറ്റ ജൂബിലി ആഘോഷിച്ച പാലക്കയം, ചീനിക്കപ്പാറ, വട്ടപ്പാറ, മുണ്ടനാട്, ഇരുമ്പാമുട്ടി, കരിമല, ചുള്ളിയാംകുളം അടക്കമുള്ള മേഖലകളിൽ വീടുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മലയോരമേഖലകളിൽ പൂട്ടിക്കിടക്കുന്ന വീടുകളുടെ ഏണ്ണം അനുദിനം വർധിച്ചു വരുകയാണ്. വന്യമൃഗശല്യം മനുഷ്യാവകാശ പ്രശ്നമായി മാറിയതോടെ ഒരു സംസ്ക്കാരം തന്നെയാണ് അപ്രത്യക്ഷമാകുന്നത്. സർക്കാരിന്റെ കാര്യമായ ഇടപെടൽ വേണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.
District News
കണ്ണൂർ: "എന്റെ കുഞ്ഞിനെ അവരെല്ലാം ചേർന്നു കൊന്നു, ഇതിനായിരുന്നോ ഞാൻ അവനെ ഇവിടേക്കയച്ചത്, മകന്റെ കൊലയാളികളെ ആരെയും എനിക്കു കാണേണ്ട....' മകൻ നഷ്ടപ്പെട്ട ഒരച്ഛന്റെ വിലാപമാണിത്. നിതിൻ രാജിന്റെ അച്ഛൻ രാജനും നിതിൻ രാജിന്റെ സഹോദരീഭർത്താവ് അശോകനും ഇന്നലെ രാവിലെ മെഡിക്കൽ കോളജിലെത്തിയപ്പോഴായിരുന്നു വൈകാരികമായ രംഗങ്ങൾ.
പ്രിൻസിപ്പലിനെ കാണാനായിരുന്നു ഇരുവരും എത്തിയതെങ്കിലും നിതിൻ രാജ് വീണു കിടന്ന സ്ഥലം കണ്ടപ്പോൾ വികാരാധീനനായ രാജൻ സങ്കടമടക്കാനാകാതെ പൊട്ടിക്കരഞ്ഞു കൊണ്ട് മകൻ വീണു കിടന്ന അതേ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. പ്രിൻസിപ്പൽ ഉൾപ്പടെയുള്ളവരാണ് തന്റെ മകനെ കൊന്നതെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞാണ് രാജൻ കുഴഞ്ഞുവീണത്.
പിന്നീട് പ്രിൻസിപ്പൽ ഉൾപ്പെടെ ആരെയും കാണാതെ അവർ മടങ്ങി. മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും എല്ലാവരും ചേർന്ന് ഉപദ്രവിച്ച് കൊന്നതാണെന്നും ആവർത്തിച്ചു പറഞ്ഞുകൊണ്ടായിരുന്നു മടക്കം. മെഡിക്കൽ കോളജിൽ നിതിൻ രാജിനെ ചേർക്കാൻ വന്ന ശേഷം രണ്ടാമതായി ഇന്നലെയാണ് മെഡിക്കൽ കോളജിൽ വരുന്നത്.
അധ്യാപികയായ ലത അടക്കമുള്ള അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന് നിതിനിന്റെ സഹോദരീഭർത്താവ് അശോകൻ ആവശ്യപ്പെട്ടു. പ്രിൻസിപ്പലിന്റെ മുറിയിൽ വിളിച്ചു വരുത്തി വലിയ മാനസിക പീഡനമാണ് ഏൽപ്പിച്ചത്.
ഡോ. റാമും സംഗീതയും ഒരു പോലെ കുറ്റക്കാരാണ്. ലോൺ ആപ്പിന്റെ പേരിൽ നിതിനെ സംഘടിതമായി വ്യക്തിഹത്യ ചെയ്യുകയായിരുന്നു. ജാതി അധിക്ഷേപം ഉൾപ്പടെയുള്ള മറ്റു കാര്യങ്ങളെല്ലാം ഇപ്പോൾ ലോൺ ആപ്പിന്റെ പേരിൽ മറച്ചു വയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അശോകൻ ആരോപിച്ചു.
District News
പൊടിക്കളം: ദീപിക ബാലസഖ്യം (ഡിസിഎൽ) കണ്ണൂർ, കാസർഗോഡ് പ്രവിശ്യകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ജീവിത ദർശന-നേതൃത്വ പരിശീലന സമ്മർ ക്യാമ്പ് ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ ഫാ. ജയിംസ് ചെല്ലങ്കോട്ട് ഉദ്ഘാടനം ചെയ്തു.
ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ അധ്യക്ഷത വഹിച്ചു.
മേരിഗിരി സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ സിഎസ്ടി ക്യാമ്പ് സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ വിൻസെന്റ് ഫിലിപ്പ്, ഡിസിഎൽ കണ്ണൂർ പ്രവിശ്യ കോ-ഓർഡിനേറ്റർ വിത്സൺ ചാക്കോ, കാസർഗോഡ് പ്രവിശ്യ കോ-ഓർഡിനേറ്റർ ഡാജി ഓടയ്ക്കൽ, ഡിസിഎൽ ശ്രീകണ്ഠപുരം മേഖല ഓർഗനൈസർ രശ്മി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് നാളെ സമാപിക്കും.
District News
കണ്ണൂർ: താവക്കര ആശീർവാദ് ഹോസ്പിറ്റലിന് സമീപം കെടിഡിസി ലൂം ലാൻഡിന് എതിർവശത്തായി പ്രവർത്തിക്കുന്ന സുനിത ഫർണിച്ചറിന്റെ ഫാക്ടറി ഔട്ട്ലെറ്റിൽ കലക്കൻ വിഷു ഓഫർ വില്പന. ഒരു ലക്ഷം രൂപയ്ക്ക് മൂന്ന് ബെഡ് റൂം ഫൂൾ ഹോം കോമ്പോ ഓഫറിലൂടെ ( മൂന്ന് ബെഡ് റൂം സെറ്റ് , ആറ് സീറ്റർ ഡൈനിംഗ് സെറ്റ് , ഒരു സോഫ സെറ്റ്, മൂന്ന് മാട്രസ് എന്നിവ) ഇപ്പോൾ ലഭിക്കും.
കൂടാതെ മറ്റ് ഫർണിച്ചറുകൾക്ക് 60 ശതമാനം വരെ വിലക്കുറവുമുണ്ട്. 5250 രൂപ മുതൽ ടു ഡോർ വാർഡ്രോബും കളും, 4750 രൂപ മുതൽ വുഡ്ഡൻ സിറ്റൗട്ട് ബെഞ്ചും ഓഫറിൽ ലഭ്യമാണ്.
കിടക്കകൾക്ക് 60 ശതമാനം വരെ പ്രത്യേക വിലക്കുറവും ഒരു കിടക്ക വാങ്ങുമ്പോൾ ഒരു ബെഡ് ഷീറ്റും രണ്ടു പില്ലോയും സൗജന്യമായും നൽകും. എല്ലായിടത്തേയ്ക്കും ഫ്രീ ഫോം ഡെലിവറിയും ഫർണിച്ചർ വാങ്ങുന്നതിനായി ഈസി ഫിനാൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ ഓഫറുകൾ സുനിത ഫർണിച്ചറിന്റെ ആശീർവാദ് ഹോസ്പിറ്റലിന് സമീപമുള്ള കണ്ണൂരിലെ ഫാക്ടറി ഔട്ട്ലെറ്റിൽ മാത്രമാണുള്ളത്. "കലക്കൻ' വിഷു ഓഫറുകൾ പരിമിത കാലത്തേയ്ക്കും സ്റ്റോക്ക് തീരുന്നത് വരെയും മാത്രമേ ഉണ്ടാവുകയുള്ളൂ. ഫോൺ: 75 11141888.
District News
ഇരിട്ടി: കൂട്ടുപുഴ ഐഎംഎസ് ധ്യാനകേന്ദ്രം രജത ജൂബിലി ആഘോഷത്തിനും ബൈബിൾ കൺവൻഷനും നാളെ തുടക്കമാകും. 23 മുതൽ 25 വരെ ജൂബിലിയോടനുബന്ധിച്ച് ഫാ. സോജി ഓലിക്കൽ നയിക്കുന്ന അട്ടപ്പാടി സെഹിയോൻ ടീമിന്റെ ദൈവരാജ്യാനുഭവവ ബൈബിൾ കൺവൻഷൻ നടക്കും. ബൈബിൾ കൺവൻഷന്റെ ഭാഗമായി വചന പ്രഘോഷണം, വിശുദ്ധ കുർബാന, കുമ്പസാരം, കൗൺസിലിംഗ്, രോഗശാന്തി ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടായിരിക്കും.
23ന് രാവിലെ 10.30ന് ദിവ്യബലിക്ക് ഐഎംഎസ് സുപ്പീരിയർ ജനറൽ ഫാ. പ്രസൻരാജ് കാർമികത്വം വഹിക്കും.
തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വചന പ്രഘോഷണം നടത്തും. 24ന് രാവിലെ 10.30 ന് ദിവ്യബലിക്ക് കണ്ണൂർ രൂപത സഹായ മെത്രാൻ ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശേരി കാർമികത്വം വഹിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ദിവ്യബലിക്ക് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് കാർമികത്വം വഹിക്കുമെന്നും ആശ്രമ ഡയറക്ടർ ഫാ. തേജസ് കുന്നത്തേട്ട് അറിയിച്ചു.
District News
കണ്ണൂർ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) സംസ്ഥാന സമിതിയുടെ മാതൃകാ അങ്കണവാടി പ്രോജക്ടായ സ്നേഹവർണം പദ്ധതിക്ക് നാളെ തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിലെ മൈതാനപ്പള്ളി അങ്കണവാടിയിൽ നടക്കും.
അങ്കണവാടി കുട്ടികളിലെ വളർച്ച, വികാസം, പോഷകാഹാരം, ബുദ്ധിപരമായ നൈപുണത തുടങ്ങിയവ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രോജക്ട് സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളിലും നടപ്പാക്കും. ഐസിഡിഎസ്, റോട്ടറി ഇന്റനാഷണൽ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഐഎപി സംസ്ഥാന പ്രസിഡന്റ് ഡോ. എം.കെ. നന്ദകുമാർ നിർവഹിക്കും.
District News
പേരാവൂർ: കുട്ടികളിൽ പുതിയൊരു കായിക സംസ്കാരം വളർത്തി കൊണ്ടുവരുന്നതിനും അവരുടെ ശാരീരിക, മാനസിക വളർച്ചയ്ക്ക് സഹായകകരമായ വിവിധ കായിക പരിശീലന പരിപാടികൾക്ക് പേരാവൂർ സ്പോർട്സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തുടക്കമായി.
യോഗ, ചെസ്, ബാഡ്മിന്റൺ, നീന്തൽ, വോളിബോൾ, ടേബിൾ ടെന്നീസ്, കളരിപ്പയറ്റ് എന്നീ പരിശീലന പരിപാടികളുടെ ഉദ്ഘാടനം വിവിധ കേന്ദ്രങ്ങളിലായി നടന്നു.
ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന പരിശീലനങ്ങൾക്ക് വിദഗ്ധരായ കോച്ചുകളാണ് നേതൃത്വം നൽകുന്നത്. ചെസ് കഫേ, പാസ് ഇൻഡോർ സ്റ്റേഡിയം, ജിമ്മി ജോർജ് അക്കാദമി ഗ്രൗണ്ട്, തൃക്കടാരിപ്പൊയിൽ, കാക്കയങ്ങാട് എന്നിവിടങ്ങളിലാണ് വിവിധ ഗെയിമുകളുടെ പരിശീലനം ഒരുക്കിയിട്ടുള്ളത്.
ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി, ജനപ്രതിനിധികളായ നൂറുദ്ദീൻ, രാജു ജോസഫ്, ആശ ബിജു, പിഎസ്എഫ് ഭാരവാഹികളായ എം.സി. കുട്ടിയച്ചൻ, ഡെന്നി തോമസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ വിവിധ ഗെയിമുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ജോണി തോമസ്, ഒ. മാത്യു, എ.പി. സുജീഷ് എന്നിവർ നേതൃത്വം നൽകി.
District News
പേരാവൂർ: പ്രദേശത്തെ വിവിധ മേഖലകളിൽ കുടിവെള്ള പ്രശ്നം രൂക്ഷമായിട്ടും വിതരണം നടത്താത്ത പഞ്ചായത്ത് നിലപാടിൽ പ്രതിഷേധിച്ച് പത്താം വാർഡ് മെംബർ ജൂബിലി ചാക്കോ സ്വന്തം നിലയ്ക്ക് വാർഡിൽ കുടിവെള്ള വിതരണം നടത്തി പ്രതിഷേധിച്ചു.
കഴിഞ്ഞ ഭരണസമിതി യോഗത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അജൻഡയിൽ ഉൾപ്പെടുത്തിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വാർഡിൽ കുടിവെള്ള വിതരണം തുടങ്ങിയത്.
പാലപ്പുഴയിൽ കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്ന കിണറിൽ നിന്നാണ് പേരാവൂരിലെ പത്താം വാർഡിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്തത്.
വാർഡ് മെംബർ സ്വന്തം കൈയിൽ നിന്ന് പണം ചെലവഴിച്ചാണ് നാട്ടുകാർക്ക് ഇത്തരത്തിൽ കുടിവെള്ളമെത്തിച്ചു നൽകുന്നത്.
കുടിവെള്ളം വിതരണം ചെയ്യുന്നത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും ഇത് സംബന്ധിച്ച് പരാതി പറയുകയും ചെയ്തിരുന്നെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ കുടിവെള്ളം വിതരണം ചെയ്തതെന്ന് ജൂബിലി ചാക്കോ പറഞ്ഞു.
District News
കണ്ണൂർ: ഹെൽത്തി കേരള കാമ്പയിൻ ആരോഗ്യ ജാഗ്രത പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ 97 സ്ക്വാഡുകള്‍ ജില്ലയിലെ വിവിധ ഭക്ഷ്യ-പാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
വൃത്തി, ശുചിത്വം, ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ്, ജലഗുണനിലവാര സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാത്ത 69 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗല്‍ നോട്ടീസ് നല്കി.
ഹോട്ടല്‍, ബേക്കറി, ജ്യൂസ്കട, തട്ടുകടകള്‍ ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും നിര്‍ദേശിച്ചു. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ജ്യൂസ് കടകള്‍, തട്ടുകടകള്‍, കരിമ്പിന് ജ്യൂസ് കടകൾ ഉള്‍പ്പെടെ 1245 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പുകവലി നിരോധിത ബോര്‍ഡ് സ്ഥാപിക്കാത്ത 70 കടകളില്‍ നിന്ന് 14,800 രൂപ പുകവലി നിയമപ്രകാരം പിഴയീടാക്കി.
ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി കര്‍ശനമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. കെ.സി. സച്ചിന് അറിയിച്ചു.
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ടി.എ. ജയ്സൺ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജീഷ് രാമചന്ദ്രൻ, ഫാത്തിമ ഫിദ എന്നിവരും നേതൃത്വത്തിലായിരുന്നു പരിശോധന.
കീഴ്പള്ളി സിഎച്ച്സിയുടെ നേതൃത്വത്തിൽ ആറളം, ഓടക്കൽ ടൗണിൽ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ ജോഷി ഫിലിപ്പ്, എസ്. അരുൺ, നവീന, ഒ. ഗിന, പാർവതി എന്നിവർ നേതൃത്വം നൽകി.
കണിച്ചാർ: പഞ്ചായത്ത് ആരോഗ്യ വകുപ്പ് ജീവനക്കാർ കണിച്ചാർ, കൊളക്കാട് പ്രദേശങ്ങളിലെ ഹോട്ടലുകൾ ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. വിവിധയിടങ്ങളിൽ നിന്നും പഴകിയതും ഉപയോഗ്യ ശൂന്യമായതുമായ ഭക്ഷ്യ സാധനങ്ങൾ കണ്ടെടുത്ത ഹോട്ടലുകൾ അടച്ചുപൂട്ടി. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ. മുത്തു, ജൂണിയർ ഹെൽത്ത് ഇൻസ്പെ ക്ടർമാരായ സി.ആർ. സന്ധ്യ, ഇ.ജെ. ലയ, ഡിഗ്ന റോസ് എന്നിവർ പങ്കെടുത്തു.
District News
കണിച്ചാർ: കണിച്ചാർ-ആറളം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അണുങ്ങോട് ഇരുമ്പുപാലം ആറളം, കണിച്ചാർ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. പരിപാലനമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന ഈപാലം ദിവസേന നിരവധിയാളുകൾ ഉപയോഗിക്കുന്നതുകൊണ്ട് വലിയ അപകടത്തിന് സാധ്യത ഉയർത്തിയിരുന്നു.
പാലത്തിന്റെ ഇരുമ്പ് ഘടന മുഴുവനും തുരുമ്പ് പിടിച്ച് ദുർബലമായ നിലയിലാണ്. പല ഭാഗങ്ങളിലും ഇരുമ്പ് പ്ലേറ്റുകൾ അഴിഞ്ഞു പോകുകയും തറ ഭാഗങ്ങളിൽ പൊട്ടലുകളും കുഴികളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. കൈപ്പിടികളും സുരക്ഷാ റെയിലിംഗുകളും പല ഭാഗങ്ങളിൽ തകർന്ന നിലയിലാണ്.
ആറളം, കണിച്ചാർ പഞ്ചായത്തുകളുടെ ആസ്ഥിയിൽ ഉൾപ്പെടാത്തതുകൊണ്ട് സംയുക്ത ഫണ്ട് ഉപയോഗിക്കാൻ സാധിക്കില്ല എന്നും എസ്ടി ഡിപ്പാർട്ട്മെന്റിന്റെ ഫണ്ട് വകയിരുത്തി പാലം നവീകരിക്കുന്നതിന് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ എന്നിവർ പറഞ്ഞു.
ജില്ല പഞ്ചായത്തംഗം ജെയ്സൺ കാരക്കാട്ട്, കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, ആറളം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, പഞ്ചായത്തംഗങ്ങളായ റെഹ്യാനത്ത് സുബി, ഷീബ തോമസ്, അരവിന്ദൻ ആക്കിനിശേരി എന്നിവരും അധികൃതരോടൊപ്പം ഉണ്ടായിരുന്നു.
District News
മട്ടന്നൂർ: കോഴിക്കോട് ജില്ലയിൽ നിന്ന് നിരോധിത കാരി ബാഗുകളുമായി മട്ടന്നൂരിലെത്തിയ വാഹനം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. ഇരിട്ടി, മട്ടന്നൂർ ഭാഗത്തെ വ്യാപാരികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന 30 കിലോ വ്യാജ ബയോ കാരി ബാഗുകളാണ് സ്ക്വാഡ് പിടിച്ചെടുത്തത്. ബയോ കാരി ബാഗുകൾ എന്ന് തെറ്റിധരിപ്പിക്കുന്ന രീതിയിൽ ക്യൂ ആർ കോഡും മറ്റു രേഖപ്പെടുത്തലുകളുമായുള്ള വ്യാജ ബയോ കാരി ബാഗുകളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശ പ്രകാരമുള്ള ഡൈക്ലോറോ മീഥൈൻ ടെസ്റ്റ് തത്സമയം നടത്തി ഉറപ്പുവരുത്തിയാണ് സ്ക്വാഡ് വ്യാജ ഉത്പന്നം തിരിച്ചറിഞ്ഞത്. ഡൈക്ലോറോ മീഥൈൻ ലായനിയിൽ ബയോ ക്യാരീ ബാഗുകൾ പൂർണമായി ലയിക്കുമെങ്കിലും പ്ലാസ്റ്റിക് ലയിക്കില്ല. വടകരയിലെ സ്റ്റാർ നൈലോൺസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്നാണ് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തത്.
മുമ്പും ഇതേ ഏജൻസിയുടെ മറ്റു വാഹനങ്ങൾ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയിട്ടുണ്ട്. മട്ടന്നൂർ നഗരസഭ ആരോഗ്യ വിഭാഗം പതിനായിരം രൂപ പിഴയീടാക്കി. പിടിച്ചെടുത്ത ഉത്പന്നങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് മട്ടന്നൂർ നഗരസഭ എംസിഎഫിലേക്ക് മാറ്റി.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങളായ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ എന്നിവരോടൊപ്പം നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ യു.കെ. സനൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. പ്രസാദ് എന്നിവരും പങ്കെടുത്തു.
District News
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവ്-കളിത്തട്ടുംപാറ-കരി മേഖലയിൽ ഒരാഴ്ചയിലധികമായുള്ള പിടിയാനയും കുട്ടിയും പ്രദേശത്ത് ഭീതി പരത്തുന്നു. കൃഷിയിടങ്ങളിലെത്തി വ്യാപക നാശം വിതയ്ക്കുന്ന ആനകളെ തുരത്താൻ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
സന്ധ്യയോടെയാണ് ആനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത്. ജനവാസം ഉള്ളതും ഇല്ലാത്തതുമായ മേഖലകളിലെ തെങ്ങ്, കശുമാവ് തുടങ്ങിയവ ആനകൾ നശിപ്പിക്കുന്നുണ്ട്. കളിത്തട്ടുംപാറയിൽ കുന്നേൽ ജോർജിന്റെ കൃഷിയിടത്തിൽ വലിയ നാശമാണ് ഉണ്ടാക്കിയത്. കരിയിൽ കുന്നേൽപറമ്പിൽ മത്തായിയുടെ തെങ്ങും മറ്റു കൃഷികളും ആനകൾ നശിപ്പിച്ചു. ആളൊഴിഞ്ഞ പറമ്പുകളിലെ കാർഷികവിളകളുടെ നാശം കണക്കാക്കിയിട്ടില്ല.
സോളർ വേലി നിർമാണം വൈകുന്നു
അയ്യൻകുന്ന് പഞ്ചായത്തിൽ വന്യമൃഗശല്യം തടയാനുള്ള സോളാർ തൂക്കുവേലി നിർമാണം വൈകുന്നതാണ് ആനകൾ കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും എത്താൻ പ്രധാന കാരണം. കൃഷിവകുപ്പും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് വനാതിർത്തിയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിക്കുന്നത്. കച്ചേരിക്കടവിൽ ആരംഭിച്ച് പഞ്ചായത്ത് അതിർത്തിയായ എടപ്പുഴ വാളത്തോടിൽ പൂർത്തിയാകുന്ന വിധത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ വനാതിർത്തികളിൽകൂടിയുള്ള വേലി നിർമാണം ഉദ്ദേശിച്ച വേഗതയിൽ നീങ്ങുന്നില്ലെന്നതാണ് പ്രധാന തടസം. വേലി നിർമാണത്തിന് ആവശ്യമായ സാധന സാമിഗ്രികൾ സ്ഥലത്ത് എത്തിക്കൽ തന്നെ ശ്രമകരമായ ജോലിയാണ്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ സമിതികളാണ് വേലി നിർമിക്കുന്ന സ്ഥലത്തെ അടിക്കാടുകൾ വെട്ടി വൃത്തിയാക്കുന്നത്. മാർച്ചിൽ പൂർത്തിയാക്കാനുദ്ദേശിച്ച പദ്ധതിയാണ് പല കാരണങ്ങളാൽ നീണ്ടുപോകുന്നത്. മഴ ആരംഭിച്ചാൽ മേഖലയിൽ വേലി നിർമാണം അസാധ്യമാകും.
District News
കണ്ണൂർ: ഹെൽത്തി കേരള കാമ്പയിൻ ആരോഗ്യ ജാഗ്രത പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ 97 സ്ക്വാഡുകള്‍ ജില്ലയിലെ വിവിധ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
വൃത്തി, ശുചിത്വം, ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ്, ജലഗുണനിലവാര സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാത്ത 69 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗല്‍ നോട്ടീസ് നല്കി. ഹോട്ടല്‍, ബേക്കറി, ജ്യൂസ്കട, തട്ടുകടകള്‍ ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും നിര്‍ദേശിച്ചു. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ജ്യൂസ് കടകള്‍, തട്ടുകടകള്‍, കരിമ്പിന് ജ്യൂസ് കടകൾ ഉള്‍പ്പെടെ 1245 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
പുകവലി നിരോധിത ബോര്‍ഡ് സ്ഥാപിക്കാത്ത 70 കടകളില്‍ നിന്ന് 14,800 രൂപ പുകവലി നിയമപ്രകാരം പിഴയീടാക്കി. ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി കര്‍ശനമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. കെ.സി. സച്ചിന് അറിയിച്ചു.
ആലക്കോട്: ആലക്കോട് ടൗൺ, അരങ്ങം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഹെൽത്തി കേരളയുടെ ഭാഗമായി പരിശോധന നടത്തി.
മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. സീമിയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് പ്രശാന്തിയിൽ, എം. ലിഖിന, വി.ടി. ശ്രീരാജ്, കെ. നിധീഷ്, ബി. അഭിജിത്ത്, മെൽബിൻ സെബാസ്റ്റ്യൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പരിശോധനയിൽ വീഴ്ചകണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമമനുസരിച്ച് നോട്ടീസ് നൽകി.
District News
ചെറുപുഴ: ചെറുപുഴ ടൗണിലെ ഹോട്ടലുകളിൽ വർധിപ്പിച്ച വില കുറയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വ്യാപാര സംഘടനകൾക്ക് യൂത്ത് കോൺഗ്രസ് ചെറുപുഴ മണ്ഡലം കമ്മിറ്റി കത്ത് നൽകി. വില കുറച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ചെറുപുഴ മണ്ഡലം പ്രസിഡന്റ് പ്രണവ് കരാള, നേതാക്കളായ പി. മിഥുൻ, ടി.പി. ശ്രീനിഷ്, കെ.ഡി. പ്രവീൺ, എം. മാർട്ടിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ട്രഷറർ ജോൺസൻ സി. പടിഞ്ഞാത്ത്, കേരള വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് സുലേഖ വിജയൻ എന്നിവർക്കാണ് കത്ത് നൽകിയത്.
District News
ചെറുപുഴ: കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയുണ്ടായ കാറ്റിലും മഴയിലും കോഴിച്ചാലിലും പരിസര പ്രദേശങ്ങളിലും നാശനഷ്ടമുണ്ടായി. മൂന്ന് വീടുകൾക്ക് മുകളിൽ മരം വീണു. കാർഷിക വിളകൾക്കും നാശം സംഭവിച്ചു.
കോഴിച്ചാൽ റവന്യൂവിൽ പാലക്കുന്നേൽ സാബു, തള്ളിയിൽ ജാനകി, പ്ലാന്തോട്ടം രാജപ്പൻ എന്നിവരുടെ വീടുകൾക്ക് മുകളിലാണ് മരം വീണത്. കോഴിച്ചാൽ-രാജഗിരി റോഡരികിൽ നിന്ന കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണതിനെ തുടർന്ന് കോഴിച്ചാൽ-ജോസ്ഗിരി റൂട്ടിൽ വാഹനഗതാഗതം തടസപ്പെട്ടു.
നാട്ടുകാരും പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് വീടുകളുടെ മുകളിലും റോഡിലും വീണ മരങ്ങൾ മുറിച്ചു മാറ്റി.
തെങ്ങ്, കവുങ്ങ്, വാഴ, റബർ തുടങ്ങിയ കാർഷിക വിളകളും കാറ്റിൽ ഒടിഞ്ഞും കടപുഴകി വീണും നശിച്ചു.
പ്രദേശത്ത് വൈദ്യുതി വിതരണം തകരാറിലായി. പഞ്ചായത്ത് അംഗം വിജി കെ. ജോൺ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു.
District News
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയിൽ പാറോത്തുംനീരിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ വൻ നഷ്ടം. ഏക്കറു കണക്കിന് സ്ഥലത്തെ കൃഷിയും മരങ്ങളും കത്തിനശിച്ചു. രാവിലെ 11 ഓടെയുണ്ടായ തീപിടിത്തം ഉച്ചകഴിഞ്ഞാണ് അണയ്ക്കാൻ കഴിഞ്ഞത്. 200 ഓളം ആളുകളുടെ കഠിന പ്രയത്നം കൊണ്ടാണ് തീയണയ്ക്കാൻ സാധിച്ചത്. വൈകുന്നേരം നാലോടെയുണ്ടായ മഴയും തീയണയ്ക്കാൻ സഹായകരമായി.
പൊന്നുവയൽ പറമ്പിൽ പ്രസാദിന്റെ സ്ഥലത്ത് നിന്നാണ് തീ കത്താൻ ആരംഭിച്ചത്. അരീക്കൽ ഉദയഭാനു, പി.ടി. കൃഷ്ണൻ നമ്പ്യാർ, പി.കെ. ബാലകൃഷ്ണൻ, സി.എം. പത്മനാഭൻ എന്നിവരുടെ പറമ്പുകളിലാണു തീ പടർന്നു പിടിച്ചത്. തെങ്ങ്, കവുങ്ങ്, റബർ, കശുമാവ് തുടങ്ങിയ വിളകൾ കത്തിനശിച്ചു. കടുത്ത ചൂടും കാറ്റും കാരണം തീ അതിവേഗം കത്തിപ്പടർന്നു.
പ്രദേശത്ത് തീ കെടുത്താൻ വെള്ളം ലഭ്യമല്ലായിരുന്നു. പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നടത്തിയ കഠിന പ്രയത്നത്തിനൊടുവിലാണു തീ നിയന്ത്രിക്കാനായത്. തീ പടർന്ന പ്രദേശം കാടും ചപ്പുചവറുകളും കൊണ്ടു നിറഞ്ഞതിനാൽ തീ ആളി പടരുകയായിരുന്നു. ഏക്കറു കണക്കിന് കൃഷിയിടങ്ങൾ കാട് തെളിക്കാതെ കിടക്കുന്നുണ്ട്.
കുന്നിൽ പ്രദേശമായതിനാൽ അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്ക് തീപിടിത്തമുണ്ടായ സ്ഥലത്ത് എത്താനായില്ല. തുടർന്നു അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മരക്കൊമ്പുകൾ ഉപയോഗിച്ചാണു തീയണച്ചത്. തീ മറ്റു സ്ഥലങ്ങളിലേക്ക് പടർന്നു പിടിക്കുന്നത് തടയാൻ അതിർത്തി തിരിച്ചതും തീ നിയന്ത്രണ വിധേയമാക്കാൻ സഹായിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. ലതേഷ്, നൗഫൽ, നന്ദ കൃഷ്ണ, ഹോംഗാർഡ് പി.എം. ജോസഫ് എന്നിവർക്ക് പുറമെ പഞ്ചായത്തംഗം പി.വി. വിജയൻ, ആർ.കെ. പത്മനാഭൻ, സെബാസ്റ്റ്യൻ നെല്ലിക്കൽ, നിധീഷ് പ്രാപ്പൊയിൽ തുടങ്ങിയവർ തീയണയ്ക്കാൻ നേതൃത്വം നൽകി.
District News
കരുവഞ്ചാൽ: ജൽജീവൻ പദ്ധതി തദ്ദേശവാസികൾക്ക് തലവേദന സൃഷ്ടിക്കുന്നു. ചപ്പാരപ്പടവ്, നടുവിൽ പഞ്ചായത്തിൽ നിരവധിയിടങ്ങളിലാണ് പദ്ധതിക്ക് വേണ്ടി റോഡ് കുഴിച്ചിട്ടിരിക്കുന്നത്. പലയിടത്തും കാൽനട യാത്ര പോലും സാധ്യമല്ലെന്ന് നാട്ടുകാർ പറയുന്നു. ബാലപുരം-ഉടുമ്പുംചിറ്റ കവല, മീമ്പറ്റി-വായാട്ടുപറമ്പ് ഹൈസ്കൂൾ, മലയാളംമുക്ക്-കരിവേടൻകുണ്ട് തട്ട് എന്നീ റോഡുകളുടെ അരിക് പൂർണമായും തകർത്ത് വലിയ ഗർത്തമാക്കിയിരിക്കുകയാണ്.
ജൽജീവൻ മിഷൻ പൈപ്പ് ഇടാൻ വേണ്ടി ബാലപുരം-ഉടുമ്പുംചിറ്റ കവല റോഡിന്റെ മധ്യഭാഗം കീറിയതോടെ ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. അപകടങ്ങളും ഇവിടെ പതിവാണ്. റോഡ് തകർന്നതോടെ ഓട്ടോറിക്ഷകൾ വരെ ഓടാൻ മടിക്കുന്നതിനാൽ യാത്രാ ദുരിതവും രൂക്ഷമാണ്.
മലയോരമേഖലയിൽ പല സ്ഥലത്തും സ്ഥാപിച്ചിരിക്കുന്ന ജലസംഭരണ ടാങ്കുകളും കാടുകയറിയ നിലയിലാണ്. കരുവഞ്ചാൽ-വായാട്ടുപറമ്പ്-നടുവിൽ മലയോര ഹൈവേയിൽ ടാറിംഗിന് പുറമേ റോഡ് സൈഡുകളും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയതാണ്. ഇപ്പോൾ ഇവിടെയും ജൽജീവൻ പദ്ധതിക്കായി ഈ കോൺഗ്രീറ്റ് ചെയ്ത പ്രദേശങ്ങൾ കുത്തിപ്പൊളിച്ച് പൈപ്പിടുന്നതിനായി വലിയ പൈപ്പുകൾ ഇറക്കിയിട്ടുണ്ട്.
നിലവിൽ കാൽനടയാത്ര പോലും ദുരിതമാകുന്ന അവസ്ഥയാണ്. റോഡ് കുത്തിപ്പൊളിച്ചാൽ ഉടൻ അത് പൂർവസ്ഥിതിയിൽ ആക്കണം എന്നാണ് ചട്ടം.
എന്നാൽ, കുത്തിപ്പൊളിച്ച സ്ഥലങ്ങളിലെല്ലാം അതേ അവസ്ഥ തുടരുകയാണ്. പല സ്ഥലത്തും മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്യുന്നത്. ഇത് വലിയ മഴയിൽ വെള്ളം കുത്തിയൊലിച്ച് ഒഴുകിപ്പോയി വീണ്ടും വലിയ ചാലുകൾ രൂപപ്പെടാൻ ഇടയാക്കും.
പദ്ധതി അനിവാര്യമാണെങ്കിലും അത് യാഥാർഥ്യമാക്കുന്നതിന് ഫലപ്രദമായ നടപടി ക്രമങ്ങൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും കഴിയണമെന്നാണ് നാട്ടുകാരുടെ പക്ഷം.
District News
അമ്പലത്തറ: ശിശുരോഗ വിദഗ്ധന്‍ ഡോ. എ.സി. പദ്മനാഭന് സ്നേഹവീടിന്റെ ആദരം. ഡോ. പദ്മനാഭന്റെ ജന്മദിനത്തില് സ്നേഹവീടിലെ കുട്ടികള്‍ക്ക് മകന് ഡോ. സച്ചിന് പദ്മന്റെ നേതൃത്വത്തില്‍ സൗജന്യ ഹെല്‍ത്ത് ക്യാമ്പ് നടത്തി. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. സ്നേഹം പാലിയേറ്റീവ് രക്ഷാധികാരി വി. മാധവൻ നായര്‍, ഡോ. പ്രവീണ്‍ കെ. അറോറ, ഡോ. ടി.വി. പദ്മനാഭന്, സി. കൃഷ്ണകുമാര്‍, പി. അപ്പുകുഞ്ഞി, മാധവി കാനം, കെ.പി. കൃഷ്ണന്, പുരുഷോത്തമന് ഗുരുപുരം, കെ. പീതാംബരന്, അമ്പലത്തറ കുഞ്ഞികൃഷ്ണന് എന്നിവർ പ്രസംഗിച്ചു.
District News
കാസര്‍ഗോഡ്: മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ ബൈക്ക് പെട്രോള്‍ ഒഴിച്ചുകത്തിച്ച നിലയില്‍. വീടിന്റെ മുന്‍വാതിലും ജനലും തീയിട്ടു നശിപ്പിച്ചു. ചെര്‍ക്കള അളക്കയിലെ സജീവ ലീഗ് പ്രവര്‍ത്തകരായ സലാഹുദ്ദീന്, സെയ്ഫുദ്ദീന്‍ എന്നിവരുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
ഗൃഹനാഥന് സി.എ. ഫൈസലിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ആവശ്യപ്പെട്ടു.
District News
ചെറുപുഴ: കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയുണ്ടായ കാറ്റിലും മഴയിലും കോഴിച്ചാലിലും പരിസര പ്രദേശങ്ങളിലും നാശനഷ്ടമുണ്ടായി. മൂന്ന് വീടുകൾക്ക് മുകളിൽ മരം വീണു. കാർഷിക വിളകൾക്കും നാശം സംഭവിച്ചു.
കോഴിച്ചാൽ റവന്യൂവിൽ പാലക്കുന്നേൽ സാബു, തള്ളിയിൽ ജാനകി, പ്ലാന്തോട്ടം രാജപ്പൻ എന്നിവരുടെ വീടുകൾക്ക് മുകളിലാണ് മരം വീണത്. കോഴിച്ചാൽ-രാജഗിരി റോഡരികിൽ നിന്ന കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണതിനെ തുടർന്ന് കോഴിച്ചാൽ-ജോസ്ഗിരി റൂട്ടിൽ വാഹനഗതാഗതം തടസപ്പെട്ടു.
നാട്ടുകാരും പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് വീടുകളുടെ മുകളിലും റോഡിലും വീണ മരങ്ങൾ മുറിച്ചു മാറ്റി. തെങ്ങ്, കവുങ്ങ്, വാഴ, റബർ തുടങ്ങിയ കാർഷിക വിളകളും കാറ്റിൽ ഒടിഞ്ഞും കടപുഴകി വീണും നശിച്ചു. പ്രദേശത്ത് വൈദ്യുതി വിതരണം തകരാറിലായി. പഞ്ചായത്ത് അംഗം വിജി കെ. ജോൺ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു.
District News
മുള്ളേരിയ: കാറഡുക്ക പഞ്ചായത്തിലെ അടുക്കാത്തൊട്ടിയിൽ പയസ്വിനി പുഴയ്ക്കു കുറുകെ ചെറു അണക്കെട്ട് നിർമിക്കണമെന്ന് ആവശ്യം. നിലവിൽ മുളിയാർ-ബേഡഡുക്ക പഞ്ചായത്തുകളോടു ചേർന്നുകിടക്കുന്ന ബാവിക്കരയിലും പാണ്ടിക്കണ്ടത്തുമാണ് പയസ്വിനിക്കു കുറുകേ ചെറു അണക്കെട്ടുകളുള്ളത്.
ഇവിടെനിന്ന് കിഴക്കുമാറിയുള്ള അടുക്കാത്തൊട്ടിയിൽ കൂടി അണക്കെട്ട് വന്നാൽ കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് പരിഹാരമാകും.
കർണാടകയിൽ നിന്ന് ഉത്ഭവിക്കുന്ന പയസ്വിനിപ്പുഴ ദേലംപാടി പഞ്ചായത്തിലെ പഞ്ചിക്കല്ലിൽ വച്ചാണ് കേരളത്തിലേക്കു പ്രവേശിക്കുന്നത്. തുടർന്ന് ദേലംപാടി, കാറഡുക്ക പഞ്ചായത്തുകൾ പിന്നിട്ട് മുളിയാറിലെത്തുമ്പോൾ മാത്രമാണ് നിലവിൽ വെള്ളം തടഞ്ഞുനിർത്താൻ സംവിധാനമുള്ളത്.
കാറഡുക്ക പഞ്ചായത്തിലെ അടുക്കാത്തൊട്ടിയിലും ദേലംപാടി പഞ്ചായത്തിലെ ആദൂരിലും മിനി ഡാമുകൾ നിർമിക്കാവുന്നതാണെന്ന് 1970 കളിൽ തന്നെ സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയായാൽ ഈ പഞ്ചായത്തുകളിലെ കമുകും നെല്ലും അടക്കമുള്ള വിളകൾക്ക് ജലലഭ്യത ഉറപ്പുവരുത്താനാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേത്തുടർന്ന് അടുക്കാത്തൊട്ടിയിൽ മിനി ഡാം നിർമിക്കാൻ പദ്ധതി തയാറാക്കുകയും പഠനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. പക്ഷേ തുടർനടപടികളൊന്നും ഉണ്ടായില്ല.
ഇപ്പോൾ വേനൽക്കാലമായാൽ കാറഡുക്ക-ദേലംപാടി മേഖലയിൽ പുഴ അങ്ങിങ്ങായി വറ്റിവരണ്ടു കിടക്കുന്ന സാഹചര്യമാണ്. അടുത്തകാലം വരെ മുളിയാറിലും ഇതേ അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാൽ ബാവിക്കരയിലും പാണ്ടിക്കണ്ടത്തും അണക്കെട്ടുകൾ വന്നതോടെ അവിടെ പുഴ ജലസമൃദ്ധമായി. അടുക്കാത്തൊട്ടിയിൽ മിനി ഡാം നിർമിച്ചാൽ സമീപത്തുള്ള ബെള്ളൂർ, കുംബഡാജെ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കാൻ സഹായകമാകും. അണക്കെട്ടിനൊപ്പം പാലം കൂടി വന്നാൽ മഴക്കാലത്ത് ഒറ്റപ്പെട്ടുപോകുന്ന സമീപപ്രദേശങ്ങളിലുള്ളവർക്ക് പുതിയൊരു ഗതാഗത മാർഗവും തുറന്നുകിട്ടും.
District News
കാസര്‍ഗോഡ്: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ജില്ലയിലെ ടോപ്പറായി കാസര്‍ഗോഡ് വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അല്‍ക്ക സജി. 500ല്‍ 499 മാര്‍ക്കാണ് അല്‍ക്ക കരസ്ഥമാക്കിയത്. ഇംഗ്ലീഷിന് മാത്രമാണ് ഒരു മാര്‍ക്ക് നഷ്ടമായത്. ക്ലാസുള്ള ദിവസങ്ങളില്‍ അഞ്ചുമണിക്കൂറും അവധിദിവസങ്ങളില്‍ 16 മണിക്കൂറോളവും പഠനത്തിനായി ചെലവഴിക്കുന്ന അല്‍ക്കയുടെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് ഈ വിജയം.
ഒരു വിഷയത്തില്‍ പോലും ട്യൂഷന് ഉണ്ടായിരുന്നില്ല. ഐഐടിയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠനം സ്വപ്നം കാണുന്ന അല്‍ക്ക കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്ലസ്ടു പഠനവും ജെഇഇ കോച്ചിംഗും നടത്തും. കാനറ ബാങ്ക് ഉദുമ ബ്രാഞ്ച് ക്ലര്‍ക്കായ സജി ബാവിലേരിയുടെയും ചേരൂര്‍ ഐഐഎഎല്പി സ്കൂള്‍ അധ്യാപികയുമായ കെ.ജി. ജ്യോതിയുടെയും മകളാണ്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ സജി വിമുക്തഭടനാണ്.
മക്കളുടെ വിദ്യാഭ്യാസത്തിനായി 13 വര്‍ഷം മുമ്പ് കാസര്‍ഗോഡേക്ക് താമസം മാറുകയായിരുന്നു. നിലവില്‍ ചെങ്കള എതിര്‍ത്തോട് വീടുവച്ച് താമസിക്കുന്നു. അല്‍ക്കയുടെ ജ്യേഷ്ഠന് അമല്‍ജിത്ത് പിതാവിന്റെ പാതയില്‍ സൈനികസേവനമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അമല്‍ജിത്തിന്റെ ഏഴിമല നാവിക അക്കാദമിയിലെ ബിടെക് ഇലക്ട്രോണിക്സ് പഠനം ഈവര്‍ഷം പൂര്‍ത്തിയാകും.
District News
കാസര്‍ഗോഡ്: കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. കാസര്‍ഗോഡ് വികസന പാക്കേജിന്റെ (കെഡിപി) ഭാഗമായി ജില്ലയില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് നിര്‍ദ്ദേശം നല്കി.
പദ്ധതികളുടെ നിലവിലെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് ജില്ലാകളക്ടര്‍ നിര്‍ദേശം നല്‍കിയത്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട നിര്‍മാണപ്രവൃത്തികള്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ യാതൊരുവിധ കാലതാമസവും ഉണ്ടാകരുത്.
നിര്‍മാണത്തിലിരിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി കമ്മീഷന് ചെയ്യണമെന്നും ഇതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ വി. ചന്ദ്രന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ബി. സന്തോഷ്, ജില്ലാ നിര്‍മിതികേന്ദ്ര ജനറല്‍ മാനേജര്‍ ഇ.പി. രാജ്മോഹന്‍, പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഷാജി തയ്യില്‍, കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ എം. ജഗദീഷ് എന്നിവര്‍ പ്രസംഗിച്ചു.
District News
കാസർഗോഡ്: അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ ഓപ്പറേഷൻ ഏർത്ത് ഗാർഡ് നടപടിയുടെ ഭാഗമായി ജില്ലയിൽ അഞ്ചിടങ്ങളിൽ പരിശോധന നടത്തി. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ജില്ലാ ഓഫീസിലും കുമ്പള, കയ്യൂർ-ചീമേനി, ചെറുവത്തൂർ, മടിക്കൈ പഞ്ചായത്തുകളിലുമാണ് വിജിലൻസ് ഡിവൈഎസ്പി വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
ചില സ്ഥലങ്ങളിൽ രേഖാമൂലമുള്ള അനുമതിയില്ലാതെ മണ്ണ് നീക്കംചെയ്തതായും മറ്റു ചില ഇടങ്ങളിൽ അനുമതി നൽകിയതിനേക്കാൾ കൂടുതൽ അളവിൽ മണ്ണ് നീക്കിയതായും പരിശോധനയിൽ കണ്ടെത്തിയതായാണ് സൂചന.
മടിക്കൈ പഞ്ചായത്തിൽ മൂന്നിടങ്ങളിലും കയ്യൂർ-ചീമേനി പഞ്ചായത്തിൽ ആറിടങ്ങളിലും ചെറുവത്തൂരിൽ ഒരിടത്തും അനുമതി നൽകിയതിൽ കൂടുതൽ മണ്ണെടുത്തതായി കണ്ടെത്തി. ചെറുവത്തൂരിലും കുമ്പളയിലും ഓരോ ഇടങ്ങളിൽ അനുമതിയില്ലാതെ മണ്ണ് ഖനനം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ചെങ്കള പഞ്ചായത്തിലെ കുണ്ടടുക്കത്ത് അനധികൃതമായി മണ്ണ് ഖനനം നടത്തിയതായും തെക്കിലിൽ അനുമതി നൽകിയതിനേക്കാൾ കൂടുതൽ മണ്ണ് നീക്കിയതായും ജില്ലാ ജിയോളജി ഓഫീസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഈ സ്ഥലങ്ങളിൽ ആദ്യദിനത്തിൽ നേരിട്ടുള്ള പരിശോധന നടത്തിയിട്ടില്ല. പരിശോധനാ റിപ്പോർട്ട് വരുംദിവസങ്ങളിൽ തന്നെ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും.
District News
രാജപുരം: മലയാറ്റുകര ക്വാറി സമരം തുടരും. മേയ് ഒന്നിന് കോടോം-ബേളൂർ പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ചും ധർണയും നടത്തും. ഏപ്രിൽ ഏഴിന് തുടങ്ങിയ സത്യഗ്രഹ സമരത്തിൽ 516 പേർ പങ്കെടുത്തു. സമരവുമായി ബന്ധപ്പെട്ട് സിപിഎം, ബിജെപി, കോൺഗ്രസ്, സിപിഐ, മുസ്ലിം ലീഗ് തുടങ്ങി രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾക്ക് കത്ത് നൽകിയിട്ടുണ്ട്
ഇതിന്റെ വെളിച്ചത്തിൽ രാഷ്ട്രീയ പാർട്ടികൾ ക്വാറി മാഫിയക്ക് അനുകൂലമായോ പ്രതികൂലമായോ നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
പഞ്ചായത്ത് മുൻ ഭരണസമിതി ജനവാസ കേന്ദ്രത്തിൽ വൻകിട ക്വാറിക്ക് നൽകിയ അനുമതി റദ്ദാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. കിനാനൂർ-കരിന്തളത്തും മടിക്കൈയിലും ബളാലിലും അടക്കം പഞ്ചായത്ത് അനുമതി കൊടുത്ത ചില പദ്ധതികൾ ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി റദ്ദു ചെയ്തിട്ടുണ്ട്. ഭരണസംവിധാനങ്ങൾ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളണമെന്നും ഭാരവാഹികൾ പറഞ്ഞു.
നാളെ മുതൽ കുടിൽ കെട്ടി സമരം നടത്തും. സമരത്തിൽ ഒരു കുടുംബത്തിന്റെ പ്രതിനിധി സത്യഗ്രഹമിരിക്കും. ക്വാറി പ്രവർത്തനം നിർത്തും വരെ സമരം. സമയപരിധി ലംഘിച്ച് ഓടുന്ന ടിപ്പറുകൾ ജനകീയ സമിതിയുടെ നേതൃത്വത്തിൽ തടയാനും തീരുമാനിച്ചതായി വാർഡ് മെംബർ സജിത ശ്രീകുമാർ, യു. തമ്പാൻ നായർ, മധു നർക്കല, രമേശൻ മലയാറ്റുകര, വി.കെ. രാജൻ, എം.ഡി. രാജൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.